ആര്‍എസ്എസുമായി സഖ്യമുണ്ടാക്കാന്‍ മോഹന്‍ ഭാഗവത്തിനെ കാണുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞിട്ടില്ലാ.. വസ്‌തുത അറിയാം..

Update: 2024-09-13 16:09 GMT

വിവരണം

എഡിജിപി എം.ആര്‍.അജിത്ത് കുമാറിനെതിരായ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. എഡിജിപി ആര്‍എസ്എസിന്‍റെ ഇടനിലക്കാരനാണെന്നും തൃശൂര്‍ പൂരം കലക്കാന്‍ ആര്‍എസഎസുമായി ഗൂഢാലോചന നടത്തിയെന്ന് വരെയുള്ള ആരോപണങ്ങള്‍ അന്‍വര്‍ ഉന്നയിച്ചിരുന്നു. പ്രതിപക്ഷം സിപിഎമ്മിനെതിരെയും ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിരല്‍ ചൂണ്ടിയരുന്നു. സിപിഎമ്മിനും പിണറായി വിജയനും വേണ്ടിയാണ് ആര്‍എസ്എസുമായി ഇടനിലക്കാരനായി എഡിജിപി നിന്നതെന്ന ആരോപണമാണ് പ്രതപിക്ഷം ഉയര്‍ത്തിയത്.

എന്നാല്‍ ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രാഷ്ട്രീയ കേരളത്തെ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി.. ആര്‍എസഎസ് സഖ്യമുണ്ടാക്കാന്‍ വേണ്ടി വന്നാല്‍ മോഹന്‍ ഭാഗവതിനെ തന്നെ കാണുമെന്ന് ഗോവിന്ദന്‍… എന്ന തലക്കെട്ട് നല്‍കിയാണ് പ്രചരണം. പി.സി.പുലാമന്തോള്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് -




Facebook Post

Archived Screenshot


എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇത്തരത്തിലൊരു വിവാദ പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും മുഖ്യധാര മാധ്യമങ്ങള്‍ ഒന്നും തന്നെ വാര്‍ത്ത നല്‍കിയില്ലായെന്ന് സ്ഥരീകരിക്കാന്‍ കഴിഞ്ഞു. പിന്നീട് കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തപ്പോള്‍ മനോരമ ഓണ്‍ലൈന്‍ പങ്കുവെച്ച ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ആര്‍എസ്എസുമായി സംസാരിക്കാന്‍ എ‍ഡിജിപിയെ ആശ്രയിക്കേണ്ട ഗതികേഡ് സിപിഎമ്മിനില്ലായെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു എന്നതാണ് വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്ത വിശദമായി പരിശോധിച്ചതില്‍ നിന്നും ഗോവിന്ദന്‍ സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന് നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്-

പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ആര്‍എസ്എസുമായി ഡീല്‍ ഉണ്ടാക്കണമെങ്കില്‍ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലാ. ഡീല്‍ ഉണ്ടാക്കണമെങ്കില്‍ മോഹന്‍ ഭാഗവതിനെ (ആര്‍എസ്എസ് സര്‍സംഘചാലക്) നേരിട്ട് കണ്ടാല്‍ പോരെയെന്നായിരുന്നു ഗോവിന്ദന്‍റെ മറുപടി. പ്രസംഗത്തില്‍ എവിടെയും എം.വി.ഗോവിന്ദന്‍ ആര്‍എസ്എസുമായി സഖ്യമുണ്ടാക്കുമെന്ന് പറഞ്ഞതായി വ്യക്തമാക്കിയിട്ടില്ലാ.

മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് -






Manorama Online


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍റര്‍ ഓഫിസ് സെക്രട്ടറിയായും ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. എം.വി.ഗോവിന്ദന്‍ ഇത്തരത്തിലൊരു പ്രസ്താവന ഒരു പൊതുവേദിയിലോ കമ്മിറ്റികളിലോ പറഞ്ഞിട്ടില്ലാ. പ്രചരണം വ്യാജമാണെന്നും അവര്‍ പ്രതികരിച്ചു.

നിഗമനം

ആര്‍എസ്എസ് സര്‍സംഘചാലകായ മോഹന്‍ ഭാഗവതുമായി ഡീല്‍ ഉറപ്പിക്കാന്‍ സിപിഎമ്മിന് എഡിജിപിയെ ഇടനിലക്കാരനാക്കേണ്ട ഗതികേട് സിപിഎമ്മിനില്ലായെന്നും അങ്ങനെ വേണമെങ്കില്‍ നേരിട്ട് മോഹന്‍ ഭാഗവത്തിനെ കണ്ടാല്‍ പോരെയെന്നായിരുന്നു എം.വി.ഗോവിന്ദന്‍റെ വാക്കുകള്‍. ഈ വാചകം വളച്ചൊടിച്ചാണ് സിപിഎം ആര്‍എസ്എസുമായി സഖ്യമുണ്ടാക്കുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാമെന്ന് അനുമാനിക്കാം.

Claim :  സിപിഎം ആര്‍എസ്എസുമായി സഖ്യമുണ്ടാക്കാന്‍ വേണ്ടിവന്നാല്‍ മോഹന്‍ ഭാഗവത്തിനെ കാണുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.
Claimed By :  Social Media User
Fact Check :  MISLEADING
Tags:    

Similar News