സമൂഹ മാധ്യമങ്ങളില്‍ ഒരു തകർന്ന പാലത്തിന്റെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി പറഞ്ഞ ‘സ്പേസ് ടെക്നോളജി’ കൊണ്ട് ഉണ്ടാക്കിയ പാലം ദേ തകർന്നു കിടക്കുന്നു എന്ന തരത്തിലാണ് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്.

പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook | Archived ഇങ്ങനെയാണ്: “താടിജിയുടെ സ്പേസ് ടെക്നോളജി 😎

#ModiyudeGuarantee #ModiKiGuarantee 🥴”. ലോകസഭയിൽ പ്രസംഗിക്കുമ്പോൾ ഒരിക്കൽ പ്രധാനമന്ത്രി മോദി പറഞ്ഞരുന്നു, “ഞങ്ങൾ റോഡ് നിർമാണത്തിന് സ്പേസ് ടെക്നോളജി ഉപയോഗിച്ചിട്ടുണ്ട് ” എന്ന്. ഈ പ്രസ്താവനയെ അപഹസിക്കുന്നതാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.

എന്നാൽ ശരിക്കും ഈ പാലം നിർമിച്ചത് കേന്ദ്ര സർക്കാരാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ ഗൂഗിളിൽ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തിൽ ലഭിച്ച ഫലങ്ങളിൽ ഞങ്ങൾക്ക് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു. വാർത്ത പ്രകാരം ഈ പാലം ഗോവയെ കാർവാറുമായി ബന്ധിപ്പിക്കുന്ന പാലമാണ്. കാളി നദിയുടെ മുകളിലുണ്ടാക്കിയ ഈ പാലത്തിന്റെ പേര് കാർവാർ കാളി പാലം എന്നായിരുന്നു.

വാർത്ത വായിക്കാൻ - TOI | Archived

വാർത്ത പ്രകാരം ഈ പാലം 40 കൊല്ലം പഴയതാണ്. ഈ പാലത്തിന്റെ ഉദ്ഘാടനം 1982ലാണ് നടന്നത്. ഈ പാലം സഞ്ചരിക്കാൻ സുരക്ഷിതമല്ല എന്ന് വിലയിരുത്തിയത്തിന് ശേഷം 2011ൽ പാലം അടച്ചിരുന്നു. പക്ഷെ ജനങ്ങളുടെ സമ്മർദം കാരണം ചെറിയ റിപ്പെയറുകൾ നടത്തി പാലം വീണ്ടും പൊതുഗതാഗതത്തിനായി തുറന്നു കൊടുത്തു. ഈ കാര്യവും വാർത്തയിൽ വ്യക്തമാകുന്നുണ്ട്.

ഓഗസ്റ്റ് 7ന് സംഭവിച്ച ഈ സംഭവത്തിൽ ഒരു ട്രക്ക് ഡ്രൈവറിന് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ ഒരു FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പാലം NH-66 ദേശിയ പാതയിലായിരുന്നു. ഈ പാലത്തിന്റെ തൊട്ടു സമീപം പുതിയൊരു പാലം പണിതിട്ടുണ്ട്. ഈ പാലം നമുക്ക് പ്രസ്തുത വീഡിയോയിലും കാണാം. ഈ സംഭവത്തിന്റെ മുകളിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധികരിച്ച വാർത്ത വീഡിയോ നിങ്ങൾക്ക് താഴെ കാണാം.

നിഗമനം

ഇന്ത്യയിൽ സ്പേസ് ടെക്നോളജി ഉപയോഗിച്ച് മോദി സർക്കാർ നിർമിച്ച പാലം തകർന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 40 വർഷം മുമ്പ് കെട്ടിയ ഒരു പാലമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

Claim Review :   ഇന്ത്യയിൽ സ്പേസ് ടെക്നോളജി ഉപയോഗിച്ച് മോദി സർക്കാർ നിർമിച്ച പാലം തകർന്ന് കിടക്കുന്ന ദൃശ്യങ്ങൾ.
Claimed By :  Social Media User
Fact Check :  FALSE