ഇലോൺ മസ്ക് ട്വിറ്റർ മേധാവിത്വം ഏറ്റെടുത്തപ്പോള്‍ നയമേധാവി വിജയ ഗഡ്ഡിയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍… പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്…

Misleading അന്തര്‍ദേശീയ

അമേരിക്കയിൽ കുടിയേറി പാർത്ത ഇന്ത്യൻ വംശജ വിജയ ഗഡ്ഡി ട്വിറ്റർ പ്ലാറ്റ് ഫോമിന്‍റെ ജനറൽ കൗൺസിൽ ആയിരുന്നു. അമേരിക്കൻ മുൻ പ്രസിഡന്‍റ് ആയിരുന്ന ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്നും നീക്കംചെയ്ത നടപടിയാണ് വിജയ് ഗഡ്ഡിയെ ശ്രദ്ധേയ ആക്കിയത്.  എന്നാൽ ഇലോൺ മസ്ക് ട്വിറ്റർ മേധാവിത്വം അടുത്തിടെ ഏറ്റെടുത്തതോടുകൂടി വിജയ് ഗഡ്ഡിയെ നയ മേധാവി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. 

ഇലോൺ മസ്ക് പുതിയ ട്വിറ്ററിന്‍റെ പുതിയ തലവനായി ചുമതലയേറ്റശേഷം വിജയ് ഗഡ്ഡിയെ മാനേജ്മെന്‍റിൽ നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

 പ്രചരണം

ഏതാനും വ്യക്തികള്‍ ഇയര്‍ ഫോണും മൈക്കും ഘടിപ്പിച്ചുള്ള സംഭാഷണത്തിന്‍റെ 19 ദൈർഘ്യം മാത്രമുള്ള  വീഡിയോ ആണ് പ്രചരിക്കുന്നത്. 

വിജയ ഗഡ്ഡി  ‘I do think we have failed in a couple of ways’ എന്ന് പറയുന്ന വാചകത്തോടെയാണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്. ‘I want to admit that’ എന്ന് പറയാന്‍ തുടങ്ങുമ്പോള്‍ മറ്റൊരു വ്യക്തി ‘failure comes with a big penalty’ എന്ന് ഇടയിൽ കയറി പറയുന്നു. You’re fired എന്ന് അയാള്‍ തുടരുന്നു. വിജയ ഗഡ്ഡെ തുടര്‍ന്ന് എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുഴുമിപ്പിക്കാനാകുന്നില്ല.

ഇലോൺ മാസ്ക് വിജയ് ഗഡ്ഡിയെ പുറത്താക്കുന്ന ദൃശ്യങ്ങളാണിത് എന്ന് ആരോപിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇന്ത്യാ വിരുദ്ധതയിൽ റെമീലാ ഥാപ്പറിൻ്റെ കൊച്ചു മോളായിട്ട് വരുന്ന ട്വിറ്റർ പോളിസി തലൈവി വിജയ ഗദ്ധയെ ട്വിറ്ററിൻ്റെ പുതിയ മുതലാളി എലോൺ മസ്ക്ക് പുറത്താക്കുന്ന രംഗം”

FB postarchived link

എന്നാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് നടക്കുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ജിം റോഗൻ എക്സ്പീരിയൻസ് എന്ന ഒരു പോഡ്കാസ്റ്റ് വീഡിയോയുടെ എപ്പിസോഡ് ലഭിച്ചു. 

വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത് 2019 മാർച്ച് ആറിന് ആണ്. വീഡിയോയുടെ തുടക്കത്തിൽ ചുവന്ന ടീഷർട്ട് ഉള്ളിൽ ധരിച്ച് കറുപ്പ് നിറത്തിലുള്ള ഓവർകോട്ട് ധരിച്ചയാള്‍ ഷോയുടെ അവതാരകനായ  ജിം ആണ്. 

“ജാക്ക് ഡോർസി ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറും ഇന്റർനെറ്റ് സംരംഭകനുമാണ്, അദ്ദേഹം ട്വിറ്ററിന്റെ സഹസ്ഥാപകനും സിഇഒയും മൊബൈൽ പേയ്‌മെന്റ് കമ്പനിയായ സ്‌ക്വയറിന്റെ സ്ഥാപകനും സിഇഒയുമാണ്. ട്വിറ്ററിൽ നിയമ, നയം, വിശ്വാസ്യത, സുരക്ഷ എന്നിവയുടെ ആഗോള തലവനായി വിജയ ഗാഡെ പ്രവർത്തിക്കുന്നു. ടിം പൂൾ ഒരു സ്വതന്ത്ര പത്രപ്രവർത്തകനാണ്- എന്നിങ്ങനെ ഡിസ്ക്രിപ്ഷൻ എഴുതിയിരിക്കുന്നു. 

ഈ പോഡ്കാസ്റ്റ് വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെടുത്ത് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. 

