
വിവരണം
കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 30 വയസ്സുള്ള അബ്ദുല്‍ റഹ്മാന്‍ ഔഫ് എന്ന യുവാവിനെ കാഞ്ഞങ്ങാട് കല്ലൂരാവി മുണ്ടത്തോട് എന്ന സ്ഥലത്ത് വച്ച് 23 ന് രാത്രി 10.30 ന് അക്രമി സംഘം വെട്ടി കൊലപ്പെടുത്തുകയാണുണ്ടായത്. രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് കാഞ്ഞങ്ങാട് ഹര്‍ത്താല്‍ ആചരിക്കുകയും പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ആണെന്ന് പറയപ്പെടുന്നു.
ഈ സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ചില പോസ്റ്റുകള്‍ പ്രചരിച്ചു തുടങ്ങി. അവയിലൊന്നാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ചാനല്‍ വാര്‍ത്തയുടെ മൂന്നു നാല് സ്ക്രീന്‍ ഷോട്ട് രൂപത്തിലാണ് വാര്‍ത്ത. വാചകങ്ങള്‍ ഇങ്ങനെ: “മരണ ശേഷം മെമ്പര്‍ഷിപ്പ് നല്‍കി സിപിഎം… കാസര്‍ഗോഡ് കുത്തേറ്റ് മരിച്ച ഐ എന്‍ എല്‍ പ്രവര്‍ത്തകനാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്. എസ് എസ് എഫ് പ്രവര്‍ത്തകനേ ചെങ്കൊടി പുതപ്പിച്ചതിലും അതൃപ്തി. യാസീന്‍ പാരായണവും മുടങ്ങി… “
ഒപ്പം സിറാജ് എന്ന പത്രത്തിലെ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ് ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു എന്ന തലക്കെട്ടില്‍ അബ്ദുല്‍ റഹ്മാന്റെ ചിത്രം നല്‍കിയിട്ടുണ്ട്. വാര്‍ത്തയുടെ വിവരണവുമുണ്ട്.
കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാന്‍ ഇടതുപക്ഷക്കാരന്‍ അല്ലെന്നും ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ ആണെന്നുമാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാദഗതി. പാര്‍ട്ടിയുടെ റേറ്റിംഗ് കൂട്ടാനായി അബ്ദുല്‍ റഹ്മാന്റെ കൊലപാതകം പാര്‍ട്ടി ഉപയോഗിക്കുകയാണ് എന്നാണ് പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന സന്ദേശം. ഫാക്റ്റ് ക്രെസണ്ടോ ഇക്കാര്യത്തെ പറ്റി അന്വേഷിച്ചു. പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് കണ്ടെത്തുകയും ചെയ്തു. വിശദാംശങ്ങള്‍ പങ്കുവയ്ക്കാം
വസ്തുതാ വിശകലനം
ഞങ്ങള്‍ വാര്‍ത്തയെ കുറിച്ച് ഓണ്‍ലൈനില്‍ അന്വേഷിച്ചപ്പോള്‍ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ സംഭവത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ചില വാര്‍ത്തകള്‍ ലഭിച്ചു.
അതിലെ വിവരണ പ്രകാരം കൊല്ലപ്പെട്ട വ്യക്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്.
ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിക്ക് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്: “മരിച്ച അബ്ദുല്‍ റഹ്മാന്‍ വര്‍ഷങ്ങളായി ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. ഇക്കാര്യം അന്നാട്ടിലെ എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടിയുടെ വിവിധ പരിപാടികളില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അതിന്റെയൊക്കെ ചിത്രങ്ങളുമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയതു കൊണ്ടാണ് പാര്‍ട്ടി ഇതില്‍ ഇടപെടുന്നത്.”
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഞങ്ങള്‍ക്ക് അയച്ചു തന്ന ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു:
“കേന്ദ്രസർക്കാരിനെതിരെ 8 ആവശ്യങ്ങൾ ഉന്നയിച്ച് cpim നടത്തിയ വീട്ട് മുറ്റ സത്യഗ്രഹത്തിൽ പങ്കെടുക്കുന്നു.”
കൂടാതെ കാഞ്ഞങ്ങാട് നഗരസഭയുടെ വാര്‍ഡ് 35 ല്‍ നിന്നും എല്‍ ഡി എഫ് സീറ്റില്‍ വിജയിച്ച ഫൌസിയ ശരീഫ് തന്‍റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന് അബ്ദുല്‍ റഹ്മാന്‍ ഔഫിന് സ്മരണാഞ്ജലി തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഞങ്ങള്‍ ഫൌസിയയുടെ ഫേസ്ബുക്ക് പേജില്‍ തിരഞ്ഞപ്പോള്‍ താഴെ കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ ലഭിച്ചു.
ചിത്രങ്ങളില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാനെ ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുതിയിട്ടുണ്ട്. ഫൌസിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സജീവ സാന്നിധ്യമായിരുന്നു അബ്ദുല്‍ റഹ്മാന്‍ ഔഫ് എന്നാണ് അവര്‍ എഴുതിയിട്ടുള്ളത്.
കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘത്തിന്‍റെ മേധാവി അനില്‍ കുമാര്‍ എന്ന പോലീസ് ഓഫീസറുമായി ഞങ്ങള്‍ സംസാരിച്ചു: അന്വേഷണം ആരംഭിചിട്ടേയുള്ളൂ. അന്വേഷണ ശേഷം മാത്രമേ കൊലപാതകത്തിന്റെ കാരണമെന്താണെന്നും രാഷ്ട്രീയമെന്താണെന്നും വെളിപ്പെടുത്താന്‍ സാധിക്കൂ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഏതായാലും കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാന്‍ ഔഫ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇദ്ദേഹം ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ ആണ് എന്ന് യാതൊരു തെളിവുകളുമില്ല. ഈ വ്യക്തി എസ് വൈ എസ് പ്രവര്‍ത്തകനും ആയിരുന്നു
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാന്‍ ഔഫ് എന്ന യുവാവ് ഇടതുപക്ഷ പ്രവര്‍ത്തകനല്ല എന്ന പ്രചരണം തെറ്റാണ്. ഇദ്ദേഹം ഡിവൈ എഫ് ഐ പ്രവര്‍ത്തകനായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വാര്‍ഡ് 35 ല്‍ നിന്നും വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഫൌസിയ ശരീഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് അബ്ദുല്‍ റഹ്മാന്‍ ഔഫ് ഒടുവില്‍ പങ്കെടുത്തത്.

Title:കാസര്‍ഗോഡ് കൊല്ലപ്പെട്ട യുവാവ് വര്‍ഷങ്ങളായി ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്…
Fact Check By: Vasuki SResult: False
