പെട്രോളും ഡീസലും 50 രൂപയ്ക്കു തരാമെന്ന് കെ. സുരേന്ദ്രൻ ജനങ്ങളെ പറഞ്ഞു വഞ്ചിച്ചോ..?

രാഷ്ട്രീയം | Politics

വിവരണം

Youth Congress Brigade എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  മാർച്ച് 21  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഇതുവരെ 11000  ഷെയറുകൾ കടന്നു കഴിഞ്ഞു.  ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രന്‍റെ ചിത്രവും അതോടൊപ്പം ” ഭാരതത്തിൽ ലിറ്ററിന് 50 രൂപയ്ക്ക് പെട്രോളും ഡീസലും ഒഴുക്കുമെന്നു വാക്ക് പറഞ്ഞു ജനങ്ങളെ വഞ്ചിച്ച ബിജെപി നേതാവ് കെ  സുരേന്ദ്രനെ കേരളം മറന്നു പോകരുത് ” എന്ന വാചകവും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

archived link FB post

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ  സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞത് മുതൽ തന്നെ ചില സ്ഥാനാർത്ഥികൾ   വ്യാജ വാർത്തകളുടെയും പ്രസ്താവനകളുടെയും പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത് വായനക്കാർ ശ്രദ്ധിച്ചുകാണും. അതിലൊരാളാണ് ബിജെപി പതനത്തിട്ട സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ.  അദ്ദേഹത്തിന്‍റെ പേരിൽ  ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട നിരവധി പോസ്റ്റുകളിന്മേൽ ഞങ്ങൾ തന്നെ വസ്തുതാ പരിശോധന നടത്തിയിട്ടുണ്ട്.എങ്കിലും  ഈ പോസ്റ്റിൽ ആരോപിക്കുന്നതുപോലെ  ഭാരതത്തിൽ 50  രൂപയ്ക്ക് പെട്രോളും ഡീസലും ഒഴുക്കുമെന്ന് അദ്ദേഹം യഥാർത്ഥത്തിൽ പറഞ്ഞിരുന്നോ..?  നമുക്ക് ഉത്തരം തേടാം

വസ്തുതാ പരിശോധന

ഞങ്ങൾ ഈ പോസ്റ്റ് വസ്തുതാ പരിശോധനയ്‌ക്കെടുത്തപ്പോൾ ആദ്യം വാർത്താമാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ കെ. സുരേന്ദ്രന്‍റെ പേരിൽ ഇത്തരത്തിലൊരു പ്രസ്താവന വർത്തയായിട്ടുണ്ടോ എന്ന് തിരഞ്ഞു. ചില മലയാളം വാർത്ത ചാനലികളുടെ വെബ്‌സൈറ്റുകൾ ഇത്തരത്തിൽ വാർത്ത നൽകിയിട്ടുണ്ട്. വാർത്തയുടെ സ്ക്രീൻഷോട്ട് :

വാർത്തയുടെ ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട്. വായനക്കാർക്ക് അവ സന്ദർശിച്ചു കൂടുതൽ വായിക്കാവുന്നതാണ്. വായിച്ചു നോക്കിയപ്പോൾ സുരേന്ദ്രൻ നൽകിയ ഒരു ഫേസ്‌ബുക്ക് പോസ്റ്റിനെ ആധാരമാക്കിയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമായി.

archived link
malayalam.oneindia
archived link
malayalam.samayam
archived link
doolnews

ഞങ്ങൾ അദ്ദേഹത്തിൻറെ ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിച്ച് നോക്കി. ഇതാണ് അദ്ദേഹത്തിൻറെ പോസ്റ്റ് :

ഏതാനും മാസങ്ങളായി സുഡാപ്പികളും കമ്മികളും കൊമ്മികളും അവരെ പിന്തുണക്കുന്ന ചില മാധ്യമ ശിഖണ്ഡികളും പെട്രോളിയം വിലയെ സംബന്ധിച്ച് ഒരുപാട് പ്രചാരവേല നടത്തുന്നുണ്ട്. ഇതുവരെ മറുപടി പറയാതിരുന്നത് ഇത്തരം അപവാദപ്രചാരണങ്ങളെ അവഗണിക്കുന്നതാണ് നല്ലത് എന്ന് കരുതിയാണ്. എന്നാൽ എൻറെ ഏതു പോസ്ടിനും താഴെ വന്ന് ഇതു തന്നെ ചോദിക്കുന്ന ഇത്തരക്കാരുടെ ഉദ്ദേശം അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ അൻപതു രൂപയിൽ താഴെ ഇന്ത്യാഗവണ്മെൻറിനു പെട്രോളും ഡീസലും വിൽക്കാൻ കഴിയും. ഒന്നുകിൽ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുക അല്ലെങ്കിൽ പെട്രോളിയം ഉൽപ്പന്നങ്ങളെ ജി. എസ്. ടി യുടെ പരിധിയിൽ കൊണ്ടുവരാൻ അനുവദിക്കുക. 2010 കോൺഗ്രസ്സ് സർക്കാരാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഒരിക്കൽപോലും മോദി സർക്കാർ കേന്ദ്രനികുതി കൂട്ടിയിട്ടുമില്ല. കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കിൽ എന്നേ പൂട്ടിപ്പോകുമായിരുന്നു കേരളത്തിൻറെ ഖജനാവ്. കാൽക്കാശിനു കൊള്ളാത്തവരുടെ ഗീർവാണം ആരു ചെവിക്കൊള്ളാൻ

