FACT CHECK: പണിമുടക്ക് ദിനത്തില്‍ യെച്ചുരി ഡല്‍ഹിയില്‍ ഗതാഗതകുരുക്കില്‍ പെട്ടതായി വ്യാജ പ്രചരണം

ദേശീയം | National രാഷ്ട്രീയം | Politics

വിവരണം

സംയുക്ത ട്രേഡ് യൂണിയന്‍റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച  അര്‍ദ്ധ രാത്രി മുതല്‍ ആരംഭിച്ച ദേശീയ പണിമുടക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തുടരുന്നു. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന കടമുറികളും വാഹനങ്ങള്‍ ഒഴിഞ്ഞ നിരത്തുകളും ചാനല്‍ വാര്‍ത്തകളില്‍ കാണിക്കുന്നുണ്ട്. പണിമുടക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. 

archived linkFB post

സീതാറാം യെച്ചുരിയുടെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാര്‍ത്ത ഇതാണ്: “ദേശീയ പണിമുടക്കിനെ അഭിസംബോധന ചെയ്യാന്‍ ട്രാഫിക്ക് ബ്ലോക്ക് കാരണം യെച്ചുരി ഡല്‍ഹിയില്‍ എത്തിയത് 4 മണിക്കൂര്‍ വൈകി…!!!” 

എന്നാല്‍ യെച്ചുരി ഇന്ന് ദേശീയ പണിമുടക്കിനെ അഭിസംബോധന ചെയ്തിട്ടില്ല. ഇത് പഴയ ഒരു പോസ്റ്റാണ്. വിശദാംശങ്ങള്‍ പറയാം

വസ്തുതാ വിശകലനം

ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഈ പോസ്റ്റ് 2020 ജനുവരി മുതല്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഇതേ ചിത്രം തന്നെയാണ് പ്രചരിപ്പിച്ചത് എന്ന് കാണാം. 

facebook | archived link

സിതാറാം യച്ചുരി ദേശീയ പണിമുടക്ക് ദിനമായ ഇന്ന് ഡല്‍ഹിയില്‍ ഏതെങ്കിലും യോഗത്തില്‍ പങ്കെടുക്കുന്നതായി വാര്‍ത്തകള്‍ ഇല്ല. ദേശീയ പണിമുടക്കിനെ കുറിച്ചുള്ള ആശയങ്ങള്‍ യെച്ചുരി തന്‍റെ ട്വിറ്റര്‍  പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിലും ഡല്‍ഹിയില്‍ അദ്ദേഹം യോഗത്തില്‍ പങ്കെടുക്കുന്നതായി സൂചനകളില്ല. ഡല്‍ഹിയിലെ ട്രാഫിക്ക് ബ്ലോക്ക് കുപ്രസിദ്ധമാണെങ്കിലും ദേശീയ പണിമുടക്ക് ദിനമായ ഇന്ന് കാര്യമായ ട്രാഫിക് ബ്ലോക്ക് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത  തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. ഈ വര്‍ഷം ആദ്യം  പ്രചരിച്ചുപോന്ന പോസ്റ്റ് ഇന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കാനായി വീണ്ടും പ്രചരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്നത്തെ ദേശീയ പണിമുടക്കുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

Avatar

Title:പണിമുടക്ക് ദിനത്തില്‍ യെച്ചുരി ഡല്‍ഹിയില്‍ ഗതാഗതകുരുക്കില്‍ പെട്ടതായി വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: False