കേജരിവാളിന്‍റെ മോചനം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍.. പ്രചരിക്കുന്നത് 2017 ലെ വീഡിയോ…

സാമൂഹികം

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നിഷേധിക്കപ്പെട്ട കെജ്രിവാള്‍ ഇ‌ഡി കസ്റ്റഡിയിലാണ്.  സംഭവത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. 

കെജ്രിവാളിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ നിന്നുള്ള അക്രമ സംഭവങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

പോലീസും പ്രതിഷേധകരും ഇരുവശത്തും നിന്നുകൊണ്ട് ഒരാളെ അങ്ങോട്ടുമിങ്ങോട്ടുമായി തള്ളിയിടാന്‍ നോക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കെജരിവാളിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തില്‍ നിന്നുള്ളതാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അഴിമതിക്കാരൻ കേജരിവാളിനെ ഉടൻതന്നെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമരത്തിന് പോയ സുഡാപ്പികളിൽ ഒരുവൻ പറന്നു നടന്ന് സമരം ചെയ്യുന്ന മനോഹര കാഴ്ച്ച…..”

FB postarchived link

എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2017 ലേതാണെന്നും അരവിന്ദ് കേജരിവാളുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍  വ്യക്തമായി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ വീഡിയോ 2017 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് എന്നു വ്യക്തമായി. 

Archived

വീഡിയോ മധ്യപ്രദേശിലെ സാഗറില്‍ നിന്നുള്ളതാണെന്ന് ചില കമന്‍റുകള്‍ അറിയിക്കുന്നു. ഈ സൂചന ഉപയോഗിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സമാന വീഡിയോ ഇന്‍ഖബര്‍ മാധ്യമത്തിന്‍റെ  യുട്യൂബ് ചാനലില്‍ നിന്നും ലഭിച്ചു. 

Archive

മധ്യപ്രദേശിലെ സാഗറിൽ പ്രതിഷേധം നടത്തുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ അന്തരീക്ഷത്തില്‍ കുടുങ്ങിയപ്പോള്‍ എന്ന അടിക്കുറിപ്പിലാണ് വീഡിയോ.  

മധ്യപ്രദേശിലെ കർഷകർ കാർഷിക കടങ്ങൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയതിന് പിന്തുണച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയ സന്ദർഭത്തിലെ വീഡിയോ ആണിത്.  പ്രതിഷേധത്തിന്‍റെ  മറ്റൊരു ആംഗിളിൽ ചിത്രീകരിച്ച വീഡിയോ എഎൻഐ ന്യൂസ് നൽകിയിട്ടുണ്ട്. 

Archive

2017 ല്‍ മധ്യപ്രദേശിലെ സാഗറില്‍ നടന്ന കോണ്‍ഗ്രസ്സ് പ്രതിഷേധത്തിന്‍റെ വീഡിയോ ആണിത്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. 2017ല്‍ കര്‍ഷകരെ അനുകൂലിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. അരവിന്ദ് കേജരിവാളിന്‍റെ മോചനം ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കേജരിവാളിന്‍റെ മോചനം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍.. പ്രചരിക്കുന്നത് 2017 ലെ വീഡിയോ…

Written By: Vasuki S 

Result: False