
മാസങ്ങളായി തുടരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞദിവസം ഇന്ത്യയൊട്ടാകെ വിവിധ രാഷ്ട്രീയ സംഘടനകള്‍ ബന്ദ് നടത്തിയിരുന്നു. അതിനുശേഷം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മദ്യക്കുപ്പികളിൽ നിന്നും മദ്യം ഒരു വലിയ വീപ്പലേക്ക് ഒഴിച്ച് നിറക്കുന്നതും പിന്നീട് ജനക്കൂട്ടത്തിന് ഗ്ലാസ്സുകളിൽ പകർന്നു നൽകുന്നതുമാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. മദ്യം ലഭിക്കാനായി ആളുകൾ തിരക്കും കൂട്ടുകയാണ്. കർഷക സമരത്തിനിടയിൽ മദ്യം വിളമ്പുകയാണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: കർഷക സമരം ശക്തമായി പുരോഗമിക്കുന്നു..…
കർഷക സമരത്തിനിടെ സമരപ്പന്തലിൽ മദ്യം വിതരണം ചെയ്യുകയാണ് എന്നാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്ത. ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. പൂർണ്ണമായും തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് വ്യക്തമാവുകയും ചെയ്തു
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോയുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ലഭിച്ച ചില സൂചനകൾ വഴി ആരാധനാലയത്തിലെ ആചാരവുമായി ബന്ധപ്പെട്ട മദ്യ വിതരണത്തിന്റെ ദൃശ്യങ്ങളാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഇതേ മദ്യ വിതരണത്തിന്റെ നിരവധി വീഡിയോകൾ ഞങ്ങൾ അന്വേഷണത്തില്‍ കണ്ടെത്തി. ആ വീഡിയോകൾക്കൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ലുധിയാനയിലെ കൗങ്കേ കലൻ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ബാബ റോദു ഷായുടെ ദർഗയിലേതാണ് ഈ വീഡിയോ.
ഈ വർഷം സെപ്റ്റംബർ 7 ന് ജനശക്തി ന്യൂസ് പഞ്ചാബ് പ്രക്ഷേപണം ചെയ്ത വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. ദൃശ്യങ്ങളില്‍ 10.41 മുതൽ 11.06 മിനിറ്റും 14.46 മുതൽ 18.09 മിനിറ്റും വരെയുള്ള ദൃശ്യങ്ങൾ പോസ്റ്റിലെത് തന്നെയാണ്. വീഡിയോയില്‍ ആളുകൾ വീപ്പയിലെയ്ക്ക് മദ്യക്കുപ്പികളില്‍ നിന്ന് മദ്യം നിറയ്ക്കുന്നത് കാണാം. ഈ വീഡിയോയുടെ തലക്കെട്ട് ഇങ്ങനെയാണ്, “മേള -ബാബ റോദു ഷായുടെ വലിയ സംഗമം. “
മദ്യത്തിനായി ആളുകള്‍ തിക്കും തിരക്കും കൂട്ടുന്ന മറ്റൊരു വീഡിയോയും അന്വേഷണത്തില്‍ ലഭിച്ചു. ആളുകൾക്കിടയിൽ മദ്യം വിതരണം ചെയ്യുന്നതായി അതിലും കാണാം. ഈ വർഷം സെപ്റ്റംബർ 7 നാണ് ഈ വീഡിയോ പ്രക്ഷേപണം ചെയ്തത്. വിവരണമനുസരിച്ച്, ഈ ദൃശ്യങ്ങളും കൗങ്കേ കലൻ ഗ്രാമത്തിലെ ബാബ റോദു ഷായുടെ ദർഗയുടേതാണ്.
ഇതിന് ശേഷം പഞ്ചാബ് ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകരുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. കാര്‍ഷിക സമരത്തിന്റെ വാര്‍ത്തകള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യുന്ന സിഖ് സിയാസത്ത് ന്യൂസ് എന്ന മാധ്യമത്തിന്റെ എഡിറ്റർ പരംജിത് സിംഗ് പറഞ്ഞത് ഇങ്ങനെയാണ്: “പഞ്ചാബിൽ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുന്ന ചില ‘ദേറ’കളുണ്ട്. എന്നാല്‍ ഈ വീഡിയോ കര്‍ഷക സമരത്തില്‍ നിന്നുള്ളതായിരിക്കില്ല. കർഷക സമരം തുടക്കം മുതൽ എന്റെ ടീം കവർ ചെയ്യുന്നതിനാൽ എനിക്ക് ഇത് കൃത്യമായി പറയാൻ കഴിയും.”
