FACT CHECK: GTA 5 വീഡിയോ ഗെയിമിലെ ദൃശങ്ങള്‍ തുര്‍ക്കിയിലേത് എന്ന പേരില്‍ പ്രചരിക്കുന്നു…

അന്തര്‍ദേശിയ൦ | International കൌതുകം

വിവരണം 

തുര്‍ക്കി എന്ന രാജ്യം ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഫ്രാന്‍സിനെതിരെയുള്ള പ്രതിഷേധം, ഭൂകമ്പം, സുനാമി, തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രശ്നങ്ങള്‍ എന്നിങ്ങനെ അനേകം പ്രതിസന്ധികള്‍ക്ക് ഇടയിലാണ് ഇപ്പോള്‍ തുര്‍ക്കി. ഈ കഴിഞ്ഞ ദിവസം മുതല്‍ തുര്‍ക്കിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്. 

ഒരു വിമാനം ലാണ്ടിങ്ങിനായി റണ്‍വേയിലേക്കിറങ്ങുന്നതും അതേസമയം തന്നെ ഒരു ഓയില്‍ ടാങ്കര്‍ അതിവേഗം എത്തി റണ്‍വേയില്‍ വിമാനത്തിന്‍റെ പാതയ്ക്ക് കുറുകെ കൊണ്ടുവന്ന് നിര്‍ത്തുന്നതും ഉടന്‍ പൈലറ്റ്‌ വിമാനം ടേക്ക് ഓഫ് ചെയ്ത് അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നതുമായ രംഗങ്ങളാണ് വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത്. 

വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: 

“സംഭവം തുർക്കി എയർലൈലാണെത്ര ഇന്ധന ടാങ്കറുമായി തീവ്രവാദി ആസൂത്രണം.

 പൈലറ്റിന്റെ വൈദഗ്ധ്യവും ഒരു നിമിഷത്തിനുള്ളിൽ അദ്ദേഹം എടുത്ത തീരുമാനവും 380 യാത്രക്കാരെ രക്ഷിച്ചു.  അത്ഭുതം തന്നെ!!!”

വാട്ട്സ് അപ്പില്‍ രണ്ടു ദിവസമായി പ്രചരിക്കുന്ന വീഡിയോ ഫെസ്ബുക്കിലും ഞങ്ങള്‍ കണ്ടെത്തി. ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ 2019 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

archived linkFB post

ഇത് തെറ്റായ പ്രചാരണമാണെന്നും യാഥാര്‍ത്ഥ്യം മറ്റൊന്നാനെന്നും അന്വേഷണത്തിലൂടെ ഞങ്ങള്‍ കണ്ടെത്തി.

വസ്തുതാ വിശകലനം 

ഈ വീഡിയോയുടെ കീ ഫ്രെയിമുകള്‍ വേര്‍തിരിച്ച് റിവേഴ്സ്  ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ വീഡിയോ വീഡിയോ ഗെയിമില്‍ നിന്നുള്ളതാണ് എന്ന് വ്യക്തമായി. GTA 5 എന്നാണിതിന്‍റെ പേര്. 

ജിടിഎ 5 ഗ്രാന്‍റ്  തെഫ്റ്റ്‌ ഓട്ടോ എന്ന വീഡിയോ ഗെയിമാണ്, 2013 സെപ്റ്റംബറിൽ പ്ലേസ്റ്റേഷൻ 3, എക്സ് ബോക്സ് 360 എന്നിവയ്ക്കായാണ് ഗെയിം ആദ്യം പുറത്തിറക്കിയത്.  തുടർന്ന് 2015 ഏപ്രിലിൽ മൈക്രോസോഫ്റ്റ് വിൻഡോസിനായി പുറത്തിറക്കി. ഗെയിമിന്‍റെ ഈ പതിപ്പിൽ വിമാനം അവതരിപ്പിച്ചു. മൊബൈല്‍ ഫോണുകളിലും ഇപ്പോള്‍ GTA സുലഭമാണ്.  

വൈറൽ വീഡിയോയുടെ യാഥാര്‍ത്ഥ്യം അറിയാനായി, കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ യുട്യൂബിൽ അന്വേഷണം നടത്തി, വീഡിയോ യുടെ മുഴുവന്‍ പതിപ്പ്  കണ്ടെത്തി. 

archived linkyoutube

ഗെയിമറായ ഉമർ ഇമ്രാൻ  തന്‍റെ യൂട്യൂബ് ചാനലായ “ദി യുഐ ഗെയിമർ” ൽ ജൂൺ 20 ന് ” GTA5 — An “Oil Tanker” Accidentally Came in the Runway during landing of A380…” എന്ന തലക്കെട്ടോടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

രണ്ടു മിനിറ്റ് 53 സെക്കൻഡ് ദൈർഘ്യമുള്ള എഡിറ്റുചെയ്‌ത വീഡിയോയിൽ, ദൃശ്യങ്ങള്‍  ആനിമേറ്റു ചെയ്‌തതാണെന്ന് ഒരാൾക്ക് എളുപ്പത്തിൽ തിരിച്ചറിയാം. പോസ്റ്റിലൂടെ പ്രചരിക്കുന്ന  ഭാഗം 1.30 മിനിറ്റ് മുതൽ കാണാം.

വീഡിയോ ശ്രദ്ധിച്ചു നോക്കിയാല്‍ തന്നെ ഇത് അനിമേറ്റഡ് വീഡിയോ ആണെന്ന് മനസ്സിലാക്കാന്‍ കഴിയും. ഉമര്‍ ഇമ്രാന്‍റെ ചാനലില്‍ ഇതുപോലെ നിരവധി വീഡിയോകള്‍ കാണാന്‍ സാധിക്കും. 

ഉമര്‍ ഇമ്രാന്‍റെ വീഡിയോയില്‍ നിന്നുള്ള ഒരു ചെറിയ ഭാഗം എഡിറ്റ് ചെയ്തെടുത്ത് തുര്‍ക്കിയുടെ പേരില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. 

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വീഡിയോ GTA 5 എന്ന ഗെയിമില്‍ നിന്നുള്ളതാണ്. തുര്‍ക്കിയുമായോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യങ്ങളുമായോ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

Avatar

Title:GTA 5 വീഡിയോ ഗെയിമിലെ ദൃശങ്ങള്‍ തുര്‍ക്കിയിലേത് എന്ന പേരില്‍ പ്രചരിക്കുന്നു…

Fact Check By: Vasuki S 

Result: False