വിവരണം

ഇതാ ചൈനയുടെ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിയ്ക്കുന്നത് കണ്ടോളു.. എന്ന തലക്കെട്ട് നല്‍കി ഒരു റോക്കറ്റ് താഴേക്ക് വീണ് പൊട്ടിത്തെറിക്കുന്നതു ഈ കാഴ്ച്ച കടല്‍തീരത്ത് നിന്ന് ജനക്കൂട്ടം വീക്ഷിക്കുന്നതുമായ ഒരു 18 സെക്കന്‍ഡ് വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഹരിദാസ് നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 256ല്‍ അധികം റിയാക്ഷനുകളും 2,700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

ഇതാണ് പ്രചരിക്കുന്ന വീഡിയോ-

Facebook PostArchived Link

എന്നാല്‍ ഇത് നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിക്കുമെന്ന് ലോകരാജ്യങ്ങള്‍ ആശങ്കപ്പെട്ടിരുന്ന ചൈനയുടെ ലോങ്മാര്‍ച്ച് 5ബി എന്ന റോക്കറ്റ് പൊട്ടിത്തെറിക്കുന്ന വീഡിയോ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ യൂട്യൂബില്‍ ‘Rocket explodes’ എന്ന കീവേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ വീഡിയോയുടെ പൂര്‍ണ്ണരൂപം അതായത്, 1:19 മിനിറ്റുകളുള്ള മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് (2021 ഫെബ്രുവരി 4) ഇന്‍ഫിനിറ്റ് സ്പേസ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. SpaceX Starship SN9 Launch, Landing, Explosion & Viewer Reactions! എന്നതാണ് വീഡിയോയുടെ തലക്കെട്ട്. അതായത്, ഫെബ്രുവരി മാസത്തില്‍ ലോഞ്ച് ചെയ്തപ്പോള്‍ തന്നെ തിരികെ നിലംപതിച്ച ലോക പ്രശ്സതനായ ഇലോണ്‍ മസ്‌കിന്‍റെ ബഹിരാകാശ ദൗത്യമായ സ്പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് എസ്എന്‍ 9 പൊട്ടിത്തെറിക്കുന്ന വീഡിയോയാണിതെന്ന് വ്യക്തമായി കഴിഞ്ഞു. 8.6 മില്യണ്‍ പേരാണ് ഇതിനോടകം യൂട്യൂബില്‍ ഈ വീഡിയോ കണ്ടിട്ടുള്ളത്. യൂട്യൂബ് വീഡിയോയുടെ അവസാന 18 സെക്കന്‍ഡുകള്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് പതിച്ച് പൊട്ടിത്തെറിക്കുന്ന ഭാഗം മാത്രം ക്രോപ്പ് ചെയ്ത് എടുത്താണ് ചൈനയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്ന വീഡിയോ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്.

യൂട്യൂബ് കീ വേര്‍ഡ് സെര്‍ച്ച് റിസള്‍ട്ട് (സ്ക്രീന്‍ഷോട്ട്)-

ഇന്‍ഫിനിറ്റ് സ്പേസ് എന്ന യൂട്യൂബ് ചാനലില്‍ ഫെബ്രുവരിയില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന യഥാര്‍ത്ഥ വീഡിയോ-

SpaceX Starship SN9 എന്ന കീവേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന സി നെറ്റ് എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ വിവരങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചു. സെര്‍ച്ച് റിസള്‍ട്ട്-

വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്-

2021 ഫെബ്രുവരി രണ്ടിനാണ് ഇലോണ്‍ മസ്‌കിന്‍റെ ചൊവ്വാഗ്രഹ ദൗത്യമായ സ്റ്റാര്‍ഷിപ്പ് എസ്എൻ 9 എന്ന റോക്കറ്റ് അമേരിക്കയിലെ ടെക്‌സാസിലെ ബോകാ ചിക്കിയില്‍ നിന്നും നിന്നും ലോഞ്ച് ചെയ്തത്. വെറും പത്ത് കിലോമീറ്റര്‍ ദൂരം മുകളിലേക്ക് ഉയര്‍ന്ന റോക്കറ്റ് സാങ്കേതിക പിഴവ് മൂലം ലോഞ്ച് ചെയ്ത അതെ സ്ഥാനത്തേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

സി നെറ്റിന്‍റെ വാര്‍ത്ത റിപ്പോര്‍ട്ട് ഇതാണ്-

CNET News ArticleArchived Link

അതെസമയം ചൈനയുടെ ലോങ് മാര്‍ച്ച് 5ബി എന്ന റോക്കറ്റ് ശനിയാഴ്ച്ച (മെയ് 8, 2021) രാത്രിയോടെ ശ്രീലങ്കയ്ക്കും മാല്‍ദീവ്‌സിനും സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഇതിന്‍റെ വീഡിയോ, ചിത്രങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. ജനവാസ കേന്ദ്രങ്ങളില്‍ ഒന്നും തന്നെ വീഴാതെ സമുദ്രത്തില്‍ പതിച്ച് വലിയ ആശങ്കകള്‍ക്ക് അറുതിയായി. ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. NDTV റിപ്പോര്‍ട്ട് കാണാം-

NDTV NewsArchived Link

നിഗമനം

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് സ്പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് എസ്എൻ 9 എന്ന റോക്കറ്റ് ടെക്‌സാസില്‍ നിന്നും ലോഞ്ച് ചെയ്തതിന് പിന്നിലെ നിലംപതിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോയാണ് ചൈനയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. ചൈനയുടെ റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശനിയാഴ്ച്ച രാത്രിയിലാണ് പതിച്ചത്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ചൈനയുടെ റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False