തുടർന്ന് ഞങ്ങള്‍ മറ്റൊരു മാധ്യമ പ്രവർത്തകനായ ജസ്വീർ സിംഗ് മുക്തസറുമായി ബന്ധപ്പെട്ടു. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്, “ഈ വീഡിയോ കർഷക സമരത്തിന്റെതല്ല. ലുധിയാനയിലെ കൗങ്കേ കലൻ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ബാബ റോദു ഷായുടെ ദർഗയിൽ മദ്യം വിതരണം ചെയ്യുന്ന വീഡിയോയാണ് ഇത്. എല്ലാ വർഷവും ബാബ റോഡ് ഷായുടെ ദർഗയിൽ ഒരു മേള നടക്കുകയും പ്രസാദമായി മദ്യം വിതരണം ചെയ്യുകയും പതിവുണ്ട്. ഈ വീഡിയോയ്ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല. “
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയുടെ ഒരു ലിങ്ക് അദ്ദേഹം ഞങ്ങള്‍ക്ക് അയച്ചുതന്നു. അതിൽ, ഒരു മാധ്യമപ്രവർത്തകൻ പോസ്റ്റിനൊപ്പം പ്രചരിക്കുന്ന അവകാശവാദം നിഷേധിക്കുകയാണ്. ഈ വീഡിയോ കർഷക സമരത്തില്‍ നിന്നുള്ളതല്ല എന്നും ലുധിയാനയിലെ കൗങ്കേ കലൻ ഗ്രാമത്തിലെ മദ്യ വിതരണത്തെക്കുറിച്ചുമാണ് എന്ന് ഈ പോസ്റ്റിന്റെ തലക്കെട്ടിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഈ വീഡിയോ ഒരു ഫ്രീലാൻസ് മാധ്യമ പ്രവർത്തകൻ സന്ദീപ് സിംഗാണ് ചിത്രീകരിച്ചതെന്ന് ജസ്വീർ സിംഗ് മുക്തസർ ഞങ്ങളോട് പറഞ്ഞു. ഇതിന് ശേഷം ഞങ്ങള്‍ ബാബ റോദു ഷാ ദര്‍ഗയുടെ കമ്മിറ്റി അംഗമായ ‘പോലാ സിംഗുമായി’ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ : “ഈ വീഡിയോ ബാബ റോദു ഷായുടെ ദർഗയിൽ നടന്ന മേളയുടെതാണ്. എല്ലാ വർഷവും സെപ്റ്റംബർ 5-6 വരെയാണ് ഈ മേള നടക്കുന്നത്. ഈ വർഷത്തെ മേളയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ഈ മേളയിൽ മദ്യമാണ് പ്രസാദമായി വിതരണം ചെയ്യുക.”
അവസാനം, മേൽപ്പറഞ്ഞ എല്ലാ തെളിവുകളും സ്ഥിരീകരിക്കുന്നതിനായി ഞങ്ങള്‍ കൗങ്കേ കലൻ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഹർപ്രീത് സിംഗുമായി സംസാരിച്ചു. ഈ വർഷം ബാബ റോദു ഷായുടെ ദര്‍ഗയില്‍ നടന്ന മേളയുടെ വീഡിയോ വൈറലാകുന്നതായി അദ്ദേഹം ഞങ്ങളോട് പറഞ്ഞു. “എല്ലാ വർഷവും ഈ മേളയുണ്ട്, ഇവിടെ പ്രസാദം മദ്യമാണ്.”
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഈ വീഡിയോ, പഞ്ചാബിലെ ലുധിയാനയിൽ, കൗങ്കേ കലൻ ഗ്രാമത്തില്‍ ബാബ റോദു ഷാ ദര്‍ഗയില്‍, ആളുകൾക്ക് വഴിപാട് പ്രസാദമായി മദ്യം വിതരണം ചെയ്യുന്നതിന്റെതാണ്. കാര്‍ഷിക സമരവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പഞ്ചാബിലെ ആരാധനാലയത്തില്‍ പ്രസാദമായി മദ്യവിതരണം നടത്തുന്ന ദൃശ്യങ്ങള്‍ കര്‍ഷക സമരവുമായി തെറ്റായി ബന്ധപ്പെടുത്തുന്നു…
Fact Check By: Vasuki SResult: False