archived link FB post

2017  സെപ്റ്റംബർ 23 നു പ്രസിദ്ധീകരിച്ച പോസ്റ്റിലൂടെ  കെ.സുരേന്ദ്രൻ  പറയാൻ ശ്രമിച്ചത് ഇപ്രകാരമാണ് : അദ്ദേഹത്തിന്‍റെ പോസ്റ്റിൽ പെട്രോൾ വിലയുടെ ഡികോഡിങ് രൂപത്തിലുള്ള  ഒരു ഗ്രാഫിക്  ചിത്രവും ഇംഗ്ലീഷ് ഭാഷയിൽ അതിനു വിവരണവും നൽകിയിട്ടുണ്ട്. “2017 ലെ ഡൽഹിയിലെ പെട്രോൾ വില 70.48 രൂപയാണ്. വിവിധ ടാക്സുകളും മറ്റു ചിലവുകളും ചേർന്ന് പെട്രോൾ  പൊതുവിപണിയിൽ ഈ വിലയിലെത്തുന്നത് എങ്ങനെയാണെന്ന് നോക്കാം. റിഫൈനറിയിൽ നിന്ന് പുറത്തുവരുമ്പോഴുള്ള വില : 27.20 രൂപ. മാർക്കറ്റിങ് മാർജിൻ, ഗതാഗത ചിലവ് : 2.75

ഡീലറുടെ മാർജിൻ: 3.57 സംസ്ഥാന വാറ്റ് : 14.98 കേന്ദ്ര എക്‌സൈസ് തീരുവ : 21.48 (രണ്ടുംകൂടി 42% അതായത്‌ 9.02 രൂപ )  സംസ്ഥാനത്തിന് ലഭിക്കുന്ന നികുതിപ്പണം – 14.98 + 9.02 = 27.44 രൂപ കേന്ദ്രത്തിനു ലഭിക്കുന്ന നികുതിപ്പണം – 21.48 – 9.02 = 12.46 രൂപ. പെട്രോൾ ഡീസൽ വില നിയന്ത്രണം 2010 നു ശേഷം 2014   ഒക്ടോബറിലാണ് നടപ്പിലായത്. 2016 ജനുവരിക്കു ശേഷം  കേന്ദ്രം എക്സൈസ്  തീരുവ പോലും   വർദ്ധിപ്പിച്ചിട്ടില്ല. ഇപ്പോഴുണ്ടായ നേരിയ വിലവർദ്ധന താൽക്കാലികമാണ്. വരും വർഷങ്ങളിൽ ഇത് ഇല്ലാതെയാകും.കേന്ദ്രത്തിനു ലഭിക്കുന്ന ഇന്ധന നികുതി കൃഷി, ജലസേചനം, കർഷകരുടെ ഉന്നമനം, ഗ്രാമ വികസനം, റോഡ്, റെയിൽവേ, സാമൂഹിക സുരക്ഷാ പദ്ധതികൾ തുടങ്ങിയവയ്‌ക്കായി ചെലവഴിക്കുന്നു.”

ഇതാണ് യഥാർത്ഥത്തിൽ സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച വിവരം.സംസ്ഥാനം ഇന്ധന നികുതി ഉപേക്ഷിക്കുകയാണെങ്കിലോ അല്ലെങ്കിൽ ഇന്ധന വിൽപ്പന ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരാൻ അനുവദിക്കുകയോ ചെയ്‌താൽ  50 രൂപയ്ക്ക് പെട്രോൾ ലഭിക്കുമായിരുന്നു എന്നാണ് യഥാർത്ഥത്തിൽ സുരേന്ദ്രൻ പറഞ്ഞത്.

നിഗമനം  

പോസ്റ്റിലെ വാദം പൂർണമായും തെറ്റാണ്. പോസ്റ്റിൽ പറയുന്ന  പോലെ  50  രൂപയ്ക്ക് പെട്രോൾ തരാമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.ഇന്ധന വിലയിൽ വരുന്ന  സംസ്ഥാന നികുതി സർക്കാർ വേണ്ടെന്നു വയ്ക്കുകയാണെങ്കിലോ ഇന്ധന വിൽപ്പന ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരികയോ ചെയ്താൽ 50 രൂപയ്ക്ക് വിൽപ്പന സാധ്യമാകുമായിരുന്നു എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞത്. അതിനാൽ തെറ്റായ വസ്തുത രാഷ്ട്രീയ ലക്ഷ്യത്തോടെ പങ്കുവച്ചിരിക്കുന്ന ഈ പോസ്റ്റ് പ്രീയ വായനക്കാർ ദയവായി ചെയ്യരുത്.  

Avatar

Title:പെട്രോളും ഡീസലും 50 രൂപയ്ക്കു തരാമെന്ന് കെ. സുരേന്ദ്രൻ ജനങ്ങളെ പറഞ്ഞു വഞ്ചിച്ചോ..?

Fact Check By: Deepa M 

Result: False