
വിവരണം
നിയമസഭ, ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളുടെ ഫാലം ഇന്നലെ പുറത്ത് വന്നിരുന്നു. എല്‍ഡിഎഫും യുഎഡിഎഫും അവരവരുടെ മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്ന തരത്തിലെ ഫലമായിരുന്നു പുറത്ത് വന്നത്. പാലക്കാട് നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപും വിജയിച്ചു. വയനാട് ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയും. അതെസമയം ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ് പരാജയപ്പെട്ടാല്‍ താന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെയ്ക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു എന്നും സതീശന്‍ ഈ വാക്ക് പാലിക്കാന്‍ തയ്യാറാകുമോ എന്നും സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “തൃക്കാക്കരയിലും പുതുപ്പള്ളിയിലുമെല്ലാം ഞങ്ങള്‍ ചെയ്ത ടീം വര്‍ക്ക്, ചേലക്കരയില്‍ ചെയ്തതിന്‍റെ ഒരു ആത്മവിശ്വാസം.. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ചെയ്ത വര്‍ക്ക്, ഞങ്ങള്‍ നടത്തിയ പരിപാടികള്‍.. ഒരു വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട് സഹപ്രവര്‍ത്തകര്‍.. അപ്പോള്‍ അത് അര്‍പ്പിച്ചിട്ടും അതിന് എന്തെങ്കിലും കുഴപ്പം പറ്റിയാല്‍ ഞാന്‍ അല്ലാതെ വേറെ ആരാണ് ഉത്തരവാദി.. വേറെ ആരും ആയിരിക്കില്ലാ ഞാന്‍ മാത്രം ആയിരിക്കും.” എന്ന് വി.ഡി.സതീശന്‍ ന്യൂസ് മലയാളം 24×7 ചാനലില്‍ പറയുന്നതാണ് പ്രചരിക്കുന്ന വീഡിയോ.
ചേലക്കരയിൽ തോറ്റാൽ താൻ മാത്രമാണ് ഉത്തരവാദി എന്നും, രാജിവെക്കും എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്ന വീഡിയോ വൈറലാകുന്നു… അദ്ദേഹം രാജിവെക്കേണ്ടതുണ്ടോ? നിങ്ങളുടെ അഭിപ്രായം എന്താണ്.? VD സതീശൻ വടശേരി ദാമോദരന്റെ മകൻ അല്ല എന്നും അതുകൊണ്ട് പറഞ്ഞ വാക്ക് പാലിച്ച് രാജി വെക്കണ്ട എന്നാണ് VD സതീശന്റെ ജന്മനാടായ മരട്, നെട്ടൂരിലെ ജനങ്ങൾ പറയുന്നത്.. എന്ന തലക്കെട്ട് നല്‍കി സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ അനീഷ് നന്ദ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ കാണാം –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞിട്ടുണ്ടോ? വസ്തുത അറിയാം..
വസ്‌തുത ഇതാണ്
പ്രചരിക്കുന്ന വീഡിയോയില്‍ തന്നെ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ താന്‍ രാജിവെക്കുമെന്ന ഒരു പ്രസ്താവന സതീശന്‍ പറഞ്ഞതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ. പിന്നീട് ന്യൂസ് മലയാളം 24×7ന്‍റെ സമൂഹമാധ്യമങ്ങളിലെ പേജുകള്‍ പരിശോധിച്ചതില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ പങ്കുവെച്ച ഇതെ വീഡിയോയുടെ റില്‍ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു.
വി.ഡി.സതീശന്‍റെ വാക്കുകള്‍ ഇങ്ങനെയാണ് –
“കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഇല്ലാത്ത ഐക്യമാണ് കോൺഗ്രസില്‍ ഇപ്പോഴുള്ളത്. എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരും ടീം ആയിട്ടാണ് വര്‍ക്ക് ചെയ്യുന്നത്. എല്ലാവരും ഏറ്റെടുക്കുന്ന അസൈന്‍മെന്‍റ്‌സ് അതിമനോഹരമായിട്ടാണ് പൂര്‍ത്തിയാക്കുന്നത്. ഇത് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും പാലക്കാട്. തൃക്കാക്കരയിലും പുതുപ്പള്ളിയിലുമെല്ലാം ഞങ്ങള്‍ ചെയ്ത ടീം വര്‍ക്ക്, ചേലക്കരയില്‍ ചെയ്തതിന്‍റെ ഒരു ആത്മവിശ്വാസം.. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ചെയ്ത വര്‍ക്ക്, ഞങ്ങള്‍ നടത്തിയ പരിപാടികള്‍.. ഒരു വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട് സഹപ്രവര്‍ത്തകര്‍.. അപ്പോള്‍ അത് അര്‍പ്പിച്ചിട്ടും അതിന് എന്തെങ്കിലും കുഴപ്പം പറ്റിയാല്‍ ഞാന്‍ അല്ലാതെ വേറെ ആരാണ് ഉത്തരവാദി.. വേറെ ആരും ആയിരിക്കില്ലാ ഞാന്‍ മാത്രം ആയിരിക്കും..” എന്നതാണ് സതീശന്‍റെ വാക്കുകളുടെ പൂര്‍ണ്ണരൂപം. ഇതില്‍ എവിടെയും ഉണ്ടാകുന്ന തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലാ എന്നതാണ് യഥാര്‍ത്ഥ്യം. എന്നാല്‍ തോറ്റാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം തനിക്ക് മാത്രമായിരിക്കുമെന്നുമാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍.
ചേലക്കരയില്‍ പരാജയത്തെ കുറിച്ച് നടത്തിയ വി.ഡി.സതീശന്‍റെ പ്രസ്താവന ഇങ്ങനെയാണ് – തന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിയ സ്ഥലമാണ് ചേലക്കര. 3,000 വോട്ടിനെങ്കിലും ജയിക്കുമെന്ന് കരുതിയ മണ്ഡലമാണ്. നല്ല വര്‍ക്ക് നടന്ന മണ്ഡലമാണ്. പാലക്കാടിനെക്കാള്‍ നന്നായി വര്‍ക്ക് ചെയ്ത മണ്ഡലമാണ്. എന്നിട്ടും എങ്ങനെയാണ് തോറ്റതെന്ന് പരിശോധിക്കും. പരിശോധിച്ചതിന് ശേഷം മാത്രമെ പ്രതികരിക്കാന്‍ കഴിയു. പരിശോധിക്കാതെ മുന്‍കൂട്ടി കയറി തോല്‍വിയുടെ കാരണം പറയാനില്ലായെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് മലയാളം 24×7 പങ്കുവെച്ച റീല്‍ വീഡിയോ –
വി.ഡി.സതീശന്‍റെ പ്രതികരണം (മാതൃഭൂമി ന്യൂസ്) –
മറ്റ് മാധ്യമ റിപ്പോര്‍ട്ടുകളും പരിശോധിച്ചതില്‍ നിന്നും ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും മണ്ഡലത്തില്‍ പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞതായി വാര്‍ത്തകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നും സ്ഥരീകരിച്ചിട്ടുണ്ട്.
നിഗമനം
ഉപതെരഞ്ഞെടുപ്പില്‍ തോല്‍വി സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവിദത്തം താന്‍ മാത്രമായിരിക്കുമെന്നായിരുന്നു വി.ഡി.സതീശന്‍റെ വാക്കുകള്‍. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടുണ്ടോ? വസ്തുത അറിയാം..
Fact Check By: Dewin CarlosResult: Partly False
