മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടേതല്ല ഈ മൃതദേഹങ്ങൾ…

ദേശീയം | National സാമൂഹികം

വിവരണം

Ratheesh Rajan‎ എന്ന പ്രൊഫൈലിൽ നിന്നും പോരാളി ഷാജി (Official) എന്ന ഫേസ്ബുക്ക് പേജിലേക്ക് 2019 മെയ് 5 ന്  പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രം 24  മണിക്കൂർ തികയുന്നതിനു മുമ്പ് 2500 ഷെയറുകൾ കടന്ന് വൈറലായിക്കൊണ്ടിരിക്കുന്നു. “മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ശവശരീരം ഇങ്ങനെയാണ് കൊണ്ടുപോകുന്നത് ? പുട്ടിന് പീര ഇടുന്ന പോലെ എപ്പോഴും പട്ടാളം പട്ടാളം എന്ന് പറഞ്ഞ് കരയുന്ന സംഘികൾ ഭരിക്കുമ്പോൾ പട്ടാളക്കാരുടെ അവസ്ഥ ഇതാണ്.” എന്നൊരു വിവരണം ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്.കാർട്ടണുകളിൽ പൊതിഞ്ഞ മൃതദേഹങ്ങളാണ് ചിത്രത്തിലുള്ളതെന്ന് അനുമാനിക്കുന്നു.

archived link FB post

മഹാരാഷ്ട്രയിലെ ഗട്ച്ചിറോലിയിൽ  2019 മെയ് 1 ന് വെളുപ്പിന് 3.30 ന്  മാവോയിസ്റ്റ് ആക്രമണം ഉണ്ടായ വാർത്ത നാം മാധ്യമങ്ങൾ വഴി അറിഞ്ഞിരുന്നല്ലോ… അതിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 16 പേർ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകൾ  25 വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. അതിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ  മൃതദേഹം ചിത്രത്തിൽ കാണുന്നത് പോലെ  കാർട്ടണുകളിൽ പൊതിഞ്ഞാണോ കൊണ്ടുപോയത്..? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം

ഞങ്ങൾ ചിത്രം google reverse image ഉപയോഗിച്ച് പരിശോധിച്ചു. അന്വേഷണ ഫലത്തിന്റെ സ്ക്രീൻഷോട്ട് താഴെ കൊടുത്തിരിക്കുന്നു.

അവിടെ നിന്നും ലഭിച്ച വെബ്‌സൈറ്റ് ലിങ്കുകൾ വായിച്ചപ്പോൾ ഇത് മഹാരാഷ്ട്രയിലെ ഗട്ച്ചിറോലിയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടേതല്ല ഈ മൃതദേഹങ്ങൾ എന്നതിന് വ്യക്തമായ സൂചനകൾ ലഭിച്ചു. പിന്നെ കാർഡ്ബോർഡ് പെട്ടികളിൽ പൊതിഞ്ഞ ഈ മൃതദേഹങ്ങൾ ആരുടേതാണ് ..? ഫേസ്‌ബുക്കിൽ മാത്രമല്ല, ട്വിറ്റർ, വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം, റെഡിറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെല്ലാം മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേത് എന്ന പേരിൽ നിരവധിപ്പേർ കേന്ദ്ര സർക്കാർ ഭരണത്തെ അപലപിച്ചുകൊണ്ട് പ്രസ്തുത  ചിത്രങ്ങൾ  പോസ്റ്റ് ചെയ്തിട്ടുണ്ട്. അവയിൽ ചിലത് താഴെയുണ്ട്.

archived link Twitter

archived link Twitter

എന്നാൽ ചിത്രങ്ങൾ മാവോയിസ്റ്റ് അക്രമണത്തിന്റേതല്ല എന്ന് മറ്റു ചിലർ വാദിക്കുന്ന പോസ്റ്റുകളും കാണാൻ സാധിക്കും.

