കൊക്കക്കോളയുടെ രുചിയുമായി വിപണിയില്‍ ലഭ്യമായ കോളകോള എന്ന മിഠായിയില്‍ മദ്യത്തില്‍ ചേര്‍ക്കുന്ന രാസവസ്തു ചേര്‍ത്തിട്ടുണ്ട് എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

പ്രചരണം

കോളകോള എന്നയിനം മിഠായിയില്‍ ലഹരിയുണ്ടാക്കുന്ന ചേരുവ അടങ്ങിയിരിക്കുന്നു എന്നാണ് പോസ്റ്റിലെ വീഡിയോയില്‍ ഇതിനെ കുറിച്ച് വിശദീകരിക്കുന്ന വ്യക്തി പറയുന്നത്.

“ഇത് മാതാപിതാക്കൾക്ക് വേണ്ടിയുള്ള വീഡിയോയാണ് എന്‍റെ കയ്യിൽ ഇരിക്കുന്ന ഈ രണ്ട് മിഠായികൾ ശ്രദ്ധിക്കുക, ഇവിടെ സുലഭമായി കിട്ടും. ഒരു കവറിന് ഒരു രൂപ മാത്രമേ ഉള്ളൂ ഒറ്റനോട്ടത്തിൽ ഇത് കൊക്കോകോള കമ്പനിയാണ് ഇറക്കിയിരിക്കുന്നത് എന്ന് തോന്നും. പക്ഷേ കൊക്കോകോള കമ്പനിയുടെതല്ല കോളകോള ജൂസി ഫ്രൂട്ട് ബോൾസ് എന്നാണ് എഴുതിയിരിക്കുന്നത്. ഇൻഡോറിലുള്ള കെംകോ ഗ്രൂപ്പിന്‍റെതാണ്. ആപ്പി ഫിസിന്‍റെയും കൊക്കകോളയുടെയും അതേ ഡിസൈനിൽ ആളുകളെ പറ്റിക്കാനായി ഉദ്ദേശിച്ചാണ് ഇറക്കിയിട്ടുള്ളത്. ചെറിയ കുട്ടികൾ ഇത് വാങ്ങി കഴിച്ചു കഴിയുമ്പോൾ വീണ്ടും വീണ്ടും വാങ്ങി കഴിക്കാനുള്ള ഒരു രുചിയാണ് ഇതിന്. പെട്ടെന്ന് കടിച്ചു പൊട്ടിക്കുകയാണെങ്കിൽ പെട്ടെന്ന് തലയ്ക്ക് പിടിക്കുന്നത് പോലെ തോ ന്നും. മിറിൻഡയുടേയും പേരിലും ഒരു പ്രോഡക്റ്റ് ഉണ്ട്. ഇനി മറ്റൊരു പ്രോഡക്റ്റും ഉണ്ട് എല്ലാം ഗ്രൂപ്പിന്‍റെതാണ് എന്നാൽ ഇവയ്ക്കൊന്നും ആപ്പി ഫിസുമായോ അല്ലെങ്കിൽ കൊക്കോകോളയും മിറിന്‍ഡ ആയിട്ടുമോ ഒന്നും യാതൊരു ബന്ധവുമില്ല. കുട്ടികളെ പറ്റിക്കാനായി ആ രൂപത്തിൽ ഇറക്കിയിട്ടുള്ളതാണ്.

ആരും ഇതുവാങ്ങി കഴിക്കരുത് എന്നു പറയാനുള്ള കാരണം ഇതില്‍ ബെസ്റ്റ് ബിഫോര്‍ 12 മന്ത്സ് ഫ്രം മാനുഫാക്ചറിംഗ് ഡേറ്റ് എന്നെഴുതിയിട്ടുണ്ട്, എന്നാല്‍ മാനുഫാക്ചറിംഗ് ഡേറ്റോ എക്സ്പെയറി ഡേറ്റോ ഇല്ല. പിന്നെ നമ്മള്‍ എങ്ങനെ അത് മനസിലാക്കും?

