
പ്രചരണം
മാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമാകുന്നുണ്ട്. മാതാ അമൃതാനന്ദമയി യുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ്: ആലപ്പാട് വില്ലേജിൽ അമൃതാനന്ദമയി മഠം അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 204 ഏക്കർ ഭൂമി കണ്ടെടുത്ത പാവപ്പെട്ടവർക്ക് നൽകാൻ തഹസിൽദാരുടെ ഉത്തരവ്… ബിഗ് സല്യൂട്ട് സാർ
അതായത് അമൃതാനന്ദമയി മഠം അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി തഹസിൽദാരുടെ നേതൃത്വത്തിൽ പാവപ്പെട്ടവർക്ക് നൽകാൻ ഉത്തരവായി എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു മഠത്തിന്‍റെ പേരിൽ വ്യാജ പ്രചരണമാണ് നടത്തുന്നത് എന്ന് അറിയാൻ കഴിഞ്ഞു.
വസ്തുത വിശകലനം
പോസ്റ്റിന് ഫേസ്ബുക്കില്‍ നല്ല പ്രചരണം ലഭിക്കുന്നുണ്ട്

ഞങ്ങൾ വാർത്തയെക്കുറിച്ച് മാധ്യമങ്ങളുടെ വെബ്സൈറ്റുകളിൽ അന്വേഷിച്ചെങ്കിലും ഇത്തരത്തിലൊരു വാർത്ത കാണാൻ സാധിച്ചില്ല. 2019 ല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത നിലവില്‍ ലഭ്യമല്ല. തഹസില്‍ദാര്‍ മഠത്തിന് നല്‍കിയ ഒരു നോട്ടീസ് ആണ് വാര്‍ത്തയുടെ ആധാരം.

പലരും ഈ നോട്ടിസ് സാമൂഹ്യ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതിനാൽ ഞങ്ങൾ നോട്ടിസ് പരിശോധിച്ചു. മഠത്തിന്‍റെ പേരിലുള്ള വസ്തുവില്‍ ആക്ഷേപമുണ്ടെന്നും ഈ നോട്ടിസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഒരു പ്ലീഡര്‍ മുഖേന ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം പുരയിടം നിങ്ങളുടെ അഭാവത്തില്‍ പോലും കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കും എന്നുള്ള അറിയിപ്പാണ് നോട്ടിസില്‍ ഉള്ളത്. അല്ലാതെ മഠം വക ഭൂമി കണ്ടെടുത്ത് പാവങ്ങള്‍ക്ക് നല്‍കും എന്നല്ല. 2019 മുതല്‍ ഈ പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ട്.
അമൃതാനന്ദമയി മഠം സ്ഥിതി ചെയ്യുന്ന ആലപ്പാട് വില്ലേജ് ഓഫീസുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. വില്ലേജ് ഓഫീസർ സജീവ് ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്: ഇത് തെറ്റായ പ്രചാരണമാണ്. അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട ഭൂമിയുമായി ബന്ധപ്പെട്ട ചില കേസുകൾ നിലവിലുണ്ട്. എന്നാൽ അത് പോസ്റ്റില്‍ നൽകിയിരിക്കുന്നത് പോലെ ഒന്നുമാണെന്ന് കരുതുന്നില്ല. മഠത്തിനെതിരെയുള്ള കേസുകൾ ഇപ്പോഴും കോടതിയിലാണ്. ഈ കേസുകൾ കോടതിയിൽ നിലനിൽക്കുകയാണ്. തഹസില്‍ദാര്‍ ഇത്തരത്തിൽ യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. കോടതിയാണ് അന്തിമതീരുമാനം എടുക്കേണ്ടത്. ഇത്തരത്തിൽ ഒരു ഉത്തരവ് വരികയാണെങ്കിൽ അത് വില്ലേജ് ഓഫീലേയ്ക്കാണ് വരിക. ഭൂമി കണ്ടെടുത്ത് നൽകാൻ തഹസിൽദാർ ഉത്തരവിടുകയാണെങ്കിൽ ആ ചുമതല വില്ലേജ് ഓഫീസർക്ക് ആയിരിക്കും. എന്നാൽ ഇന്നേദിവസം വരെ ഇങ്ങനെ ഒരു ഉത്തരവ് എനിക്ക് ലഭിച്ചിട്ടില്ല.”
