
വിവരണം
കോവിഡ് എന്ന മഹാമാരി നിയന്ത്രണാതീതമാകാതെ രാജ്യം മുഴുവൻ ആശങ്കയിൽ കഴിയുന്നതിനിടയിൽ കൂടുതൽ ദുരന്തം വിതച്ചു കൊണ്ട് ആംഫന്‍ എന്ന ചുഴലിക്കാറ്റ് ബംഗാൾ ഒറീസ തീരങ്ങളിൽ അതി ശക്തിയോടെ വീശി കൊണ്ടിരിക്കുകയാണ്. മൂന്നുദിവസം കൊണ്ട് തന്നെ വൻ നാശനഷ്ടങ്ങൾ ചുഴലിക്കാറ്റ് ഇവിടങ്ങളിൽ വരുത്തി കഴിഞ്ഞു. കടലിൽനിന്നും തീരത്തേക്ക് കയറി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന് ഇപ്പോൾ മണിക്കൂറിൽ 220 കിലോമീറ്റർ വരെ വേഗത ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു
ആംഫന്‍ ചുഴലിക്കാറ്റിന്റെ വാര്‍ത്തകളും വീഡിയോകളും വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണിത്. ഈ വീഡിയോയുടെ യാഥാര്‍ഥ്യമെന്താണെന്ന് അന്വേഷിച്ചു കൊണ്ട് ഞങ്ങള്‍ക്ക് വായനക്കാരില്‍ നിന്ന് സന്ദേശം ലഭിച്ചിരുന്നു.
നാശനഷ്ടങ്ങൾ വരുത്തുന്ന കാര്യത്തിൽ ഏതൊരു ചുഴലിക്കാറ്റും ഒരുപോലെ ആണെങ്കിലും ഈ പ്രചരിക്കുന്ന വീഡിയോ ആംഫന്‍ ചുഴലിക്കാറ്റിന്റേതല്ല. യാഥാർത്ഥ്യം ഇങ്ങനെയാണ്:
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വീഡിയോ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഇത് പഴയ വീഡിയോ ആണെന്ന് മനസ്സിലായി. വീഡിയോ ഇന്ത്യയില്‍ വീശിയടിച്ച് നാശങ്ങളുണ്ടാക്കിയ ഒരു ചുഴലിക്കാറ്റിന്റേത് തന്നെയാണ്. പക്ഷേ ആംഫന്റേതല്ല. ഞങ്ങൾ പരിശോധിച്ചു നോക്കിയപ്പോൾ കൃത്യമായ ചില വസ്തുതകൾ ഇതു സംബന്ധിച്ച് ലഭിച്ചു.
കഴിഞ്ഞവർഷം ഏപ്രില്‍ മാസത്തില്‍ ഒറീസ തീരത്ത് ആഞ്ഞടിച്ച ഫാനി ചുഴലിക്കാറ്റിന്റെതാണ് ഈ വീഡിയോ. ഫാനി ചുഴലിക്കാറ്റിന്റെ ഭീകരത കാട്ടുന്ന ദൃശ്യങ്ങളുടെ കൂടെ ചില യൂട്യൂബ് ചാനലുകളിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും ഈ ദൃശ്യങ്ങള്‍ 2019 മേയ്മാസം മുതല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതിനാൽ ഈ ദൃശ്യങ്ങള്‍ ഇപ്പോഴത്തെ ആംഫന്‍ ചുഴലിക്കാറ്റിന്റേതല്ല എന്ന് വ്യക്തമാണ്. ആംഫന്‍ ചുഴലിക്കാറ്റിന്റെ നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും നമുക്ക് കാണാം.
വിനാശകാരിയായ ചുഴലിക്കാറ്റുകളെല്ലാം സമാന സ്വഭാവം പ്രകടിപ്പിക്കുന്നതിനാൽ കാഴ്ചയിൽ വീഡിയോകൾക്ക് സമാനത തോന്നിക്കും. എളുപ്പം തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ ഇപ്പോൾ ഒറീസ്സ ബംഗാൾ തീരത്ത് വിനാശം വിതച്ച കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റേതല്ല. വീഡിയോയ്ക്ക് ആംഫന്‍ ചുഴലിക്കാറ്റുമായി യാതൊരു ബന്ധവുമില്ല. ഇത് കഴിഞ്ഞവർഷം ഒറീസയിൽ ഉണ്ടായ ഫാനി കൊടുങ്കാറ്റിന്റേതാണ്. ഈ വീഡിയോ 2019 മെയ് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Title:ഈ വീഡിയോ വിനാശകാരിയായ ആംഫന്‍ ചുഴലിക്കാറ്റിന്റേതല്ല… കഴിഞ്ഞ കൊല്ലത്തെ ഫാനി കൊടുങ്കാറ്റിന്റേതാണ്…
Fact Check By: Vasuki SResult: False
