ചൂടുള്ള തേങ്ങാവെള്ളം കാന്‍സര്‍ അകറ്റും… വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കല്ലേ…

ആരോഗ്യം

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളുമായി ചില സന്ദേശങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ചൂടുള്ള തേങ്ങാവെള്ളം ക്യാൻസറിനെ പ്രതിരോധിക്കുമെന്ന്  അവകാശപ്പെടുന്ന ഒരു സന്ദേശം ഇപ്പോള്‍  സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.  

പ്രചരണം 

ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. രാജേന്ദ്ര യുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: “ക്യാൻസർ ബാധിച്ച് ചികിത്സയിൽ മടുത്ത ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

  *ദയവായി ചൂടു തേങ്ങാ വെള്ളം*

  ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ.രാജേന്ദ്ര എ.  * ഈ വാർത്താക്കുറിപ്പ് ലഭിച്ച എല്ലാവരും പത്ത് കോപ്പികൾ മറ്റുള്ളവർക്ക് അയച്ചാൽ, തീർച്ചയായും ഒരു ജീവനെങ്കിലും രക്ഷിക്കാനാകുമെന്ന് ബഡ്‌വേ നിർബന്ധിച്ചു … * നിങ്ങൾ ഇതിനകം അത് ചെയ്തുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.  നിങ്ങളുടെ പങ്ക് ചെയ്യുക.  നന്ദി!

   * ചൂടുള്ള തേങ്ങാവെള്ളം ജീവിതത്തിലുടനീളം ക്യാൻസറിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു *

   * ചൂടുള്ള തേങ്ങ ~ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുന്നു!

   *ഒരു ​​കപ്പിൽ തേങ്ങ 2-3 കഷ്ണം മുറിച്ച് ചൂടുവെള്ളത്തിൽ ഇട്ടാൽ അത് “ആൽക്കലൈൻ വാട്ടർ” ആയി, ദിവസം മുഴുവൻ കുടിക്കുക, ആർക്കും നല്ലത്.*

   * ചൂടുള്ള തേങ്ങാവെള്ളം കാൻസർ വിരുദ്ധ പദാർത്ഥം പുറത്തുവിടുന്നു, ക്യാൻസറിനെ ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള മെഡിക്കൽ രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റം.

  * ചൂടുള്ള തേങ്ങാനീര് വ്രണങ്ങളെയും മുഴകളെയും ബാധിക്കും.  എല്ലാത്തരം ക്യാൻസറുകളും തടയുമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.*

   * തേങ്ങാ സത്ത് ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള ചികിത്സ ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കാത്ത മാരകമായ കോശങ്ങളെ മാത്രമേ നശിപ്പിക്കൂ.

  * കൂടാതെ, തേങ്ങാനീരിലെ അമിനോ ആസിഡുകളും കോക്കനട്ട് പോളിഫെനോളുകളും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ആഴത്തിലുള്ള സിര ത്രോംബോസിസ് ഫലപ്രദമായി തടയുകയും രക്തചംക്രമണം ക്രമീകരിക്കുകയും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

   വായിച്ചതിനുശേഷം, * മറ്റുള്ളവരോട് പറയുക, കുടുംബം, സുഹൃത്തുക്കൾ, സ്നേഹം പ്രചരിപ്പിക്കുക!  * സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക.”

FB postarchived link

എന്നാല്‍ വ്യാജ സന്ദേശമാണ് ടാറ്റ ഹോസ്പിറ്റലിലെ ഡോക്റ്ററുടെ പേരില്‍ പ്രചരിക്കുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ സന്ദേശത്തെ കുറിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞപ്പോള്‍ 2019 മെയ് 19 ന് പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു ലേഖനം ലഭിച്ചു. ലേഖനത്തില്‍ ഈ അവകാശവാദം തെറ്റാണെന്നും ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. രാജേന്ദ്ര ബദ്‌വെ ഒരിക്കലും ഇങ്ങനെയൊരു സന്ദേശം നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചൂടുള്ള തേങ്ങാവെള്ളത്തിന് ക്യാൻസർ ഭേദമാക്കാൻ കഴിയുമെന്ന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നും വിശദീകരണം നല്കിയിട്ടുണ്ട്. അതായത് ഈ വ്യാജ സന്ദേശം 2019 മുതല്‍ പ്രചരിക്കുന്നുണ്ട് എന്നര്‍ത്ഥം. 

ദ ഹിന്ദുവിന്‍റെ ഈയിടെയുള്ള ലേഖനമനുസരിച്ച്  ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിന്‍റെ പേരില്‍പ്രചരിക്കുന്ന വൈറൽ സന്ദേശത്തിൽ പറയുന്ന അറിയിപ്പ് തെറ്റാണെന്നും ചൂടുള്ള തേങ്ങാവെള്ളം കാന്‍സറിനെന്നല്ല, ഒരു തരത്തിലുള്ള രോഗത്തിനും ചികിത്സ നൽകുമെന്ന് സൂചിപ്പിക്കുന്ന ഡാറ്റയൊന്നുമില്ലെന്നും ആവർത്തിക്കുന്നു.  

കൂടാതെ, തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നു അറിയിച്ചുകൊണ്ട് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിന്‍റെ പത്രക്കുറിപ്പ് പങ്കിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങള്‍ക്ക് ലഭിച്ചു.

ചൂടുള്ള തേങ്ങാവെള്ളത്തിന് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുമെന്ന സന്ദേശം ഡോ. രാജേന്ദ്രയോ  ടാറ്റ മെമ്മോറിയൽ ആശുപത്രിയോ നല്‍കിയിട്ടില്ലെന്ന് കുറിപ്പ്  വ്യക്തമാക്കുന്നു. പത്രക്കുറിപ്പിന്‍റെ ആധികാരികത ഞങ്ങൾക്ക് സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല.  കൂടാതെ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററിലെ ഒങ്കോളജിസ്റ്റ് ഡോ. കലാവതിയോട് സന്ദേശത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങളുടെ പ്രതിനിധിക്ക് ലഭിച്ച മറുപടി ഇതാണ്: തെറ്റായ സന്ദേശമാണ്. ചൂടുള്ള തേങ്ങാ വെള്ളത്തിന് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഇതുവരെ യാതൊരു തെളിവുകളുമില്ല. രോഗികളില്‍  ചിലര്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ വിശ്വസിച്ച്  ചികില്‍സയില്‍ നിന്ന് വിട്ടുപോയാല്‍ അവരുടെ ജീവന് തന്നെ ഭീഷണി ആയിത്തീരും. അതിനാല്‍ ഇങ്ങനെയുള്ള സന്ദേശങ്ങളുടെ പ്രചരണം തടയാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്” 

ചൂടുള്ള തേങ്ങാവെള്ളം ക്യാൻസറിനെ സുഖപ്പെടുത്തുമെന്ന് വിശ്വസനീയമായ വിവരങ്ങളൊന്നും പ്രശസ്ത മെഡിക്കൽ ജേണലുകളിൽ കണ്ടെത്താനായില്ല.

നിഗമനം 

പോസ്റ്റിലെ സന്ദേശം തെറ്റാണ്. ചൂടുള്ള തേങ്ങാവെള്ളം ക്യാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന് ഡോ. രാജേന്ദ്രയോ ടാറ്റ മെമ്മോറിയൽ ആശുപത്രിയോ പ്രസ്താവിച്ചിട്ടില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചൂടുള്ള തേങ്ങാവെള്ളം കാന്‍സര്‍ അകറ്റും… വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കല്ലേ…

Fact Check By: Vasuki S 

Result: False