തളിപ്പറമ്പ മണ്ഡലത്തില്‍ ഒരു മാസ്റ്റ് ലൈറ്റ് മാത്രം സ്ഥാപിക്കാന്‍ 24 ലക്ഷം രൂപ..? വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

False രാഷ്ട്രീയം സാമൂഹികം

കണ്ണൂർ തളിപ്പറമ്പിൽ ഒരു മിനിമാസ്റ്റ് ലൈറ്റ് മാത്രം (തെരുവു വിളക്ക്) സ്ഥാപിക്കാൻ 24 ലക്ഷം രൂപ ചെലവാക്കിയെന്ന് അവകാശപ്പെട്ട്  ഫലകത്തിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം 

മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിന്‍റെ സ്മരണാര്‍ത്ഥം പതിച്ച ശിലാഫലകത്തിലുള്ളത് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ എം.വി. ഗോവിന്ദന്‍ എംഎൽഎയുടെ 2022–2023 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്നും മയിലാട് ജങ്ഷനിൽ സ്ഥാപിച്ചതാണ് ഇതെന്നാണ്.

ഒരേയൊരു മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 24 ലക്ഷം രൂപ ചെലവായതായി കാണിക്കുന്നത് അഴിമതിയുടെ കണക്കാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ചൈനയിൽ നിന്ന് ലൈറ്റ്, ക്യൂബയിൽ നിന്ന് പോസ്റ്റ്, വിയറ്റ്നാമിൽ നിന്ന് വയേഴ്സ്, കോൺക്രീറ്റിനുള്ള സിമന്റ് ശ്രീലങ്കയിൽ നിന്ന് , ജില്ലി ഉക്രയിനിൽ നിന്ന്…..etc. പിന്നെ സ്ഥലം ഉരുക്കായതിന് ഹിറ്റാച്ചി 3 ദിവസം , കുഴിയെടുക്കാൻ ഊരാളുങ്കലിന് 99 പേരുടെ പണിക്കൂലി:: അകെ മൊത്തം ടോട്ടൽ 24 Lakhs 

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണം ആണിതെന്നും 12 ലൈറ്റുകള്‍ സ്ഥാപിച്ചതിന്‍റെ ഫണ്ടാണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഓണ്‍ലൈനില്‍ തിരഞ്ഞപ്പോള്‍ സംസ്ഥാന സർക്കാരിന്‍റെ അസറ്റ് ഡെവലപ്പ്മെന്‍റ്  സ്കീം പോർട്ടൽ (Asset Development Scheme Portal, LAC-ADS) ലഭിച്ചു. അതില്‍  എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതി, ചെലവ്, പുരോഗതിതുടങ്ങിയ വിവരങ്ങള്‍ ലഭ്യമാണ്. 2022–23 കാലയളവിൽ എംഎൽഎ എം.വി. ഗോവിന്ദന്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിവരങ്ങള്‍ തിരഞ്ഞപ്പോള്‍ തളിപ്പറമ്പിലെ 12 ഇടങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാൻ 24 ലക്ഷം രൂപ അനുവദിച്ചതായി രേഖകള്‍ ലഭിച്ചു. 

എംഎൽഎ അയച്ച കത്ത്, പദ്ധതി നടപ്പിലാക്കാനുള്ള നടപടിക്രമവുമായി ബന്ധപ്പെട്ട് കളക്‌റ്ററുടെ നിർദേശങ്ങളുള്ള രേഖ എന്നിവയും വെബ്സൈറ്റിലുണ്ട്. കത്തിൽ മയിലാട് ജങ്ഷൻ ഉള്‍പ്പടെ 12 സ്ഥലങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്‍റെ വിശദാംശങ്ങളുണ്ട്. പദ്ധതി നിർവ്വഹണ ഭൂമിയിൽ പ്രവൃത്തിയുടെ പേര്, അടങ്കൽ തുക, ബന്ധപ്പെട്ട എംഎൽഎയുടെ പേര് എന്നിവ ഉൾപ്പെടുത്തി മലയാള ലിപിയിൽ ഒരു ഫലകം സ്ഥാപിക്കേണ്ടതാണ് എന്നും കത്തിൽ പരാമർശിക്കുന്നു.

അതായത്, 24 ലക്ഷം രൂപ അനുവദിച്ചത് ഒരു മിനിമാസ്റ്റ് ലൈറ്റ് മാത്രം സ്ഥാപിക്കാനല്ല. തളിപ്പറമ്പ് മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിലായി 12 മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ ആകെ ചെലവാണ് 24 ലക്ഷം രൂപ. ഒരെണ്ണം മാത്രം സ്ഥാപിക്കാന്‍ ഏകദേശം രണ്ട് ലക്ഷം രൂപയാണ് പദ്ധതിയില്‍ ചെലവാകുന്നത്. മറ്റ് നിയോജകമണ്ഡലങ്ങളുമായി താരതമ്യം ചെയ്താൽ ഈ തുക സാധാരണ നിരക്കാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ എംവി ഗോവിന്ദന്‍ മാസ്റ്ററുമായി സംസാരിച്ചു. വെറുതെ ദുഷ്പ്രചരണം നടത്തുകയാണെന്നും തളിപ്പറമ്പ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ 12 ലൈറ്റുകള്‍ സ്ഥാപിക്കാനാണ് 24 ലക്ഷം രൂപ എന്നും അദ്ദേഹം വ്യക്തമാക്കി. 

നിഗമനം 

കണ്ണൂർ തളിപ്പറമ്പിൽ ഒരു മിനി മാസ്റ്റ് ലൈറ്റ് മാത്രം സ്ഥാപിക്കാൻ 24 ലക്ഷം രൂപ ചെലവാക്കിയെന്ന പ്രചരണം തെറ്റാണ്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 12 സ്ഥലങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ മുഴുവന്‍ ചെലവാണ് 24 ലക്ഷം രൂപ.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തളിപ്പറമ്പ മണ്ഡലത്തില്‍ ഒരു മാസ്റ്റ് ലൈറ്റ് മാത്രം സ്ഥാപിക്കാന്‍ 24 ലക്ഷം രൂപ..? വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False