വൈറല്‍ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നവര്‍ 

  1. വിജയ ഗഡ്ഡി 2. ജാക്ക് ഡോര്‍സി 3. ടിം പൂള്‍ 

ട്വിറ്ററിന്‍റെ പുതിയ തലവന്‍ ഇലോണ്‍ മാസ്ക്  ഈ വീഡിയോ ദൃശ്യങ്ങളില്‍ ഇല്ല. അദ്ദേഹത്തിന്‍റെ ചിത്രം ഇതാണ്: 

ട്വിറ്ററിലെ ഏറ്റവും വിവാദപരമായ സ്ഥാനങ്ങളിലൊന്നായിരുന്നു  ഗഡ്‌ഡിക്കുണ്ടായിരുന്നത്: ഉള്ളടക്കം എങ്ങനെ മോഡറേറ്റ് ചെയ്യണമെന്ന് വിജയയുടെ ടീം തീരുമാനിക്കുന്നു. 2020-ൽ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡനെക്കുറിച്ചുള്ള ന്യൂയോർക്ക് പോസ്റ്റ് ലേഖനത്തിന്‍റെ വിതരണം ട്വിറ്റർ തടഞ്ഞപ്പോൾ അത് വിജയയെ  വലതുപക്ഷ വിമർശനത്തിന് ഇരയാക്കി. അതിനു മുമ്പേയായിരുന്നു ട്രംപിന്‍റെ അക്കൌണ്ട് നീക്കം ചെയ്ത നടപടി സ്വീകരിച്ചത്.  

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ആഗോള മൈക്രോ ബ്ലോബ്ലോഗിങ് വെബ്‌സൈറ്റിന്‍റെ തലപ്പത്ത് ഇലോൺ മസ്‌ക് സമൂല അഴിച്ചുപണി നടത്തി. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ആദ്യത്തെ നടപടിയായി കമ്പനിയുടെ പ്രധാനപ്പെട്ട നാല് എക്സിക്യൂട്ടീവുമാരെ ഇലോൺ മസ്ക് പുറത്താക്കിയിരുന്നു. കമ്പനിയുടെ സിഇഒ പരാഗ് അഗർവാൾ, ലീഗൽ എക്സിക്യൂട്ടീവ് വിജയ് ഗഡ്ഡെ എന്നിവരെയടക്കമാണ് പുറത്താക്കിയത്.

മനോരമയുടെ വീഡിയോ വാര്‍ത്ത: 

ട്വിറ്ററിന്‍റെ ഉന്നത അഭിഭാഷകൻ ജീവനക്കാർക്ക് ഉറപ്പുനൽകുന്നു, മസ്‌ക് ഏറ്റെടുക്കുന്നതിനെക്കുറിച്ച് മീറ്റിംഗിൽ കരയുന്നു

മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ നീക്കം ചെയ്യുന്നതിനും രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കുന്നതിനുമുള്ള തീരുമാനങ്ങളിൽ ഉൾപ്പെട്ട ഒരു പ്രധാന എക്സിക്യൂട്ടീവ് വിജയ ഗാഡെ, പ്ലാറ്റ്‌ഫോമിന്‍റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം പ്രകടിപ്പിച്ചുവെന്ന് വാര്‍ത്തകളുണ്ട്

എന്നാല്‍ ഇലോൺ മസ്ക്, വിജയ ഗഡ്ഡയെ പുറത്താക്കിയതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. പ്രധാന എക്സിക്യൂട്ടിവുകളുടെ പുറത്താക്കലിനെ കുറിച്ച് ട്വിറ്റര്‍ മാനേജ്മെന്‍റില്‍ നിന്നും ഇതുവരെ വിശദീകരണം ഒന്നുംതന്നെ പുറത്തുവന്നിട്ടില്ല എന്നതാണ് വസ്തുത. 

എഡിറ്റ് ചെയ്ത വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്.

വൈറല്‍ വീഡിയോയുടെ വിവരണത്തില്‍ പരാമര്‍ശിക്കുന്ന റോമില ഥാപ്പർ പുരാതന ഇന്ത്യയിലെ പ്രമുഖ ചരിത്രകാരിയാണ്, ഇന്ത്യയുടെ  ഭൂതകാലത്തിന്‍റെ ഹൃദയഭാഗത്തുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന സ്കോളർഷിപ്പിന് ലോകമെമ്പാടും ആദരിക്കപ്പെട്ട വ്യക്തിയാണവര്‍. ഓക്‌സ്‌ഫോർഡ് ഉൾപ്പെടെയുള്ള ഉന്നത സർവ്വകലാശാലകളിൽ നിന്ന് ഓണററി ഡോക്ടറേറ്റ് നേടിയിട്ടുള്ള റോമില, ക്ലൂഗ് സമ്മാനം നേടിയിട്ടുണ്ട് – സാമൂഹിക ശാസ്ത്രത്തിനുള്ള നൊബേലിന് സമാനമാണിത്.  അടുത്ത കാലത്ത് ചില ബിജെപിയുടെ ചില നേതാക്കള്‍ ഇന്ത്യയ്ഉടെ ചരിത്ര രചനയുടെ പേരില്‍ റോമിലയെ വിമര്‍ശിച്ചിരുന്നു. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2019 ല്‍ ട്വിറ്റര്‍ എക്സിക്യൂട്ടിവുകള്‍ പങ്കെടുത്ത ഒരു പോഡ്കാസ്റ്റ് വീഡിയോയില്‍ നിന്നും ചില ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെടുത്ത് തെറ്റായ വിവരണം കൂട്ടിചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്. വിജയ ഗഡ്ഡി ഉള്‍പ്പെടെയുള്ള എക്സിക്യൂട്ടിവുകളെ പുറത്താക്കിയ നടപടി ട്വിറ്റര്‍ സ്വീകരിച്ചത് 2022 ഒക്ടോബര്‍ അവസാന ദിവസങ്ങളിലാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇലോൺ മസ്ക് ട്വിറ്റർ മേധാവിത്വം ഏറ്റെടുത്തപ്പോള്‍ നയമേധാവി വിജയ ഗഡ്ഡിയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍… പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്…

Fact Check By: Vasuki S 

Result: MISLEADING