
ഉത്തര്‍പ്രദേശിലെ ലക്‌നൗ, അയോധ്യ, റായ്ബറേലി, കെ സര്‍ഗഞ്ച്, അമേഠി, ജമ്മു കശ്മീരില്‍ ബാരാമുള്ള തുടങ്ങിയ മണ്ഡലങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ഇലക്ഷനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വാർത്തകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വോട്ടെടുപ്പിനിടെ ഒരു പോളിംഗ് ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ആരോ സ്വകാര്യ ക്യാമറയിൽ പകര്‍ത്തിയത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് തെലിംഗാനയിലെ ബഹാദുര്‍പുരയിലെതാണ് എന്നാണ് അവകാശപ്പെടുന്നത്.
പ്രചരണം
വീഡിയോയിൽ പ്രിസൈഡിംഗ് ഓഫീസർ എന്ന് തോന്നിക്കുന്ന ഒരു ഉദ്യോഗസ്ഥനെ കാണാം. ഇവിഎം മെഷീൻ മറച്ചു വച്ചിരിക്കുന്നതിനു സമീപത്തായി ഒരു വ്യക്തി നിൽക്കുന്നുണ്ട്. വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് വേണ്ടി അയാൾ ഇവിഎം മെഷീനിലെ സ്വിച്ച് അമർത്തുന്നു എന്നാണ് നമുക്ക് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വോട്ട് ചെയ്യാനെത്തിയ ചിഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ തെലിംഗാനയിലെ ബഹാദുര്‍പുരയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “ബഹദൂർപുര ദയവായി ഇത് വൈറൽ ആക്കുക, അതുവഴി തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും തിരഞ്ഞെടുപ്പ് നടത്താം.
ഇതിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ 400 കടക്കുകയുള്ളൂ. ഇതാണ് രാജ്യത്തേ തെരെഞ്ഞെടുപ്പ് vote ചെയ്യാൻ ഒരാൾ പ്രത്യേക Daily Wages ൽ നിർത്തിയ മാതിരിയാണ് നടക്കുന്നത്.”
ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ സംഭവം ബഹാദുര്‍പുരയില്‍ നിന്നുള്ളതല്ല എന്ന് വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളില്‍ ഒരെണ്ണത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ചില വാർത്തകൾ ലഭിച്ചു. 2022 ഫെബ്രുവരി 27 നുള്ള വാർത്തകൾ പ്രകാരം വീഡിയോ പശ്ചിമ ബംഗാളിൽ നിന്നുള്ളതാണ്.

2022 ഫെബ്രുവരി ഒടുവില്‍ പശ്ചിമ ബംഗാളിൽ 108 മുനിസിപ്പാലിറ്റി സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതിൽ ദംദം എന്ന സ്ഥലത്ത് ഒരു ബൂത്തിലാണ് ഈ ക്രമക്കേട് നടന്നതെന്ന് ഞങ്ങളുടെ ബംഗ്ലാ ടീം അന്വേഷണത്തിൽ വിശദമാക്കിയിരുന്നു. എന്നാൽ ആരാണ് ക്രമക്കേടുകൾ നടത്തുന്നത് എന്നോ ഏതു പാർട്ടിയിൽ പെട്ടവരാണ് എന്നോ ഔദ്യോഗികമായ റിപ്പോർട്ടുകൾ വന്നിട്ടില്ല എന്നും അവർ വ്യക്തമാക്കി. ഈ വീഡിയോ ഉൾപ്പെടുത്തി ടിവി നയൻ ബംഗള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെക്കന്‍ ദംദമിലെ 33 ആം വാര്‍ഡിലെ 106 ആം ബൂത്തിലെ ഏജന്‍റ് വോട്ട് രേഖപ്പെടുത്തുന്നു എന്നാണ് വിവരണം. “സൗത്ത് ഡംഡം മുനിസിപ്പാലിറ്റിയിലെ വാർഡ് 33 ലെ വോട്ടെടുപ്പ് ലേക്‌വ്യൂ സ്‌കൂളിൽ നടക്കുന്നു. ഏജന്‍റ് തന്നെ വോട്ടർമാരെ തടഞ്ഞുനിർത്തി ഇവിഎമ്മിലെ ബട്ടൺ അമർത്തുന്നു. ആ വീഡിയോ കാണുക.”
കൂടാതെ ഈ വാർത്ത ബംഗ്ലാ പ്രാദേശിക മാധ്യമങ്ങളും നൽകിയിട്ടുണ്ട്. തെക്കൻ ദംദമിലെ ബൂത്തിലാണ് സംഭവം നടന്നത് എന്നാണ് വാർത്തകളിൽ നൽകിയിട്ടുള്ളത്. ബംഗ്ലാ ഭാഷയാണ് ബൂത്ത് ഏജന്‍റ് സംസാരിക്കുന്നത് എന്ന് ഞങ്ങളുടെ ബംഗാളി ടീം സ്ഥിരീകരിച്ചിട്ടുണ്ട്.
“തെലങ്കാനയിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്ന ഒരു പഴയ വീഡിയോ വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നു. വീഡിയോ തെലങ്കാനയിൽ നിന്നുള്ളതല്ല. കൂടുതൽ വസ്‌തുതകൾക്ക്, ദയവായി വാർത്ത കുറിപ്പ് നോക്കുക – സിഇഒ തെലങ്കാന” എന്ന വിവരണത്തോടെ തെലിംഗാന മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ X ല്‍ വിശദീകരണ കുറിപ്പ് നല്‍കിയിട്ടുണ്ട്.
വീഡിയോ ദൃശ്യങ്ങള്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു.
നിഗമനം
പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങൾ ബഹാദുര്‍പുരയില്‍ നിന്നുള്ളതല്ല. പശ്ചിമബംഗാളിൽ 2022 ഫെബ്രുവരിയില്‍ മുനിസിപ്പാലിറ്റി സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു ബൂത്തില്‍ നടന്നതാണ് ഈ സംഭവം. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പുമായോ ബഹാദുര്‍പുരയുമായോ ദൃശ്യങ്ങൾക്കു യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബഹാദുര്‍പുരയില്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് ബംഗാളില്‍ നിന്നുള്ള പഴയ വീഡിയോ…
Fact Check By: Vasuki SResult: False
