
ബുർഖ ധരിച്ച ഒരു പുരുഷനെ പോലീസ് പിടികൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ ജമ്മു കാശ്മീറിൽ നടക്കുന്ന കള്ളക്കടത്തിന്‍റെതാണ് എന്നാണ് പ്രചരണം.
പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പോലീസ് ഒരു ബുർഖ ധരിച്ച പുരുഷനെ പിടികൂടുന്ന ദൃശ്യങ്ങൾ കാണാം. ഈ വ്യക്തി കള്ളക്കടത്ത് നടത്തുന്നതാണെന്ന് തോന്നുന്നു. ഈ പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “*ഫുൽവാമയിൽ RDX, ബ്രൗൺ ഷുഗർ, മറ്റു മയക്കുമരുന്നുകൾ, തോക്ക്, ഗ്രനേഡ് വരെ ഭാരതത്തിൽ എത്തിയതും, എത്തിക്കുന്ന ഗതാഗത രീതിയും, ഉത്ഭവകേന്ദ്രവും, വഴിയും.. ദേ, ഇതാണ്.. “ബൂ൪ക്ക വേണം, ബൂ൪ക്ക വേണം.. ഞമ്മൻ്റെ ബീഗം വീടിന് പുറത്ത് പോകുമ്പോൾ ഏതുസമയവും ബൂ൪ക്ക ധരിക്കണം..” എന്ന് നി൪ബന്ധിക്കുന്നത് എന്തിനാണെന്ന് ഇപ്പോൾ മനസ്സിലായോ?!?*”
അടികുറിപ്പിൽ സന്ദർഭം കൊടുത്തിരിക്കുന്നത് 2019ൽ നടന്ന പുൽവാമ തീവ്രവാദ ആക്രമണത്തിന്‍റെതാണ്. ഈ ആക്രമണത്തിൽ ഇന്ത്യയുടെ 82 ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ഏറ്റവും പ്രധാന ചോദ്യമായിരുന്നു ഈ സ്ഫോടനം നടത്താനുള്ള RDX ഇന്ത്യയിലേക്ക് എങ്ങനെയാണ് കടത്തി കൊണ്ട് വന്നത്? ഈ സംഭവത്തിന്‍റെ അന്വേഷണം NIA നടത്തുന്നുണ്ട്. എന്നാൽ എന്താണ് യഥാര്‍ത്ഥ സംഭവം എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് താഴെ നൽകിയ വീഡിയോ ലഭിച്ചു. ഈ സംഭവത്തിന്‍റെ ഒരു വീഡിയോ ബംഗ്ലാദേശിലെ സ്‌മൈൽ ടി.വി എന്ന യൂട്യൂബ് ചാനൽ 11 മാർച്ച് 2021ന് പ്രസിദ്ധികരിച്ചിട്ടുണ്ട്.
വീഡിയോയുടെ വിവരണ പ്രകാരം ഈ സംഭവം ബംഗ്ലാദേശിലെ ചാറ്റോഗ്രാമിലാണ് നടന്നത്. ചാറ്റോഗ്രാമിലെ രാവൊസാൻ എന്ന നഗരത്തിൽ ഗർഭിണിയായ സ്ത്രീയുടെ വേഷം ധരിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്ന ഒരു യുവാവിനെ ബംഗ്ലാദേശ് പോലീസ് പിടികൂടുന്ന ദൃശ്യങ്ങൾ ആണ് നാം കാണുന്നത്.
ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ ഗൂഗിളിൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ചില ബംഗ്ലാദേശി മാധ്യമങ്ങളിൽ ഈ സംഭവത്തിനെ കുറിച്ചുള്ള വാർത്ത ലഭിച്ചു. ഈ റിപോർട്ടുകൾ അനുസരിച്ച് സാഗർ (20) എന്ന ഈ യുവാവും ഭാര്യ അമീന ബീഗം (19) എന്നിവരെ മയക്കുമരുന്ന് കടത്തി കൊണ്ട് പോകാൻ ശ്രമിക്കുന്നത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തു. ചാറ്റോഗ്രാം പൊലീസിന് ഈ മയക്കുമരുന്ന് കടത്തുമായി സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരം അനുസരിച്ചാണ് ഇവർ ഈ നടപടി നടത്തി ഈ രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
വാർത്ത വായിക്കാൻ – Cvoice24 | Archived
വൈറൽ വീഡിയോയിൽ നമുക്ക് ബംഗ്ലാദേശ് പോലീസിന്‍റെ യൂണിഫോമിൽ അവരുടെ ബാഡ്ജ് വ്യക്തമായി കാണാം. ഈ വീഡിയോ ഇന്ത്യയിലേതല്ല എന്ന് നമുക്ക് ഉറപ്പിക്കാം.
നിഗമനം
ജമ്മു കാശ്മീരിൽ ബുർഖ ധരിച്ച് കള്ളക്കടത് നടത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോ ബംഗ്ലാദേശിൽ 3 കൊല്ലം മുൻപ് നടന്ന ഒരു സംഭവത്തിന്‍റെതാണ്.
