
വിവരണം
റേഷൻ കടകളിൽ എത്തിച്ച അരിയിൽ മാരക വിഷം… ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കി വ്യാജ മട്ട അരി നിർമ്മിച്ച് റേഷൻ കടകളിലെ വിതരണം ചെയ്തിരിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി പത്രവാര്‍ത്ത കട്ടിങ് സഹിതം ഒരു പോസ്റ്റ് സൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്വകാര്യമില്ലുകളില്‍ നിന്നും റേഷന്‍ കട വഴി വിതരണത്തിന് എത്തിച്ച മട്ട അരയിലാണ് വിഷാശമെന്നും അരി പോളിഷ് ചെയ്ത് റെഡ് ഓക്സൈഡ് കലര്‍ത്തിയാണ് റേഷന്‍ കടയില്‍ നല്‍കിയതെന്നും തുടങ്ങിയ വിവരങ്ങളാണ് പത്രക്കട്ടിങില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ഏത് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണെന്നോ മറ്റ് വിവരങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എംവൈഎല്‍ പേരാമ്പ്ര കോണ്‍സ്റ്റിറ്റുയന്‍സി (MYL Perambra Constituency) എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 53ല്‍ അധികം റിയാക്ഷനുകളും 12ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
ഇതാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് റേഷന്‍ വിതരണത്തിനായി സ്വകാര്യ മില്ലുകളില്‍ നിന്നും എത്തിച്ച റേഷന്‍ അരിയില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സംഭവത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് കമ്മീഷണറുടെ ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. അവിടെ നിന്നും ലഭിച്ച വിശദീകരണം ഇപ്രകാരമാണ്-
ജൂലൈ മാസത്തില്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ സംസ്ഥാനത്തെ റേഷന്‍ അരിയില്‍ വിഷാംശം എന്ന പേരില്‍ ഒരു വാര്‍ത്ത നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് വൈറലാകുകയും ചെയ്തു. ഇതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്ന് ജില്ലകളിലെ ലാബുകളില്‍ അരി ശാസ്ത്രീയ പരിശോധന നടത്തി. എന്നാല്‍ നാളിതുവരെ ഇത്തരത്തിലുള്ള മാരകവിഷാംശം കലര്‍ന്നതായും മറ്റും പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രചരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും ജനങ്ങള്‍ ഇത്തരം വ്യാജപ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
നിഗമനം
ഭക്ഷ്യസുരക്ഷാ സാങ്കേതികമായി നടത്തിയ സാമ്പിള്‍ പരിശോധനകളില്‍ അരിയില്‍ യാതൊരു വിഷാംശങ്ങളും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:റേഷന്‍ അരിയില്‍ മാരക വിഷം എന്ന പേരിലുള്ള പ്രചരണങ്ങള്‍ വ്യാജം.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