ഇത് കഴിച്ചു കഴിഞ്ഞാല്‍ നമ്മുടെ കുട്ടികള്‍ക്ക് ഭാവിയില്‍ എന്തൊക്കെ പ്രശ്നമുണ്ടാകുമെന്ന് പറയാനാകില്ല. കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന ഇന്‍ഗ്രീഡിയന്‍സിനകത്ത് പെര്‍മിറ്റഡ് സിന്തറ്റിക് ഫുഡ് കളര്‍ E 150 എന്നൊന്നുണ്ട്. ഇത് മദ്യങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒരുതരം വസ്തുവാണ്. അതിനു കൂടുതല്‍ ഇഫക്ട് കിട്ടാന്‍ വേണ്ടി റം, ബ്രാണ്ടി പോലുള്ള മദ്യങ്ങളില്‍ ഉപയോഗിക്കുന്നതാണ്. അത് ഈ മിഠായിയില്‍ ചേര്‍ത്തിട്ടുണ്ട്. ഒരു രൂപ മാത്രമുള്ളത് കൊണ്ടുതന്നെ കുട്ടികള്‍ ഒരുപാടെണ്ണം വാങ്ങി കഴിക്കും. അങ്ങനെ ഇതിനോട് പ്രത്യേക അഡിക്ഷന്‍ വരും. പിന്നീട് അഡിക്ഷന്‍ കൂടിക്കൂടി ഈ മിഠായി പോരാതെ വരുമ്പോള്‍ അവര്‍ ലഹരി മരുന്നിനും മദ്യത്തിനും അടിമകളായി മാറും. അതുകൊണ്ട് ഇത് വളരെയധികം ശ്രദ്ധിക്കണം, കുട്ടികള്‍ വഴിതെറ്റി പോകാനുള്ള സാഹചര്യം ഒഴിവാക്കണം. മാതാപിതാക്കള്‍ കാണുന്നുണ്ടെകില്‍ ഇത് ഷെയര്‍ ചെയ്യണം.”

FB postarchived link

അതായത് മിഠായിയില്‍ ചേര്‍ത്തിട്ടുള്ള E 150 എന്ന ചേരുവ ലഹരിയുണ്ടാക്കുന്നതാണെന്ന് വീഡിയോയിലൂടെ വാദിക്കുന്നു. എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. E 150 ലഹരിയുണ്ടാക്കുന്ന ചേരുവയല്ല.

വസ്തുത ഇതാണ്

ഞങ്ങള്‍ പോസ്റ്റിലെ വീഡിയോയില്‍ പ്രതിപാദിക്കുന്ന E 150 എന്ന ചേരുവയെ കുറിച്ച് ഞങ്ങള്‍ കൂടുതല്‍ അന്വേഷിച്ചു. വീഡിയോയിലെ വ്യക്തി ഏതെങ്കിലും ചേരുവയെപ്പറ്റി നിരവധി പഠന ലേഖനങ്ങള്‍ ലഭ്യമാണ്.

കാരാമൽ നിറങ്ങൾ, E150- എന്ന രാസനാമത്തില്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഭക്ഷ്യ അഡിറ്റീവുകളാണ്. അവ ഖരരൂപത്തിലോ ദ്രവരൂപത്തിലോ ഉപയോഗിക്കുന്നു, വെള്ളത്തിൽ ലയിക്കുന്നവയാണ്, ഉപയോഗിക്കുന്ന കാരമലിന്‍റെ തരവും അളവും അനുസരിച്ച് ഭക്ഷണ ഉൽപ്പന്നങ്ങൾക്ക് ഇളം മഞ്ഞ മുതൽ കടും തവിട്ട് വരെ നിറം നൽകുന്നു.

പഞ്ചസാര നിയന്ത്രിത ചൂടില്‍ പാകപ്പെടുത്തിയാണ് E 150 നിർമ്മിക്കുന്നത്. ആ സംയുക്തങ്ങള്‍ E150a, E150b, E150c, E150d എന്നിങ്ങനെ കാരാമൽ നിറങ്ങളുടെ നാല് വിഭാഗങ്ങളെ നിർവചിക്കുന്നു. നിറത്തിന്‍റെ തീവ്രത, നിറം, സാങ്കേതിക സവിശേഷതകൾ എന്നിവ അടിസ്ഥാനമാക്കിയാണ് അവയുടെ ഉപയോഗത്തെ നിർണ്ണയിക്കുന്നത്.

