കെഎസ്ഇബി ഉപഭോക്താക്കളെ കബളിപ്പിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ വസ്‌തുതകള്‍ ഇതാണ്..

സാമൂഹികം

വവരണം

KSEB നമ്മളെ കബളിപ്പിക്കുന്നുണ്ടോ?

KSEB നമ്മളെ ശരിക്കും കബളിപ്പിക്കുന്നു.

2 മാസം കൂടുമ്പോൾ റീഡിംഗ് എടുക്കുന്നത് നമ്മളെ സയഹായിക്കാനല്ല.

അതിൽ കള്ളക്കളി ഉണ്ട്.

ഉദാ: 2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ അടക്കുന്നത് 200×6.10=1220.

അത് മാസം റീഡിംഗ് എടുത്ത് അടക്കുവാണെങ്കിൽ, അയാൾക് വരിക 100×3.40=340.

അടുത്ത മാസവും 100 യൂണിറ്റ് ആണെങ്കിൽ

100×3.40=340.

340+340=680.

ഇപ്പോഴത്തെ റീഡിംഗ് സമ്പ്രദായം വെച്ച് അടക്കേണ്ടി വരുന്നത് 1220.

2 മാസത്തെ റീഡിംഗ് എന്ന ഗുണം കൊണ്ട് ഉണ്ടാകുന്ന നഷ്ടം,

1220- 680=540.

2 മാസത്തിൽ ഒരിക്കൽ റീഡിംഗ് എടുക്കുന്ന KSEB ഉപഭോക്താവിന്റെ കയ്യിൽ നിന്നും കൂടുതൽ പറ്റിച്ചു എടുക്കുന്നത് 540 രൂപ.

മാസത്തിൽ ഒരിക്കൽ റീഡിംഗ് എടുക്കുന്നത് ആയിരുന്നു ആദ്യം പതിവ്. എന്ന പേരില്‍ ഒരു സന്ദേശം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പ് സന്ദേശത്തിന്‍റെ സക്രീന്‍ഷോട്ട് ഉപയോഗിച്ചും ചിലര്‍ ഇത് ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ജോര്‍ജ്ജ് ചാമക്കാല എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഇത്തരത്തില്‍ പങ്കുവെച്ചിരിക്കുന്ന https://www.facebook.com/photo.php?fbid=548631609177222&set=a.102694563770931&type=3&theaterപോസ്റ്റിന് ഇതുവരെ 3,600ല്‍ അധികം ഷെയറുകളും 77ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ സംസ്ഥാനത്തെ വൈദ്യുതി ബില്ലില്‍ ഇത്തരമൊരു കൊള്ള നടക്കുന്നുണ്ടോ? ഉപഭോക്താക്കള്‍ രണ്ട് മാസത്തെ വൈദ്യുതി ബില്ല് തുക അടയ്ക്കുമ്പോള്‍ അധികം തുക വൈദ്യുതി വകുപ്പ് ഈടാക്കുന്നുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സമൂഹമാധ്യമങ്ങളിലെ പ്രചരണത്തെ കുറിച്ചറിയാന്‍ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പ്രതികരിച്ചതിങ്ങനെയാണ്. ഇതൊരു വ്യാജ പ്രചരണമാണെന്നും ചിലര്‍ നുണകള്‍ പടച്ചുവിടുന്നതാണെന്നും വൈദ്യുതി ബോര്‍ഡ് തന്നെ വിസദീകരിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകള്‍ സഹിതമുള്ള വിശദീകരണ കുറിപ്പ് കെഎസ്ഇബിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി. ഇതുപ്രകാരം കെഎസ്ഇബിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ വിശദീകരണ കുറിപ്പ് പരിശോധിച്ചു. കെഎസ്ഇബിയുടെ വിശദീകരണം ഇങ്ങനെയാണ്-

നുണഫാക്ടറികൾക്കും വേണം ലോക്ക്ഡൗൺ

ലോക്ക്ഡൗൺ കാലയളവിൽ എല്ലാ ഫാക്ടറികളും അടഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ കെ എസ് ഇ ബിക്കെതിരെ നുണകളുൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾക്ക് ഒരൊഴിവും ബാധകമായില്ല‌. നിരവധി നുണപ്രചരണങ്ങളാണ് ഇക്കാലയളവിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. അത്തരത്തിലൊരു നുണപ്രചരണത്തിന് മറുപടിയുമായാണ് ഞങ്ങൾ എത്തുന്നത്.

ഇതാണ് പ്രചരിക്കുന്ന വ്യാജവാർത്ത:

“2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ അടക്കുന്നത് 200×6.10=1220. അത് മാസം റീഡിംഗ് എടുത്ത് അടക്കുവാണെങ്കിൽ, അയാൾക്ക് വരിക 100×3.40=340. അടുത്ത മാസവും 100 യൂണിറ്റ് ആണെങ്കിൽ 100×3.40=340. രണ്ട് മാസത്തിൽ ഒരിക്കൽ റീഡിംഗ് എടുക്കുന്ന KSEB, ഉപഭോക്താവിന്റെ കയ്യിൽ നിന്നും കൂടുതൽ പറ്റിച്ചു എടുക്കുന്നത് 1220 – 680 = 540 രൂപ.”

ഇനി യാഥാർഥ്യം എന്താണെന്ന് നോക്കാം.

മിക്കവാറും എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും രണ്ട് മാസത്തില്‍ ഒരിക്കല്‍ ആണ് വൈദ്യുതിബില്‍ ലഭിക്കുക. ബില്‍ ലഭിക്കുന്നത് രണ്ട് മാസത്തേത് ആണെങ്കിലും അവരുടെ ശരാശരി പ്രതിമാസ ഉപഭോഗം കണക്കാക്കി വൈദ്യുത ചാര്‍ജ്ജ് കണ്ടെത്തിയശേഷം അതില്‍നിന്നാണ് ബില്‍കാലയളവിലെ തുക കണ്ടെത്തുന്നത്.

