
ബംഗ്ലാദേശില്‍ മതതീവ്രവാദം നടത്തുന്നു എന്ന ആരോപണത്തില്‍ ജയിലില്‍ കഴിയുന്ന ISKCON സന്യാസി മുസ്ലിങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തില്‍ കാണുന്ന സന്യാസി ബംഗ്ലാദേശിലെതല്ല എന്ന് കണ്ടെത്തി. ഈ ചിത്രത്തിന് ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ല. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തില്‍ നമുക്ക് ഒരു പുരോഹിതന്‍ മുസ്ലിങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതായി കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇദ്ദേഹം ഇപ്പൊ ജയിലിൽ ആണ്. കുറ്റം = മത തീവ്രവാദം // ജയിലിൽ ഇട്ടിരിക്കുന്നത് ജമായത്തെ ഇസ്‌ലാമിയുടെ കുലിക്കാരൻ ആയ ഉപദേഷ്ടാവ്.
ഇദ്ദേഹത്തിന് വേണ്ടി കോടതിയിൽ കേസ് നടത്താൻ പോയ വക്കീലിനെ സമാധാന മതക്കാർ കൂട്ടം കൂടി തല്ലിക്കൊന്നു. ഇദ്ദേഹത്തിന്റെ ഭാഗം കേൾക്കുക പോലും ചെയ്യാതെ ജനുവരി മാസത്തിലേക്ക് മാറ്റി വച്ചിരിക്കുന്നു കേസ്.!! അതുവരെ ജയിലിൽ പീഡനം // അത് കഴിഞ്ഞാൽ??
പിന്നെയും നീട്ടിക്കൊടുക്കും എന്നല്ലാതെ നീതി പ്രതീക്ഷിക്കുന്നില്ല.
അവിടെ വീണ്ടും ഹസീനയെ പ്രതിഷ്ഠിക്കും വരെ പീഡനം തുടരും.
( ഷേക്ക് ഹസീന തന്നെ അവിടെ പ്രധാനമന്ത്രി ആവും എന്നാണ് പ്രതീക്ഷിക്കുന്നത്.) ലോകം മുഴുവൻ 1000 ൽ അധികം ക്ഷേത്രങ്ങൾ ഉള്ള ISKON എന്ന ഭക്തി പ്രസ്ഥാനം ജമായത്തെ ഇസ്‌ലാമിയുടെ കണ്ണിൽ ഭീകരവാദികൾ ആണത്രേ.! പാമ്പിനെ പാലൂട്ടിയാൽ വിഷത്തിന്റെ ശക്തി കൂടും എന്നല്ലാതെ, അത് നമ്മെ സ്നേഹിക്കാൻ പോകുന്നില്ല.
അർഹത ഇല്ലാത്തവരെ സത്കരിക്കരുത്. 😎”
മതതീവ്രവാദത്തിന്‍റെതല്ല പക്ഷെ രാജ്യദ്രോഹത്തിന്‍റെ ആരോപണത്തില്‍ നിലവില്‍ ബംഗ്ലാദേശില്‍ തടവില്‍ കഴിയുന്നത് ISKCON പുരോഹിതന്‍ ചിന്മയ് കൃഷ്ണ ദാസ് ആണ്. ഇദ്ദേഹത്തിന്‍റെ വക്കീലിനു നേരെ ആക്രമണവും നടന്നിട്ടുണ്ട്. അങ്ങനെ ഈ പോസ്റ്റില്‍ അദ്ദേഹത്തിനെ കുറിച്ച് ആണ് പറയുന്നത് എന്ന് വ്യക്തമാണ്. പക്ഷെ ഇദ്ദേഹത്തിന്‍റെ വക്കീലിനെ തല്ലിക്കൊന്നു എന്ന വാദം തെറ്റാണ്. ഈ കാര്യം NDTVയുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നു. ഈ വക്കീല്‍ ആഡിഷണല്‍ പബ്ലിക് പ്രോസീക്യുട്ടര്‍ സൈഫുല്‍ ഇസ്ലാമായിരുന്നു.
