കൽബുർഗിയിൽ 2018ൽ നടന്ന രാം നവമിയുടെ ജാഥയുടെ എഡിറ്റ് ചെയ്ത വീഡിയോ വീണ്ടും തെറ്റായ വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു… 

Communal

സമൂഹ മാധ്യമങ്ങളിൽ ഉജ്ജയിനിൽ മുഹറം ആചരിക്കുന്നതിനിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉന്നയിച്ചത്തിന്‍റെ പക വീട്ടാൻ ജനങ്ങൾ അതെ പള്ളിയുടെ മുന്നിൽ പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം 

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കാവി പതാക പിടിച്ച ജനങ്ങളുടെ വലിയൊരു ജാഥ കാണാം. ഈ ജാഥ ഒരു പള്ളിയുടെ മുന്നിൽ നിന്നാണ് പോകുന്നത്. വീഡിയോയിൽ പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങൾ നമുക്ക് കേൾക്കാം. പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: “അടുത്തിടെ ഉജ്ജയിൻ നഗരത്തിൽ നടന്ന മുക്കരം ഘോഷയാത്രയിൽ മുസ്ലീങ്ങൾ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി. രണ്ടാം ദിവസം നഗരത്തിലെ മുഴുവൻ ഹിന്ദുക്കളും കാവി പതാകയുമായി പള്ളിക്ക് മുന്നിൽ തടിച്ചുകൂടി, “പാകിസ്ഥാൻ സിന്ദാബാദ്വിളിച്ചവർ ഇവിടെ ജീവിക്കരുത്, പാകിസ്ഥാനിലേക്ക് പോകുക,” അവർ പ്രതിഷേധിച്ചു. ഹിന്ദുക്കളുടെ ഒത്തുചേരൽ നോക്കൂ. അവർ വീണ്ടും പാകിസ്ഥാന് അനുകൂലമായി സംസാരിക്കുമോ? അത്തരം മനോഭാവം ഇന്ത്യയിലാകെ ഉണ്ടായിരിക്കണം. ഉണരൂ ഹിന്ദുക്കളെ

എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം 

പ്രചരണം മൂന്ന് കൊല്ലം മുമ്പും നടന്നിരുന്നു. അന്ന് ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ച് ഈ സംഭവത്തിന്റെ സത്യാവസ്ഥ ഈ റിപ്പോർട്ടിൽ പ്രസിദ്ധികരിച്ചിരുന്നു. 

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ യുട്യൂബില്‍ മാര്‍ച്ച്‌ 2018ല്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. ഈ വീഡിയോയില്‍ ഒറിജനല്‍ ഓഡിയോ എഡിറ്റ്‌ ചെയ്തിട്ടാണ് പ്രചരിപ്പിക്കുന്നത് എന്നും ഈ യുട്യൂബ് വീഡിയോയില്‍ നിന്ന് നമുക്ക് മനസിലാവുന്നു.

YouTube

വീഡിയോയുടെ ശീര്‍ഷകത്തില്‍ നിന്ന് മനസിലാവുന്നത് ഈ വീഡിയോ ഗുല്‍ബര്‍ഗയില്‍ നിന്നാണ്. ഈ വീഡിയോയില്‍ ശ്രദ്ധിച്ചാല്‍ നമുക്ക് കരനടക സ്റ്റേറ്റ് റിസേര്‍വ് പോലീസിന്‍റെ വാഹനം നമുക്ക് കാണാം.

ഞങ്ങൾ വീഡിയോ പരിശോധിച്ച് ഈ പള്ളിയും കണ്ടെത്തി. ഈ പള്ളി കർണാടകയിലെ കലബുർഗിയിലെ ആലന്ത് റോഡിൽ സ്ഥിതി ചെയ്യുന്ന SHQ ബർഗാഹ്‌ എ കാദ്രി പള്ളിയാണ്. ഈ പള്ളിയുടെ സ്ട്രീറ്റ് വ്യൂ താഴെ നൽകിയിട്ടുണ്ട്.

ഈ സ്ട്രീറ്റ് വ്യൂ പ്രസ്തുത വീഡിയോയുമായി താരതമ്യം ചെയ്ത വീഡിയോയിൽ കാണുന്ന പള്ളി കലബുർഗിയിലെ ബർഗാഹ്‌ എ കാദ്രി പള്ളി തന്നെയാണെന്ന് വ്യക്തമാകുന്നു.

എന്തായിരുന്നു ഉജ്ജയിനിൽ നടന്ന സംഭവം?

ഓഗസ്റ്റ് 22, 2021ന് മധ്യപ്രദേശ് പോലീസ് 4 പേരെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചു എന്ന ആരോപണത്തിൽ അറസ്റ്റ് ചെയ്തിരുന്നു. കർശനമായ രാഷ്ട്രീയ സുരക്ഷ നിയമ പ്രകാരമാണ് ഇവർക്കെതിരെ പോലീസ് കേസ് എടുത്തത്. ഓഗസ്റ്റ് 19, 2021ൽ ഉജ്ജയിനിലെ ഗീത കോളനിയിലെ ഒരു പള്ളിയിൽ മുഹറം ആചരിക്കുന്നത്തിനിടെ ചിലർ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉന്നയിച്ചു എന്നായിരുന്നു ആരോപണം. ഈ സംഭവത്തെ കുറിച്ച് വിശദമായി ഇന്ത്യ ടുഡേയുടെ ഈ റിപ്പോർട്ടിൽ വായിക്കാം.

നിഗമനം  

ഉജ്ജയിനിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ച പള്ളിയുടെ മുന്നിൽ കാവി പതാക പിടിച്ച് ജനങ്ങളുടെ വൻ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കർണാടകയിൽ 2018ൽ നടന്ന രാം നവമി ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ ആണ്.