വിവരണം

കോഴിക്കോട് നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെയാണ് സര്‍ക്കാരും ആരോഗ്യ വിഭാഗവുമെല്ലാം പ്രവര്‍ത്തിച്ചു വരുന്നത്. നിലവില്‍ വൈറസ് വ്യാപനത്തിന് സാധ്യതയില്ലെന്നും നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് മാധ്യമങ്ങളോട് പ്രിതകരിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ നിപയുടെ ഉറവിടം കണ്ടെത്തിയെന്നും ഇത് അടക്കയില്‍ നിന്നുമാണെന്ന് ഒരു വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതെ സന്ദേശം ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 27ല്‍ അധികം റിയാക്ഷനുകളും 129ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. പ്രചരണത്തലെ വാചകം ഇങ്ങനെയാണ്- സഹോദരങ്ങളെ.... ഷെയർ പ്ലീസ്

വവ്വാൽ കടിക്കുന്ന അടക്കയിൽ നിന്നാണ് നിപ്പ വൈറസ് പകരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.. മരുതോക്കരയിലെ നിപ്പ ബാധിച്ചു മരിച്ചയാളുടെ വീട്ടിലെ അടക്ക പരിശോധിച്ചപ്പോൾ വൈറസ് സാന്നിധ്യം കണ്ടെത്തി ഒരു കാരണവശാലും അടക്ക എടുക്കുകയോ സ്പർശിക്കുകയോ ചെയ്യരുത് എല്ലാവരിലേക്കും ഈ മെസ്സേജ് എത്തിക്കുക...

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം -

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോഴിക്കോട് ഇത്തവണ നിപ ആദ്യം സ്ഥിരീകരിച്ചു മരണപ്പെട്ട വ്യക്തിയുടെ വീട്ടിലെ അടയ്ക്ക പരിശോധിച്ചതില്‍ നിന്നും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

നിപ വൈറസ് അടയ്ക്കയില്‍ നിന്നുമാണ് പകര്‍ന്നതെന്ന സന്ദേശത്തിന്‍റെ വസ്‌തുത അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കോഴിക്കോട് ജില്ലയിലെ നിപ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇപ്രാരമാണ് - നിപ വൈറസ് സാന്നിധ്യം അടയ്ക്കയില്‍ നിന്നുമാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന് നിലവില്‍ യാതൊരു അടസ്ഥാനവുമില്ലാ. അത്തരത്തിലൊരു പരിശോധന ഫലം നിലവില്‍ ലഭ്യമായിട്ടില്ലാ. കോഴിക്കോട് നിപ സ്ഥിരീകരിച്ച മേഖലകളില്‍ നിന്നും വവ്വാലുകളെ പിടികൂടിയും ഇവയുടെ ഭക്ഷണ അവശിഷ്ടങ്ങളും പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലാ. ഇല്ലാത്ത റിപ്പോര്‍ട്ടിന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്ന സന്ദേശമാണിതെന്നും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കണ്‍ട്രോള്‍ സെല്ല് അധികൃതര്‍ വ്യക്തമാക്കി.

മാത്രമല്ലാ കാര്‍ഷിക വിഭവങ്ങള്‍ ശേഖരിക്കുന്നതിന് നിലവില്‍ യാതൊരു വിലക്കുകളും ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടില്ലാ. കാര്‍ഷിക വിഭവങ്ങള്‍ ശേഖരിക്കുന്നവര്‍ കട്ടിയുള്ള കയ്യുറ ധരിക്കണമെന്നും ശേഷം കൈ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും ജില്ലാ ഭരണകൂടം മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാര്‍ഷിക വിഭവങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റെ മാര്‍ഗ നിര്‍ദേശം-

FB Post - Collector Kozhikode

കോഴിക്കോട് കുറ്റ്യാടി ദേവര്‍ കോവില്‍ പ്രദേശത്ത് നിന്നും വവ്വാലുകളെയും അവയുടെ ഭക്ഷ്യാവശിഷ്ടങ്ങളും ശേഖരിക്കുന്ന കേന്ദ്രസംഘവും അനിമൽ ഡിസീസ് കൺട്രോൾ വിഭാഗവും -

FB Post - Collector Kozhikode

നിഗമനം

കോഴിക്കോട് നിപബാധയെ തുടര്‍ന്ന് മരണപ്പെട്ട വീടിന്‍റെ പരിസരത്ത് നിന്നും ശേഖരിച്ച അടയ്ക്കയില്‍ നിന്നും നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം അടിസ്ഥാനരഹിതമാണെന്നും ഇത്തരത്തിലൊരു പരിശോധന ഫലം ലഭിച്ചിട്ടില്ലായെന്നും നിപ കണ്‍ട്രോള്‍ സെല്‍ തന്നെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:നിപയുടെ ഉറവിടം അടയ്ക്കയില്‍ നിന്നുമാണെന്ന് കണ്ടെത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False