
വിവരണം
പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “ഹിന്ദു സ്നേഹം പേരിൽ മാത്രംപിന്നൊക്കക്കാരായ ഹിന്ദുക്കൾക്ക് എതിരെ കൊടും ക്രൂരത…
തെറ്റു കണ്ടാൽ പ്രതികരിക്കാൻ.. ഒന്നല്ല.. ഒരായിരം ഷാജിമാർ ഇവിടെയുണ്ട്..??
അവരിലൊരാളാവാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ജോയിൻ ചെയ്യൂ.. ഒഫീഷ്യൽ ഗ്രൂപ്പിൽ..??” എന്ന വിവരണത്തോടെ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. 2019 മെയ് 4ന് പോസ്റ്റ് ചെയ്തിരിക്കുന്ന വാർത്ത 24 മണിക്കൂർ എത്തുന്നതിനു മുമ്പുതന്നെ 11000 ഷെയറുകൾ കടന്നിട്ടുണ്ട്. “ജയ്പൂരിൽ മോദിക്ക് വേദിയൊരുക്കാൻ 300 വീടുകൾ ഇടിച്ചു നിരത്തി. എതിർത്തവർക്ക് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം. കിടപ്പാടം നഷ്ടപ്പെട്ട് 300 കുടുംബങ്ങൾ അന്തിയുറങ്ങുന്നത് തെരുവിൽ. ഇതാണ് പാവങ്ങളെ സംരക്ഷിക്കുന്ന കാവൽക്കാരന്‍റെ തനിനിറം” എന്ന വാർത്തയുടെ തലക്കെട്ട് കൊടും ക്രൂരത എന്നാണ്. മലയാളത്തിലെ നിരവധി വാർത്താ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് വെറും താൽക്കാലിക വേദി നിർമ്മിക്കാനായി 300 വീടുകൾ നശിപ്പിച്ചോ… പിന്നോക്കക്കാരായ ഹിന്ദുക്കളോട് കൊടും ക്രൂരത കാട്ടിയോ.. എതിർത്തവരെ ബിജെപിക്കാർ ക്രൂരമായി മർദ്ദിച്ചോ …നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഈ വാർത്ത വസ്തുതാ പരിശോധനയ്ക്ക് എടുത്തപ്പോൾ ഞങ്ങൾ ദേശീയ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകൾ പരിശോധിച്ചു നോക്കുകയാണ് ആദ്യം ചെയ്തത്. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി റിപ്പോർട്ട് ചെയ്യാൻ ദേശീയ മാധ്യമങ്ങൾ തീർച്ചയായും എത്തും. ഞങ്ങളുടെ അനുമാനം ശരിയായിരുന്നു. ദേശീയ മാധ്യമങ്ങളെല്ലാം തന്നെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയുടെ സ്ക്രീൻഷോട്ടും ലിങ്കുകളും താഴെയുണ്ട്. ഒരു മാധ്യമ വാർത്തയിൽ പോലും 300 വീടുകൾ ഇടിച്ചു നിരത്തി എന്ന് വിവരണം നൽകിയിട്ടില്ല.

Economic Times | Archived Link |
The Hindu | Archived Link |
India Today | Archived Link |
ഇംഗ്ലീഷ് വാർത്താ മാധ്യമമായ the wire ആണ് റാലിക്കു വേണ്ടി മൈതാനമൊരുക്കാൻ 300 വീടുകൾ ഇടിച്ചു നിരത്തിയെന്ന വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

The Wire | Archived Link |
wire വാർത്ത ഞങ്ങൾ നന്നായി പരിശോധിച്ചു. ജയ്‌പൂർ മനസസരോവറിന് സമീപം വിറ്റി റോഡിൽ മോദിയുടെ റാലിക്കായി വേദിയൊരുക്കാൻ ബുൾഡോസർ ഉപയോഗിച്ച് നിലം വൃത്തിയാക്കിയപ്പോൾ നൂറുകണക്കിന് വീടുകൾ ഇല്ലാതായി എന്ന് വാർത്തയിൽ വിവരണമുണ്ട്. 500 രൂപ ചിലവിൽ ടാർപോളിൻ ഷീറ്റുകൾ ഉപയോഗിച്ച് മറച്ച കുടിലുകളായിരുന്നു അവയെന്ന് വാർത്ത പറയുന്നു.റാലി നടക്കുന്നതിനു വെറും നാലു ദിവസം ബാക്കിയുള്ളപ്പോൾ തിടുക്കപ്പെട്ട് അവരെ ഒഴിപ്പിക്കുകയായിരുന്നു എന്നും വാർത്തയിൽ പറയുന്നു. പലർക്കും വീട്ടുസാധനങ്ങൾ മുഴുവൻ എടുക്കാൻ സാധിച്ചില്ല. ശ്രുതി ജെയിൻ എന്ന റിപ്പോർട്ടറുടേതാണ് വാർത്ത.
