
വിവരണം
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ യിൽ ആകെ വൈറലായതാണ് കാശ്മീർ സ്വദേശിയായ യുവാവിനെ ഇൻഡ്യൻ സൈന്യം തല്ലിച്ചതയ്ക്കുന്നു എന്ന നിലയിൽ പ്രചരിച്ച വീഡിയോ. ഒരു വിഭാഗം പട്ടാളക്കാർ കൈകാലുകൾ കട്ടിലിൽ ബന്ധിച്ച ശേഷം യുവാവിന്റെ നടുവിന് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. അയാളുടെ മുഖം വീഡിയോയിൽ ഒരിടത്തും ദൃശ്യമല്ല. മർദ്ദിക്കുന്ന സൈനീകർ കമാണ്ടറുടെ പേരു പറയാൻ ഹിന്ദിയിൽ ആവശ്യപ്പെടുന്നതും ഇരയായ യുവാവ് അറിയില്ല എന്നു വിലപിക്കുന്നതുമായ സംഭാഷണങ്ങൾ വീഡിയോ യിൽ ഉണ്ട്.
വസ്തുതാ വിശകലനം
പാകിസ്ഥാൻ പത്രപ്രവർത്തകനായ ഹമീദ് മിർ സെപ്റ്റംബർ 21 2018 ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ കാണിക്കുന്ന അതിക്രമം എന്ന പേരിൽ ട്വിറ്ററിൽ പോസ്റ്റു ചെയ്ത വീഡിയോ ആണിത്. ഇത് പാകിസ്ഥാനിൽ നിന്നുള്ള വീഡിയോ ആണ് എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമാണ്. അവ താഴെ കൊടുത്തിട്ടുണ്ട്.
വീഡിയോയുടെ അധിക വിശകലനത്തിൽ നിന്നും അതിലെ പട്ടാളക്കാർ ഇന്ത്യക്കാരല്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. പാകിസ്ഥാൻ പതാകയിലെ നക്ഷത്ര ചിഹ്നം യുവാവിനെ ബലമായി പിടിച്ചു വച്ചിരിക്കുന്ന ആളുടെ വസ്ത്രത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
2018 ജൂലൈ അഞ്ചിന് ഇന്ത്യൻ സൈന്യം കാശ്മീരി യുവാവിനെ പീഡിപ്പിക്കുന്നു എന്ന പേരിൽ യുട്യൂബിൽ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.
പാകിസ്ഥാൻ സേന നിരപരാധിയായ ബലൊച്ച് വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പി ക്കുന്നു എന്ന വിവരണവുമായി 2018 ജൂലൈ നാലിന് ഷേർ മുഹമ്മദ് ബുഗ്‌തി എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഇതേ വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ശഹാബ് ബലോച്ച് എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2018 ജൂലൈ അഞ്ചിന് ഇതേ വീഡിയോ യുവ ബലോചിനെ പാക് സേന പീഡിപ്പിക്കുന്നു എന്ന തലക്കെട്ടോടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
എന്നാൽ ചില കമന്റുകളിൽ നിന്നും ഈ മർദ്ദനം പാകിസ്ഥാന്റെ സ്പെഷ്യൽ ഫോഴ്‌സിന് നൽകിവരുന്ന സർവൈവൽ ഇവേഷൻ റസി സ്റ്റൻ സ് ആൻറ് എസ്കേപ് എന്ന (SERE) പരിശീലന പദ്ധതിയുടെ ഭാഗമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ ഡിഫൻസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇക്കാര്യം അവർ സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്ഥാൻ സേനയുടെ സ്പെഷ്യൽ സർവീസ് ഗ്രൂപിന്റെതാണ് ഈ വീഡിയോ എന്നും ടോർച്ചർ പ്രൂഫിങ് എന്ന അനിവാര്യ പരിശീലന പദ്ധതിയുടെ ഭാഗമാണ് ഇതെന്നും ഓരോ ജവാനും ഈ പരിശീലനം പൂർത്തിയാക്കേണ്ട തുണ്ടെന്നും ഡിഫൻസിൻെറ വിവരണത്തിൽ പറയുന്നു. തെറ്റായ വിവരണങ്ങളുമായി ഒട്ടേറെ പേർ വീഡിയോ പ്രചരിപ്പിക്കുന്നതായും പോസ്റിലുണ്ട്. പോസ്റ്റ് താഴെ കൊടുക്കുന്നു:

നിഗമനം
പുൽ വാമ ഭീകരാ ക്രമണത്തിന്റെ പിന്തുടർച്ച എന്ന നിലയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ വീഡിയോയ്ക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഇത് പാകിസ്ഥാനിൽ നിന്നും പുറത്തു വന്ന വീഡിയോ ആണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മർദിക്കുന്നത് പാകിസ്ഥാൻ സേനാംഗങ്ങൾ ആണ്. ഇൻഡ്യൻ സൈന്യമല്ല. അതുകൊണ്ട് ഈ വീഡിയോ പുൽ വാമാ ഭീകരാക്രമണത്തിന്റെ തുടർച്ചയായി ഇന്ത്യൻ സൈന്യം കാശ്മീരി യുവാവിനെ മർദ്ദിക്കുന്നു എന്ന പേരിൽ ദയവായി പ്രചരിപ്പിക്കരുത് എന്നപേക്ഷിക്കുന്നു.
ചിത്രങ്ങൾ : കടപ്പാട് ഗൂഗിൾ
Result : fake

Title:കാശ്മീരി യുവാവിനെ മർദ്ദിക്കുന്ന ഇന്ത്യൻ സൈന്യം…. വാർത്ത സത്യമോ…
Fact Check By: Deepa MResult: Fake