കൂടാതെ ഞങ്ങൾ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ടു. മഠത്തിന്‍റെ മീഡിയ റിലേഷൻസ് കൈകാര്യം ചെയ്യുന്ന ഹരികൃഷ്ണൻ അറിയിച്ചത് ഇങ്ങനെയാണ്. “ഇത് വെറും തെറ്റായ പ്രചരണമാണ്. മഠത്തിനെതിരെ ഇവിടെ ചില രാഷ്ട്രീയക്കാർ അടിസ്ഥാനരഹിതമായ ചില കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. അവയൊക്കെ കോടതികളിൽ നിലനിൽക്കുന്നുണ്ട്. ഈ പറയുന്ന നോട്ടിസ് ലഭിച്ചത് 2018 ഡിസംബര്‍ മാസത്തില്‍ ആയിരുന്നു. ബന്ധപ്പെട്ട രേഖകള്‍ മഠത്തില്‍ നിന്നും ഹാജരാക്കിയിരുന്നു. മഠത്തിന്‍റെ വസ്തുക്കള്‍ കണ്ടെടുത്ത് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ ഇതുവരെ യാതൊരു ഉത്തരവും മഠത്തിന് ലഭിച്ചിട്ടില്ല. തഹസില്‍ദാര്‍ ഇങ്ങനെ ഉത്തരവിട്ടെങ്കില്‍ അതിന്‍റെ രേഖ ഉണ്ടാവേണ്ടതല്ലേ..? അങ്ങനെയെങ്കിൽ മഠത്തിന് ഉത്തരവ് ലഭിച്ചേനെ. ഇത് വെറും വ്യാജപ്രചരണം മാത്രമാണ്. അമൃതാനന്ദമയി മഠത്തിനെ അപകീർത്തിപ്പെടുത്താൻ മനപ്പൂർവ്വം ചെയ്യുന്ന വ്യാജപ്രചരണം മാത്രമാണിത്”
മാധ്യമങ്ങളിൽ ഇത്തരത്തിൽ യാതൊരു വാർത്തയും ലഭിക്കാത്തതിനാലും വില്ലേജ് ഓഫീസിൽ നിന്നും അമൃതാനന്ദമയി മഠത്തിൽ നിന്നും ഇത്തരത്തിലൊരു ഉത്തരവിനെ കുറിച്ച് അറിവില്ല എന്ന് മറുപടി ലഭിച്ചതിനാലും ഈ പ്രചാരണം തെറ്റാണെന്ന് ഉറപ്പിക്കാം.
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. അമൃതാനന്ദമയി മഠത്തിൽ 204 ഏക്കർ ഭൂമി കണ്ടെടുത്ത പാവങ്ങൾക്ക് വിതരണം ചെയ്യാൻ തഹസില്‍ദാര്‍ ഉത്തരവിട്ടു എന്നത് വെറും വ്യാജപ്രചരണം മാത്രമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം എന്ന് മാത്രമാണ് തഹസില്‍ദാര്‍ 2018 ല്‍ നല്‍കിയ നോട്ടിസില്‍ ഉള്ളത്. ഇക്കാര്യം ആലപ്പാട് വില്ലേജ് ഓഫീസർ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മഠം അധികൃതരും ഇത്തരത്തിലൊരു ഉത്തരവ് അവർക്ക് ലഭിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:അമൃതാനന്ദമയി മഠത്തിന്‍റെ 204 ഏക്കർ ഭൂമി പാവപ്പെട്ടവർക്ക് നൽകാൻ തഹസിൽദാർ ഉത്തരവിട്ടു എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…
Fact Check By: Vasuki SResult: False