കാരാമൽ നിറം ഭക്ഷണങ്ങളിലും പാനീയങ്ങളിലും ഉപയോഗിക്കുന്നു, നിർമ്മാതാക്കൾ ഈ നാല് വ്യത്യസ്ത തരം കാരമലുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ പ്രത്യേക ഉൽപ്പന്നങ്ങൾക്കും പാചകക്കുറിപ്പുകൾക്കും അനുയോജ്യമായതാണ്. ഉദാഹരണത്തിന്, ക്ലാസ് III കാരമൽ (E150c) സാധാരണയായി ബിയറുകളിലും ക്ലാസ് IV കാരമൽ (E150d) ശീതളപാനീയങ്ങളിലും ഉപയോഗിക്കാറുണ്ട്.

എല്ലാ ഫുഡ് അഡിറ്റീവുകളേയും പോലെ, കാരാമൽ നിറങ്ങളും ലോക രാജ്യങ്ങളില്‍ നിയമങ്ങളാൽ കർശനമായി നിയന്ത്രിക്കപ്പെടുന്നു. അവയുടെ ഉപയോഗ സാഹചര്യങ്ങൾ, ദൈനംദിന അനുവദനീയമായ ഡോസുകൾ, അവയുടെ പരിശുദ്ധി മാനദണ്ഡങ്ങൾ എന്നിവ ഓരോ രാജ്യങ്ങളിലും കൃത്യമായി നിർവച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷണ നിറങ്ങളിൽ ഒന്നാണ് കാരമൽ നിറങ്ങൾ.”

ഇത് ലോകമെമ്പാടും അനുവദിച്ചിട്ടുള്ള ഒരു ഭക്ഷ്യ ചേരുവയാണ് എന്നാണ് ഇതേപ്പറ്റി ലഭ്യമായ എല്ലാ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. പോസ്റ്റിലെ വീഡിയോയില്‍ പറയുന്നതുപോലെ E 150 എന്ന ചേരുവ എന്തെങ്കിലും തരത്തിലെ ലഹരി ഉണ്ടാക്കുന്നതായി ഒരിടത്തും വാര്‍ത്തകളില്ല.

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ കേരളത്തിലെ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ കാര്യാലയവുമായി ബന്ധപ്പെട്ടു. പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും E 150 ഇന്ത്യയില്‍ മിഠായി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണെന്നും അസിസ്റ്റന്‍റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ വിനോദ് കുമാര്‍ ടി‌എസ് അറിയിച്ചു. E 150 നിറം നല്‍കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു ചേരുവയാണ്. ഓരോ ആഹാര പദാര്‍ത്ഥത്തിലും ഇത് എത്ര അളവ് ചേര്‍ക്കണമെന്നുള്ള കൃത്യമായ സര്‍ക്കാര്‍ മാനദണ്ഡമുണ്ട്. നാലു വിഭാഗങ്ങളിലായാണ് ഇത് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്നത്. ഇത് ഒരു ലഹരി പദാര്‍ത്ഥമല്ല. E 150 ലഹരി ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. അതൊക്കെ തെറ്റായ പ്രചരണമാണ്.”

കെംകൊ കമ്പനി അധികൃതരോട് ഞങ്ങള്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. അവരുടെ വിശദീകരണം ലഭിച്ചാലുടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. കോളകോള, ഫിസി എന്നീ മിഠായികളില്‍ നിറത്തിനായി ഉപയോഗിച്ചിട്ടുള്ള E 150 എന്ന ഭക്ഷ്യ ചേരുവ ലഹരിയുണ്ടാക്കുന്നതല്ല. നിറത്തിനായി മാത്രമാണ് മിഠായി അടക്കമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ E 150 ഉപയോഗിക്കുന്നത്. ഇത് ലഹരിയുണ്ടാക്കുമെന്നും കുട്ടികളെ ലഹരിയിലേക്ക് നയിക്കുമെന്നുമുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘കോളകോള മിഠായിയില്‍ നിറത്തിനായി ചേര്‍ത്തിട്ടുള്ള E 150 എന്ന ചേരുവ ലഹരിയുണ്ടാക്കുമെന്ന പ്രചരണം തെറ്റാണ്... സത്യമറിയൂ...

Written By: Vasuki S

Result: False