ദൃശ്യങ്ങളിലെ സസ്യത്തിന്റെ കായ തീപ്പെട്ടിക്കൊള്ളി കത്തിക്കുന്നത് വെറും കണ്കെട്ട് വിദ്യ... പാണ്ഡവര ബട്ടി എന്ന സസ്യത്തിന്റെ പേരില്‍ വ്യാജ പ്രചരണം...
Claim : ദൃശ്യങ്ങളില്‍ കാണുന്നത് പാണ്ഡവര ബട്ടി എന്ന സസ്യമാണ്. ഇതിന്‍റെ കായയുടെ സമീപത്ത് തീപ്പെട്ടിക്കൊള്ളി കാണിച്ചാല്‍ ഉടന്‍ തീപിടിപ്പിക്കാന്‍ ചെടിയുടെ കായക്ക് കഴിവുണ്ട്
Fact : ദൃശ്യങ്ങളില്‍ കാണുന്ന സസ്യം പാണ്ഡവര ബട്ടിയല്ല, അലക്കുചേരാണ്. ഈ രണ്ടു സസ്യങ്ങള്‍ക്കും തീ കത്തിക്കാനുള്ള കഴിവില്ല. മാത്രമല്ല, പ്രകൃതിയില്‍ ഒരു സസ്യത്തിന് പോലും തീ കത്തിക്കാനുള്ള കഴിവില്ലെന്ന് വിദഗ്ദ്ധര്‍ അറിയിച്ചിട്ടുണ്ട്
Rating : FALSE
പ്രകൃതിയില്‍ നമ്മളെ വിസ്മയിപ്പിക്കുന്ന സൃഷ്ടികള്‍ മനുഷ്യ ഗണത്തില്‍ മാത്രമല്ല, സസ്യ-ജന്തുജാലങ്ങളിലുമുണ്ട്. കുഞ്ഞിനെ വയറിന് പുറത്തുള്ള സഞ്ചിയില്‍ ചുമക്കുന്ന കങ്കാരു, ഏതൊരു കലാകാരനും തോറ്റുപോകുന്ന വര്‍ണ്ണ വിസ്മയങ്ങളുള്ള ചിത്രശലഭങ്ങള്‍, ജന്തുക്കളെ ഭക്ഷിക്കുന്ന മാംസഭോജി സസ്യങ്ങള്‍ തുടങ്ങിയവയെല്ലാം നാം കണ്ടിട്ടുള്ള പ്രകൃതിയിലെ വിസ്മയങ്ങളാണ്. തീ കത്തിക്കാന്‍ ശേഷിയുള്ള അത്ഭുത സസ്യം എന്നവകാശപ്പെട്ട് ഈയിടെ ഒരു ചെടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ദൃശ്യങ്ങളില്‍ ഒരു ചെടിയില്‍ അലങ്കാര ബള്‍ബുകള്‍ക്ക് സമാനമായ വെളുത്ത കായകള്‍ കാണാം. ഒരാള്‍ ചെടിയുടെ കായയുടെ സമീപം തീപ്പെട്ടിക്കൊള്ളി കൊണ്ടുവരുമ്പോൾ, കൊള്ളി സ്വയം കത്തുന്നതായി കാണാം. പിന്നീട് അയാള്‍ കായ ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട ശേഷം ഗ്ലാസ്സിന് സമീപത്ത് തീപ്പെട്ടിക്കൊള്ളി കൊണ്ടുവച്ചപ്പോള്‍ അത് കത്തുന്നതായും കാണാം. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഈ ചെടിയുടെ പഴത്തിന് സമീപം തീപ്പെട്ടിക്കൊള്ളി കാണിച്ചാൽ അത് യാതൊരു ഘർഷണവും കൂടാതെ തന്നെ തനിയെ കത്തും. _പാണ്ഡവപട്ടി_ എന്നാണ് ഈ മരത്തിന്റെ പേര് എന്ന് കേൾക്കുന്നു.. ഇതിനെ പറ്റി നിങ്ങൾ നേരത്തെ കേട്ടിട്ടില്ലല്ലൊ അതുകൊണ്ടാണ് പ്രകൃതി വിസ്മയങ്ങളുടെ കലവറയാണ് എന്ന് പറയുന്നത്”
എന്നാൽ ഈ അവകാശവാദം തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ വീഡിയോ വിവിധ ഭാഷകളില്‍ ഒരു വര്‍ഷത്തിന് മുകളിലായി പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി. തീപ്പെട്ടിക്കൊള്ളി അടുത്ത് കൊണ്ടുപോയാൽ തീ പിടിപ്പിക്കാന്‍ ഇത്തരത്തില്‍ കഴിവുള്ള ഒരു ചെടി പ്രകൃതിയിലില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കൂടാതെ, ഞങ്ങള്‍ വിവിശദാംശങ്ങള്‍ക്കായി എറണാകുളം ഓടക്കാലിയിലെ ഔഷധസസ്യ ഗവേഷണ കേന്ദ്രം മേധാവിയും പ്രൊഫസറുമായ ഡോ. ആന്‍സി ജോസഫുമായി സംസാരിച്ചു. പ്രചരണം തെറ്റാണെന്നും പ്രകൃതിയില്‍ ഒരു സസ്യത്തിന് പോലും ഇങ്ങനെ തീ പിടിപ്പിക്കാനുള്ള കഴിവില്ലെന്നും അവര്‍ വിശദമാക്കി. മാത്രമല്ല ഈ ദൃശ്യങ്ങളില്‍ കാണുന്നത് വീഡിയോയുടെ വിവരണത്തില്‍ പറയുന്നതുപോലെ പാണ്ഡവര ബട്ടി എന്ന സസ്യമല്ല എന്നും ആന്‍സി ജോസഫ് അറിയിച്ചു. ഇത് ചേര് എന്ന പേരില്‍ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്ന മരത്തിന്‍റെ കായയാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.“ ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പല വെബ്സൈറ്റുകളിലും സെമികാർപ്പസ് അനാകാർഡിയം എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന അലക്കുചേരിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അലക്കുകാര്‍ ഇതിന്‍റെ കായ ഉപയോഗിച്ചിരുന്നു എന്നാണ് പറയുന്നത്. മെഡിസിനല്‍ പ്ലാന്‍റ്സ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ നല്കിയിരിക്കുന്ന അലക്കു ചേരിന്റെ ഇലകളും കായകളും ശ്രദ്ധിക്കുക:
വീഡിയോയില്‍ പരാമര്‍ശിക്കുന്ന പേരുള്ള പാണ്ഡവര ബട്ടി എന്ന പേരിലറിയപ്പെടുന്ന ചെടിയുടെ ശാസ്ത്രീയ നാമം കാലികാർപ ടോമെന്‍റോസ എന്നാണ്. വനവാസത്തിനിടയില്‍ പാണ്ഡവർ വെട്ടത്തിനായി ഈ മരത്തിന്റെ ഇലകളിൽ എണ്ണ പുരട്ടി കത്തിച്ചതായി ഐതിഹ്യങ്ങളിൽ പറയുന്നു. അതുകൊണ്ടാണ് ഇതിന് പാണ്ഡവരുടെ പന്തം അഥവാ പാണ്ഡവ ബട്ടി എന്ന പേര് ലഭിച്ചത് എന്നു പറയപ്പെടുന്നു. https://plantsinformation.com/the-secret-of-pandavara-batti-plant-used-as-torch-by-pandavas/ പ്ലാന്‍റ്സ് ഇന്‍ഫൊര്‍മേഷന്‍ എന്ന വെബ്സൈറ്റില്‍ ചിത്രവും വിവരണവുമുണ്ട്:
വീഡിയോയില്‍ തീപ്പെട്ടിക്കൊള്ളിക്ക് തീ പിടിക്കുന്നതായി കാണിക്കുന്നത് മറ്റെന്തെങ്കിലും കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ്. ഏതായാലും ഈ സസ്യത്തിന് ഇങ്ങനെ തീ പിടിപ്പിക്കാന്‍ കഴിവില്ല എന്ന് വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന സസ്യം അലക്കുചേരാണ്. പാണ്ഡവര ബട്ടിയല്ല. ഈ രണ്ടു സസ്യങ്ങള്‍ക്കും തീ കത്തിക്കാനുള്ള കഴിവില്ല. മാത്രമല്ല, പ്രകൃതിയില്‍ ഒരു സസ്യത്തിന് പോലും തീ കത്തിക്കാനുള്ള കഴിവില്ലെന്ന് വിദഗ്ദ്ധര്‍ അറിയിച്ചിട്ടുണ്ട്.
Claim Review : ദൃശ്യങ്ങളില്‍ കാണുന്നത് പാണ്ഡവര ബട്ടി എന്ന സസ്യമാണ്. ഇതിന്‍റെ കായയുടെ സമീപത്ത് തീപ്പെട്ടിക്കൊള്ളി കാണിച്ചാല്‍ ഉടന്‍ തീപിടിപ്പിക്കാന്‍ ചെടിയുടെ കായക്ക് കഴിവുണ്ട്
Claimed By : Social Media users
Fact Check : FALSE
Next Story