archived link twitter

തുടർന്ന് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ചിത്രത്തിന്‍റെ വസ്തുത ലഭ്യമായി. ഈ ചിത്രങ്ങൾക്ക് രണ്ടു വർഷം വർഷം പഴക്കമുണ്ട്. 2017 ഒക്ടോബർ ആദ്യവാരം അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 7  ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. അവരുടെ മൃതദേഹം കൊണ്ടുവന്ന സന്ദർഭത്തിലെടുത്ത ചിത്രങ്ങളാണിത്. അപകടം നടന്ന് രണ്ടു ദിവസം പിന്നിട്ടപ്പോൾ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ അന്നു മുതൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങുകയും ചെയ്തു.

archived link
zeenews
archived link
sify
archived link
indiatvnews

ഇന്ത്യൻ പ്രതിരോധസേന തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ധീര രക്തസാക്ഷികളുടെ മൃതദേഹം ഇത്തരത്തിൽ കൊണ്ടുവന്നത് അന്യായമായിപ്പോയി എന്ന് കുറിച്ചിരുന്നു. അതിൽ ഈ ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

archived link Twitter

വസ്തുതാ പരിശോധന വെബ്‌സൈറ്റുകൾ ഇതേപ്പറ്റി ലേഖനങ്ങൾ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Altnews
Archived Link

ഞങ്ങളുടെ വെബ്‌സൈറ്റ്  ഹിന്ദി ഭാഷയിൽ ഇതേ വസ്തുതാ പരിശോധന നടത്തിയിരുന്നു.

കൂടാതെ അമർ ഉജാല എന്ന ഹിന്ദി വാർത്താ മാധ്യമം ചിത്രങ്ങൾ ഉപയോഗിച്ച്  വ്യത്യസ്തമായ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ്: മൃതദേഹം കൊണ്ടുപോകുവാനുള്ള പേടകങ്ങളും ബാഗുകളും പ്രതിരോധ സേനയ്ക്ക് വേണ്ടി സർക്കാർ അമേരിക്കയിൽ നിന്ന്  1999 ൽ വാങ്ങിയിരുന്നു. ഇതിന്റെ കരാർ സംബന്ധിച്ച് ഉയർന്ന അഴിമതി ആരോപണങ്ങളെ തുടർന്ന് ബാഗുകൾ പ്രതിരോധ വകുപ്പിന് കൈമാറാതെ തടഞ്ഞു വച്ചിരിക്കുകയാണ്. ധീര ജവാൻമാരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതും ഒട്ടേറെ വിമർശനങ്ങൾ ഉയർന്നതും കണക്കിലെടുത്ത്  ബാഗുകൾ  ഉടൻ കൈമാറണമെന്ന് പ്രതിരോധ വകുപ്പ്  ആവശ്യപ്പെട്ടതായാണ് അമർ ഉജാല വാർത്ത നൽകിയിരിക്കുന്നത്.

AmarujalaArchived Link

ഞങ്ങൾ നടത്തിയ വിശകലനത്തിൽനിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ ചിത്രങ്ങൾ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ മാവോയിസ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അല്ല.

നിഗമനം

പോസ്റ്റിൽ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയാണ്.  ഈ ചിത്രം മഹാരാഷ്ട്രയിൽ ഈയിടെയുണ്ടായ മാവോയിസ്റ്റ് അക്രമത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടേതല്ല. 2017 ഒക്ടോബറിൽ അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനിക ഉദ്യോഗസ്ഥരുടേതാണ്. അതിനാൽ തെറ്റായ വിവരണമുള്ള ഈ പോസ്റ്റ് മാന്യ വായനക്കാർ പ്രചരിപ്പിക്കാതിരിക്കുക.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ, ഫേസ്‌ബുക്ക്

Avatar

Title:മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടേതല്ല ഈ മൃതദേഹങ്ങൾ…

Fact Check By: Deepa M 

Result: False