ബിജെപിക്കാർ പ്രശനത്തിൽ പങ്കാളികളായിരുന്നു എന്നും താഴ്ന്ന ജാതിയിൽപ്പെട്ട ഹിന്ദുക്കളായിരുന്നു ഒഴിവാക്കപ്പെട്ടവരെന്നും വാർത്തയിൽ ഒരിടത്തും പരാമർശമില്ല. കൂടുതൽ വിശദാംശങ്ങൾക്കു വേണ്ടി ഞങ്ങൾ ശ്രുതിയുമായി ബന്ധപ്പെട്ടു. “സർക്കാരിന്‍റെ ഭാഗത്തുനിന്നുമാണ് നീക്കം നടന്നത്. ഇത് സർക്കാർ ഭൂമിയാണ്. ചേരി നിവാസികളുടേത് അനധികൃത കുടിയേറ്റമാണ്. എങ്കിലും അവർക്ക് വേറെ കിടപ്പാടമില്ല. ബിജെപിയല്ല പൊലീസാണ് ഒഴിപ്പിച്ചത്.” കൂടാതെ വാർത്തയിൽ പോലീസ് ആരോപണം നിഷേധിച്ചു എന്നും തെക്കൻ ജയ്‌പൂർ പോലീസ് സൂപ്രണ്ടായ രാഗേഷ് ദധിച്ച് “ഞങ്ങൾ ഒരു വീടുപോലും നശിപ്പിച്ചിട്ടില്ല.സുരക്ഷയുടെ ഭാഗമായി കുറച്ചുപേരേ പരിശോധിക്കുക മാത്രമാണ് ചെയ്തത്. വീട് നശിപ്പിക്കൽ സാധ്യമായ കാര്യമാണോ” എന്ന് അഭിപ്രായപ്പെട്ടതായും പറയുന്നുണ്ട്. അതായത് പോസ്റ്റിൽ ആരോപിക്കുന്നത് പോലെ ബിജെപിക്കാർക്ക് പ്രശ്നത്തിൽ പങ്കില്ല. താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളെയാണ് ഒഴിപ്പിച്ചതെന്നും ഒരിടത്തും പരാമർശമില്ല. സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി താമസിക്കുകയായിരുന്നു ഒഴിപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന കുടുംബങ്ങൾ.
നിഗമനം
ഈ വാർത്ത പൂർണമായും ശരിയല്ല.300 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടുവെന്ന് wire എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വാർത്ത പരിഭാഷപ്പെടുത്തി ഏഷ്യാനെറ്റ് ഉൾപ്പെടെ നിരവധി മലയാള മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വാർത്തയെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പുനരവതരിപ്പിച്ചിരിക്കുകയാണ് ഈ പോസ്റ്റിൽ ചെയ്തിരിക്കുന്നത്. ബിജെപിക്കാർ എതിർത്ത കുടുംബങ്ങളെ മർദ്ദിച്ചു എന്ന് എവിടെയും കാണാനില്ല. അതുപോലെ തന്നെ പോസ്റ്റിൽ വിവരിക്കുന്ന പോലെ താഴ്ന്ന ജാതിയിൽപ്പെട്ട ഹിന്ദുക്കളാണ് കുടിയൊഴിപ്പിക്കപ്പെട്ടവർ എന്നും വർത്തയിലില്ല. അതിനാൽസത്യവും വ്യാജവുമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഈ പോസ്റ്റ് മിശ്രിതമായ വിഭാഗത്തിൽ പെടുത്തുന്നു.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Title:ജയ്‌പ്പൂരിൽ കുടിയൊഴിപ്പിക്കപ്പെട്ട, കിടപ്പാടം നഷ്ടപ്പെട്ടവരെ ബിജെപിക്കാർ മർദ്ദിച്ചോ…?
Fact Check By: Deepa MResult: Mixture