ഈ ചിത്രം വെച്ച് മറ്റൊരു പോസ്റ്റ് അവകാശപ്പെടുന്നത് ഈ പുരോഹിതന്‍ ബംഗ്ലാദേശിലെ ദുങ്ക്പ്പുറിലെ കൃഷ്ണ ക്ഷേത്രത്തിലെ പൂജാരി ഹാരിസന്‍ ആണെന്ന്. ഈ പോസ്റ്റ് നമുക്ക് താഴെ കാണാം.
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ദുങ്കപ്പൂർ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ഹാരിസൺ ആണ് ചിത്രത്തിൽ.
അദ്ദേഹം കൊല്ലപ്പെട്ടു, നോമ്പുതുറ നടത്തിയ ക്ഷേത്രവും കത്തിച്ചു പാമ്പിന് പാല് കൊടുത്ത ISKON സന്യാസികളുടെ മണ്ടത്തരമാണ്
ഇതേ പാമ്പുകൾക്ക് അനുകൂല്യവും സംവരണവും നൽകുന്ന കേന്ദ്ര- കേരള സർക്കാരുകളും കാണിക്കുന്നത് ”
എന്നാല്‍ ആരാണ് ഈ വ്യക്തി എന്താണ് ചിത്രത്തില്‍ കാണുന്ന സംഭവം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
പ്രസ്തുത പോസ്റ്റുകളില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ തെറ്റാണ്. ഈ ചിത്രം ഓഗസ്റ്റിലും തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
ഈ ചിത്രം 2016ല്‍ പശ്ചിമ ബംഗാളിലെ നബദ്വീപ്പില്‍ സ്ഥിതി ചെയ്യുന്ന മായാപ്പുരില്‍ ISKCON സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയുടെതാണ്.
വാര്‍ത്ത വായിക്കാന്‍ – ISKCON Truth | Archived
ഈ വാര്‍ത്ത ISKCON Truth എന്ന വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്. വാര്‍ത്ത പ്രകാരം പശ്ചിമബംഗാളില്‍ നബദ്വീപ്പിലാണ് ഈ പരിപാടി നടന്നത്. ഈ പരിപാടിയുടെ പേര് ഇഫ്താര്‍ സമാബെഷ് എന്നാണ്. ISKCON സംസ്ഥാപകന്‍ ശ്രില പ്രഭുപാദിന്‍റെ സമയം മുതല്‍ ISKCONഉം മുസ്ലിം സമുദായവും തമ്മില്‍ നല്ല ബന്ധങ്ങളുണ്ട് എന്ന് വാര്‍ത്തയില്‍ പറയുന്നു.
ഫോട്ടോയില്‍ കാണുന്നത് ക്രോയേഷ്യയിലെ കൃഷ്ണ ഭക്തനായ ഇവാന്‍ സ്ടാനിച് ആണ്. ഇദ്ദേഹത്തെ ചൈതന്യ നിതൈ ദാസ് എന്നും വിളിക്കും ഈ കാരണം കൊണ്ട് 2021ല്‍ ബംഗ്ലാദേശില്‍ ISKCON അമ്പലത്തിലെ പൂജാരി നിതൈ ദാസ് കൊലപെട്ടപ്പോഴും ഈ ചിത്രം വൈറല്‍ ആയിട്ടുണ്ടായിരുന്നു.
നിഗമനം
2016ല്‍ പശ്ചിമബംഗാളില്‍ ISKCON നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയുടെ ഒരു ചിത്രം തെറ്റായ വിവരണങ്ങള്‍ വെച്ച് പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ചിത്രത്തില്‍ കാണുന്ന പുരോഹിതന്‍ ക്രോയേഷ്യയിലെ കൃഷ്ണ ഭക്തന്‍ ഇവാന്‍ സ്ടാനിച് ആണ് ഇദ്ദേഹം ബംഗ്ലാദേശില്‍ തടവില്‍ കഴിയുന്ന അഥവാ കൊലപെട്ട ISKCON ബ്രഹ്മചാരിയല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ചിത്രത്തില്‍ കാണുന്ന ISKCON സന്യാസി ബംഗ്ലാദേശില്‍ മതതീവ്രവാദ ആരോപണത്തില്‍ തടവില്‍ കഴിയുന്നില്ല
Written By: Mukundan KResult: False