ഒരു മാസം 0-50 യൂണിറ്റുവരെ ₹3.15 എന്നത്, രണ്ടുമാസത്തേക്കാക്കുമ്പോൾ 0-100 യൂണിറ്റിന് ₹3.15 എന്ന ശൈലിയാണ് അവലംബിച്ചിരിക്കുന്നത്.

വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കും, കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്കുമാണ് നിലവിലുള്ളത്. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്കോപ്പിക് താരിഫ് ആണ് നിലവിലുള്ളത്. അതായത് പ്രതിമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 50 യൂണിറ്റിന് ₹3.15, 51 മുതൽ 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹3.70, 101 മുതൽ 150 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹4.80, 151 മുതൽ 200 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹6.40, 201 മുതൽ 250 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹ 7.60 എന്ന രീതിയിലാണ് നിരക്കുകൾ.

ഉദാ 1: വ്യാജവാർത്തയിൽ കൊടുത്ത ഉപഭോഗം (2 മാസത്തിൽ 200 യൂണിറ്റ് അതായത് പ്രതിമാസ ഉപയോഗം 100 യൂണിറ്റ്) യാഥാർത്ഥത്തിൽ എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം..

പ്രതിമാസ വൈദ്യുതി ചാർജ് = (50 x 3.15) + (50 x 3.70) = 342.5

ദ്വൈമാസ വൈദ്യുതി ചാർജ് = 342.5 x 2 = ₹ 685

ദ്വൈമാസം 240 യൂണിറ്റ് വരെ (പ്രതിമാസം 120 യൂണിറ്റ് വരെ ) ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, പ്രതിമാസം 21-25 വരെ യൂണിറ്റിന് 1.50 രൂപ നിരക്കിലും, 26 – 40 വരെ യൂണിറ്റിന് 35 പൈസ നിരക്കിലും, 41 – 120 വരെ യൂണിറ്റിന് 50 പൈസ നിരക്കിലും സർക്കാർ സബ്സിഡിയായി നൽകുന്നു. ഫിക്സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് ദ്വൈമാസം ₹ 20 സബ്സിഡിയായി നൽകുന്നു.

പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്ന ഉപഭോക്താവിന് അർഹമായ സബ്‌സിഡി = 5 x 1.50 + 15 x 0.35 + 60 x 0.50 = ₹43. ദ്വൈമാസം ₹ 86 സബ്‌സിഡി ലഭിക്കും. ഇതുകൂടി കണക്കിലെടുക്കുമ്പോൾ 2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ കൊടുക്കേണ്ട വൈദ്യുതി ചാർജ് = 685 – 86 = ₹ 599 മാത്രം, വ്യാജ പ്രചരണത്തിലെ 1220 രൂപയല്ല. (വൈദ്യുതി ചാർജിന്റെകൂടെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST, ഫ്യൂവൽ സർച്ചാർജ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്)

ഉദാ 2: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 450 യൂണിറ്റ് (പ്രതിമാസം 225 യൂണിറ്റ്) ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് കണക്കാക്കുന്നത് ഈ വിധമാണ് :

(50 x 3.15) + (50 x 3.70) + (50 x 4.80) + (50 x 6.40) + (25 x 7.60) = ₹ 1092.5 ആണ് പ്രതിമാസം. ദ്വൈമാസം ₹ 2185 (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST, ഫ്യൂവൽ സർച്ചാർജ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്)

എന്നാൽ പ്രതിമാസ ഉപയോഗം 250 യൂണിറ്റിന് മുകളില്‍ വന്നാല്‍ തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്‍കണം. 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹5.80, 350 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹6.60, 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹ 6.90, 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹ 7.10, 500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് ₹ 7.90 എന്നിങ്ങനെ മൊത്തം യൂണിറ്റിനും നൽകണം.

ഉദാ 3: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 950 യൂണിറ്റ് (പ്രതിമാസം 475 യൂണിറ്റ്) ആണെന്ന് കരുതുക. എങ്കിൽ പ്രതിമാസ കറണ്ട് ചാർജ് 475 x 7.10 = ₹ 3372.5, അതായത് ദ്വൈമാസം ₹ 6745 (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST, ഫ്യൂവൽ സർച്ചാർജ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്)

വ്യാജപ്രചരങ്ങളിൽ വഞ്ചിതരാകാതിരിക്കുക.

വൈദ്യുതി ഉപയോഗവും നിരക്കും-

ഗാര്‍ഹിക കണക്ഷനിലുള്ള ഉപഭോക്താക്കളുടെ പ്രതിമാസ താരിഫ് ഇങ്ങനെയാണ്-

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Facebook PostArchived Link

നിഗമനം

കൃത്യമായ കണക്കുകള്‍ നിരത്തി സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്ന് കെഎസ്ഇബി തന്നെ ഔദ്യോഗികമായി വിശദീകരിച്ചിട്ടുണ്ട്. ഇനിയും ആക്ഷേപങ്ങളോ കണക്കില്‍ സംശയങ്ങളോ ഉണ്ടെങ്കില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും കെഎസ്ഇബി അറിയിച്ചു. അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ കെഎസ്ഇബിക്കെതിരെ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കെഎസ്ഇബി ഉപഭോക്താക്കളെ കബളിപ്പിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ വസ്‌തുതകള്‍ ഇതാണ്..

Fact Check By: Dewin Carlos 

Result: False