കേരളത്തിലെ സർക്കാർ വകുപ്പുകളിൽ വച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിടുന്നത് വൈദ്യുതി വകുപ്പാണ്. ഇതിനുമുമ്പ് വൈദ്യുതി വകുപ്പിനെക്കുറിച്ച് പ്രചരിച്ച പല വാർത്തകളും വ്യാജപ്രചരണങ്ങളാണെന്ന് അന്വേഷണത്തിലൂടെ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

പ്രചരണം

വൈദ്യുതി വകുപ്പ് ഡ്രൈവർക്ക് പോലും ഏകദേശം ഒരു ലക്ഷത്തിന് അടുത്താണ് ശമ്പളം കിട്ടുന്നത്, അതിനാലാണ് വൈദ്യുതി ചാർജ് കൂട്ടാൻ പോകുന്നത് എന്ന പ്രചാരണമാണ് നടക്കുന്നത്. വൈദ്യുതി വകുപ്പിലെ ഒരു ഡ്രൈവറുടെ സാലറി സ്ലിപ്പിന്‍റെ സ്ക്രീൻഷോട്ട് ആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഇതിനൊപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: ഇപ്പോഴല്ലേ മനസ്സിലായത് വൈദ്യുതി പൈസ കൂടിയത് എങ്ങനെയെന്ന്... കെഎസ്ഇബി ഡ്രൈവർ ശമ്പളം 2017 യില്‍ 91250 രൂപ മാത്രം”

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ സാലറി സ്ലിപ്പ് പ്രചരിപ്പിക്കുകയാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു

വസ്തുത ഇങ്ങനെ

ഈ സാലറി സ്ലിപ്പ് 2020 ജൂലൈ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പലരും ഇതേ പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

സാലറി സ്ലിപ്പ് വിശദമായി പരിശോധിച്ചാൽ ജീവനക്കാരന്‍റെ പേര് മറച്ചു വെച്ചിരിക്കുകയാണ് എന്നു കാണാം. എന്നാൽ എംപ്ലോയി കോഡ് കാണാൻ സാധിക്കുന്നുണ്ട്. അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും ഉൾപ്പെടെ 91250 രൂപയാണ് ശമ്പളമായി 2017 ല്‍ ഡ്രൈവർ തസ്തികയിലെ ജീവനക്കാരന് ലഭിച്ചിട്ടുള്ളത് എന്നാണ് കാണുന്നത്. ഞങ്ങൾ ഇതേകുറിച്ച് അറിയാൻ വൈദ്യുതി വകുപ്പ് പബ്ലിക് റിലേഷൻസ് ഓഫീസറുമായി സംസാരിച്ചിരുന്നു.

ജീവനക്കാരുടെ ശമ്പളവും വേതന വ്യവസ്ഥയുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏറ്റവുമൊടുവിൽ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ വേതന വർദ്ധനവ് നടപ്പാക്കി പുറപ്പെടുവിച്ച ഉത്തരവ് അദ്ദേഹം ഞങ്ങൾക്ക് കൈമാറി. ഓരോ ജീവനക്കാരനും ഔദ്യോഗിക ജീവിതത്തിലെ സീനിയോറിറ്റി അനുസരിച്ച് ശമ്പള വർദ്ധനവ് ലഭിക്കും. തുടക്കക്കാരനായ ഒരു ഡ്രൈവർക്കും 18 വർഷം സർവീസുള്ള ഡ്രൈവർക്കും ഒരേ ശമ്പളമല്ല ലഭിക്കുക.

വൈദ്യുതി വകുപ്പിന്‍റെ മൂന്നാറിലെ ജീവനക്കാരനായിരുന്ന ജി. ബാബുവിന്‍റെ പേ സ്ലിപ്പാണ് പ്രചരിക്കുന്നത്. സ്ലിപ്പിലെ എംപ്ലോയീ കോഡ് ബാബു ജി എന്ന ജീവനക്കാരന്‍റെതാണ് എന്നും ഇദ്ദേഹം കെ എസ് എഇ ബിയുടെ കട്ടപ്പന വാഴത്തോപ്പ് സബ് റീജിയണല്‍ സ്റ്റോറില്‍ നിന്നും 31-05-2020 ല്‍ വിരമിച്ചു എന്നുമാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.

തുടര്‍ന്ന് ഞങ്ങള്‍ ബാബു ജിയുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “ഞാന്‍ 31 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് പെന്‍ഷനായത്. 28 വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞുള്ള പേ സ്ലിപ്പാണ് പ്രചരിക്കുന്നത്. അന്ന് ഓഫീസിലെ ആരോ തമാശയ്ക്ക് ചിത്രമെടുത്ത് പ്രചരിപ്പിച്ചതാണ്. ഡ്രൈവര്‍ എന്ന തസ്തികയ്ക്ക് പ്രമോഷന്‍ ഇല്ല. ഗ്രേഡ് 1,2 എന്നിങ്ങനെ മാത്രം ഒരു സീനിയോറിറ്റി ലഭിക്കും. മറ്റൊരു തസ്തികയിലെ ഉദ്യോഗസ്ഥന് സീനിയോറിറ്റി പ്രകാരം ഇതില്‍ കൂടുതല്‍ ആനുകൂല്യങ്ങളാണ് യഥാര്‍ഥത്തില്‍ ലഭിക്കുക. സര്‍വീസ് സീനിയോറിറ്റിയും പ്രോജക്റ്റ് ഏരിയയില്‍ നല്‍കുന്ന അലവന്‍സുകളും ചേര്‍ന്നാണ് സാലറി വന്നിരുന്നത്. അല്ലാതെ മറ്റൊന്നുമില്ല. എറണാകുളം പൂക്കാട്ടുപടിയിലാണ് ഇപ്പോള്‍ താമസം.”

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റാണ് എന്നു വിശദീകരിച്ച് കെഎസ്ഇബി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണം പങ്കുവെച്ചിട്ടുണ്ട്.

കെഎസ്ഇബി നിരക്ക് വർധന പ്രാബല്യത്തിൽ വന്നേക്കുമെന്ന് വാർത്തകളുണ്ട്. എങ്കിലും അന്തിമ തീരുമാനം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. മാത്രമല്ല ജീവനക്കാരുടെ ശമ്പള നിരക്ക് വർധിപ്പിക്കാൻ ആണ് വൈദ്യുതി നിരക്ക് കൂട്ടുന്നത് എന്ന തരത്തിലുള്ള പ്രചരണങ്ങൾ തെറ്റാണ് എന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പോസ്റ്റില്‍ നൽകിയിരിക്കുന്ന സാലറി സ്ലിപ്പ് 18 വർഷം സർവീസ് ഉള്ള ജീവനക്കാരന്‍റേതാണ്. സീനിയോറിറ്റി അനുസരിച്ച് ജീവനക്കാരുടെ ശമ്പള നിരക്കിൽ വ്യത്യാസം വരും. ഇപ്പോൾ ജോലിയിൽ പ്രവേശിച്ച ഡ്രൈവർക്കും 18 വർഷം സർവീസുള്ള ഡ്രൈവര്‍ക്കും ഒരേ ശമ്പളമല്ല ലഭിക്കുക. ശമ്പള വര്‍ദ്ധനയ്ക്ക് മാനദണ്ഡങ്ങളുണ്ട്.

Avatar

Title:വൈദ്യുതി വകുപ്പ് ഡ്രൈവറുടെ പേ സ്ലിപ്പ് ഉപയോഗിച്ച് തെറ്റായ പ്രചരണം നടത്തുന്നു...

Fact Check By: Vasuki S

Result: Misleading