
വിവരണം
Day Line media എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 25 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 2200 ലധികം ഷെയറുകളായിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേരളത്തിലെ കമ്മ്യൂണിസ്റ് പാർട്ടിയെപ്പറ്റി പറഞ്ഞ അഭിപ്രായമാണ് പോസ്റ്റിലെ പ്രതിപാദ്യ വിഷയം. “കേരളത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസമുണ്ടായിട്ടും സ്വന്തമായി ചിന്തിക്കാനുള്ള കഴിവില്ലാത്തതുകൊണ്ടാണ് ലോകമെമ്പാടും നിരോധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോഴും അവിടെ നിലനിൽക്കുന്നത് –അരവിന്ദ് കെജ്‌രിവാൾ” ഇങ്ങനെ കെജ്‌രിവാൾ അഭിപ്രായപ്പെട്ടു എന്നതാണ് പോസ്റ്റിലെ വാദഗതി.
ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരളത്തിൽ അടുത്തിടെയുണ്ടായ ചെറിയ വിവാദത്തിനു ശേഷം വാർത്താ സമ്മേളനം നടത്തി ആംആദ്‌മി പാർട്ടി നേതൃത്വം വ്യക്തമാക്കിയ വാർത്ത ഈയടുത്ത കാലത്ത് നാം കണ്ടതാണ്. ഇതേ വിവാദത്തെപ്പറ്റിയുണ്ടായ തെറ്റായ വാർത്തയെക്കുറിച്ചുള്ള വസ്തുതാ പരിശോധന ഞങ്ങൾ നടത്തിയിരുന്നു. ഇവിടെ വായിക്കാം.
വസ്തുതാ പരിശോധന
അരവിന്ദ് കെജ്‌രിവാൾ ഇപ്രകാരം പാമാരമർശം നടത്തിയോ എന്നറിയാൻ ഞങ്ങൾ വാർത്താ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ തിരഞ്ഞു നോക്കി. ആം ആദ്മി പാർട്ടിയും കേരളവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്ത 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് പിന്തുണ നല്കുന്നതിനെക്കുറിച്ചതാണ്.
archived link | samakalikamalayalam |
archived link | indiatoday |
പോസ്റ്റിൽ ആരോപിക്കുന്നതുപോലെയുള്ള ഒരു പരാമർശം അരവിന്ദ് കെജ്രിവാൾ എവിടെയെങ്കിലും നടത്തിയിട്ടുള്ളതായി യാതൊരു സൂചനകളുമില്ല. മാത്രമല്ല കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെ കെജ്രിവാൾ പുകഴ്ത്തി സംസാരിക്കുന്ന ഒരു വീഡിയോ ഞങ്ങൾക്ക് ലഭിക്കുകയും ചെയ്തു. വീഡിയോ താഴെ കൊടുത്തിരിക്കുന്നു.

രണ്ടു വർഷം മുമ്പ് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ടാണ് താഴെ കൊടുത്തിരിക്കുന്നത്. വാർത്തയിൽ കെജ്‌രിവാൾ പിണറായി വിജയനുമായി സഖ്യത്തെപ്പറ്റി ചർച്ച നടത്തിയതിനെ കുറിച്ചാണ്
ആം ആദ്മി പാർട്ടി എൽഡിഎഫിന് പിന്തുണ നൽകുന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഏതാനും മാധ്യമങ്ങളുടെ ലിങ്കുകളും വാർത്തയുടെ സ്ക്രീൻഷോട്ടും താഴെ കൊടുത്തിരിക്കുന്നു.

archived link | southlive |
archived link | manoramaonline |
archived link | manoramanews |

കെജ്‌രിവാൾ പാർട്ടി നിലപാടുകളും മറ്റു ആനുകാലിക സംഭവങ്ങളും പതിവായി ട്വിറ്റർ പേജിലൂടെ പൊതുജനങ്ങളുമായി പങ്കു വയ്ക്കാറുണ്ട്. അദ്ദേഹത്തിന്‍റെ ട്വിറ്റർ അക്കൗണ്ട് ഞങ്ങൾ പരിശോധിച്ചു പോസ്റ്റിലെ ആരോപണം ശരി വയ്ക്കുന്ന യാതൊരു സൂചനകളും ലഭ്യമായില്ല.
കൂടാതെ ആം ആദ്‌മി പാർട്ടിഅവരുടെ വെബ്‌സൈറ്റിൽ പ്രധാന തീരുമാനങ്ങളുടെയും നിലപാടുകളുടെയും അറിയിപ്പുകൾ നൽകാറുണ്ട്. അതിലെവിടെയും പോസ്റ്റിൽ പറയുന്നതു പോലെയുള്ള ആരോപണം കാണാനില്ല. കെജ്‌രിവാളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ യൂട്യൂബിൽ ഞങ്ങൾ തിരഞ്ഞു. പരിശോധന ഫലങ്ങളിൽ യാതൊരു തെളിവും ലഭിച്ചില്ല. അതിനാൽ ഇതൊരു വ്യാജ പ്രചാരണമാണെന്ന് അനുമാനിക്കാം
നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂർണമായും വ്യാജമായ വാർത്തയാണ്. കെജ്രിവാൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. മറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 2019 ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിക്കുകയാണ് ആം ആദ്മി പാർട്ടി അധ്യക്ഷനായ കെജ്‌രിവാൾ ചെയ്തത്. അതിനാൽ തെറ്റായ വാർത്തയുള്ള ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Title:കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റി കെജ്‌രിവാൾ ഇങ്ങനെ അഭിപ്രായപ്പെട്ടോ ..?
Fact Check By: Deepa MResult: False
