
കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യത്തെ കുറിച്ചുള്ള പരസ്യം എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വീഡിയോയില്‍ ലൈംഗിക ചുവയുള്ള സംഭാഷണത്തോടെ ഒരു സ്ത്രീ മദ്യത്തെയും മദ്യപാനത്തെയും പ്രോല്‍സാഹിപ്പിച്ച് സംഭാഷണം നടത്തുന്നതും ഒടുവില്‍ ബെവ്കോയുടെ പേര് പറയുന്നതും ലോഗോ സ്ക്രീനില്‍ തെളിഞ്ഞുവരുന്നതും കാണാം.
സംസ്ഥാന സര്ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ പരസ്യമാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “Kerala ബിവറേജസ് കോർപ്പറേഷന്റെ പരസ്യം. കേരളത്തിൻറെ അധംപതനം എത്രത്തോളം എത്തിയെന്ന് നോക്കൂ. കഷ്ടം
#highlighteveryoneallfollowers”
എന്നാല്‍ ഇത് വ്യാജ പ്രചരണം മാത്രമാണെന്നും ബെവ്കോ ഇങ്ങനെ ഒരു പരസ്യം നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇതാണ്
ബെവ്കോ ഇങ്ങനെ പരസ്യം നല്‍കിയിട്ടുണ്ടോ എന്നു തിരഞ്ഞപ്പോള്‍ അവകാശവാദത്തെ സാധൂകരിക്കുന്ന വിവരങ്ങളൊന്നും ലഭ്യമായില്ല. അതിനാല്‍ ഞങ്ങള്‍ കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ നിയമ വിഭാഗവുമായി സംസാരിച്ചു. “പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ് ബെവ്കോയ്ക്ക് എതിരെ നടത്തുന്നത്. ബെവ്കോ ഇതുവരെ ഇങ്ങനെയൊരു പരസ്യം നല്‍കിയിട്ടില്ല. ഇതെന്നല്ല യാതൊരു പരസ്യവും ഇതുവരെ നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ മദ്യ ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള യാതൊന്നും ഒരിക്കലും ചെയ്യില്ല. അത് സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരാണ്. ഈ വ്യാജ പരസ്യം ഒരു വര്‍ഷത്തിന് മുകളിലായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ഞങ്ങള്‍ നിയമനടപടികള്‍ സ്വീകരിക്കുകയും പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ആരോ അതേ വീഡിയോ ഇപ്പോള്‍ വീണ്ടും പ്രചരിപ്പിക്കുകയാണ്. ഈ പരസ്യവുമായി ബെവ്കോയ്ക്ക് യാതൊരു ബന്ധവുമില്ല” എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നല്കിയ മറുപടി.
നിഗമനം
പോസ്റ്റിലെ പരസ്യ വീഡിയോ കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചതല്ല. ബെവ്കോയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ പരസ്യമുണ്ടാക്കി പ്രചരിപ്പിക്കുന്നതിനെതിരെ അധികൃതര്‍ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഈ പരസ്യത്തിന് ബെവ്കോയുമായി യാതൊരു ബന്ധവുമില്ല, സത്യമിതാണ്…
Fact Check By: Vasuki SResult: False
