
കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നുവെന്ന അവകാശവാദത്തോടെ ഒരു സ്ത്രീ പണമുള്ള കവർ തുറക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.
പ്രചരണം
ബിജെപിയുടെ താമര അടയാളവും നേതാവിന്‍റെ ചിത്രവുമുള്ള കവറിൽ നിന്നും ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പുറത്തെടുത്ത് ഒരു സ്ത്രീ എണ്ണിയെടുക്കുന്നത് കാണാം. കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്ന് അവകാശപ്പെട്ട് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*കർണാടക തിരഞ്ഞെടുപ്പ്.*
ഒരാൾക്ക് തന്നെ ഇത്രയും തുക നൽകണമെങ്കിൽ ഇവർ ചെലവാകുന്ന തുക എത്ര കോടിയായിരിക്കും …😲😲😲😲”
എന്നാൽ, ദൃശ്യങ്ങള്‍ കര്‍ണ്ണാടകയുമായി ബന്ധപ്പെട്ടതാണെന്ന വാദം തെറ്റാണെന്ന് ഞങ്ങൾ കണ്ടെത്തി. തെലങ്കാനയില്‍ നിന്നുള്ളതാണ് വീഡിയോ.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോയിൽ നിന്ന് കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് നടത്തിയപ്പോള്‍ ഇതേ ട്വിറ്റര്‍ വീഡിയോ ലഭിച്ചു, 2021 ഒക്‌ടോബർ 28-ന് അപ്‌ലോഡ് ചെയ്‌ത വീഡിയോയുടെ വിവരണ പ്രകാരം തെലങ്കാനയിലെ ഹുസുറാബാദ് ഉപതെരഞ്ഞെടുപ്പിൽ പണം വിതരണം ചെയ്‌ത ദൃശ്യങ്ങളാണിത്.
തെലങ്കാനയുടെ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ഇൻചാർജും പാർലമെന്‍റ് അംഗവുമായ (എംപി) മാണിക്കം ടാഗോർ ആണ് ഒക്ടോബർ 28 ന് വീഡിയോ അപ്‌ലോഡ് ചെയ്തത്. ഉപതിരഞ്ഞെടുപ്പ് വേളയിൽ പണം വിതരണം ചെയ്യുന്നുവെന്ന് ടാഗോർ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ചില വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. അത് പ്രകാരം ബിജെപിയും തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വോട്ടിനായി പണം നൽകിയെന്ന് അവകാശപ്പെടുന്ന അത്തരത്തിലുള്ള ഒന്നിലധികം വീഡിയോകൾ അക്കാലത്ത് പുറത്തുവന്നിരുന്നു.
ഞങ്ങൾ ഗൂഗിളിൽ കൂടുതല്‍ തിരഞ്ഞപ്പോൾ ന്യൂസ് മിനിറ്റ് പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ട് ലഭിച്ചു. 2021 ഒക്ടോബറിൽ തെലങ്കാനയിലെ ഹുസുറാബാദിൽ നടന്ന ഉപതെരഞ്ഞെടുപ്പിനിടെയാണ് വീഡിയോ പുറത്തുവന്നത്. 2021 ഒക്ടോബർ 30 ന് നടന്ന ഹുസുറാബാദ് ഉപതെരഞ്ഞെടുപ്പിൽ നിരവധി രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്ത പണം ലഭിക്കാത്തതിൽ പ്രതിഷേധക്കാർ തെലങ്കാനയിലെ ഹുസുറാബാദ് അസംബ്ലി നിയോജക മണ്ഡലത്തിലെ കമലാപൂർ മണ്ഡലം ഓഫീസിൽ തടിച്ചുകൂടിയതായി റിപ്പോർട്ടിൽ പറയുന്നു.
ഹുസുറാബാദ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ടിആർഎസും വോട്ടിന് പണം നൽകിയെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകളെ കുറിച്ച് 2021 ഒക്ടോബർ 28 മുതൽ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എൻവലപ്പിൽ കാണുന്ന ബിജെപി നേതാവ് തെലങ്കാനയിലെ ഏറ്റെല രാജേന്ദറാണ്. ടിആര്‍എസ് പാര്ട്ടി അംഗമായിരുന്ന ഏറ്റെല രാജേന്ദര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുകയും പിന്നീട് രാജിവ്യ്ക്കുകയും ചെയ്ത ശേഷം ബിജെപിയില്‍ ചേരുകയുമാണ് ഉണ്ടായത്. ഉപതെരെഞ്ഞെടുപ്പില്‍ ഏറ്റെല രാജേന്ദര്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കാനിറങ്ങി.
താഴെയുള്ള ചിത്രത്തിലെ ഏറ്റെല രാജേന്ദറിനെ ശ്രദ്ധിക്കുക . ഒരാള്‍ തന്നെയാണ് ഇതെന്ന് വ്യക്തമാകും.

അതായത് ഈ വീഡിയോ ദൃശ്യങ്ങള്‍ പഴയതും തെലങ്കാനയില്‍ നിന്നുള്ളതുമാണ് എന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
വൈറല്‍ വീഡിയോയിലെ ദൃശ്യങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ല. തെലങ്കാനയിലെ ഹുസുറാബാദില്‍ 2021 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പ് വേളയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. വരാനിരിക്കുന്ന കര്‍ണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:തെലങ്കാനയില്‍ നിന്നുള്ള പഴയ വീഡിയോ കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
