ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ വീട്ടില്‍ നിന്നും പിടികൂടിയ നോട്ടുകെട്ടുകള്‍- വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

അന്തര്‍ദേശീയം | International സാമൂഹികം

ഏതാനും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി പിടിച്ചെടുത്ത കറന്‍സി  ബണ്ടിലുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

പ്രചരണം 

കെട്ടുകണക്കിന് കറന്‍സി ബണ്ടിലുകള്‍ ഉദ്യോഗസ്ഥര്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉപയോഗിച്ച് എണ്ണി തിട്ടപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ വീട്ടില്‍ നടത്തിയ റെയിഡില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അഴിമതി മുക്തമാക്കാൻ ചൂലുമായി ഇറങ്ങിയ പാർട്ടിനേതാവിന്റെ വീട്ടിലെ കാഴ്ച 

ഗുജറാത്ത് സൂരത്ത് നഗര ആം ആദ്മി പാർട്ടിയുടെ നേതാവ് ശേഖർ അഗർവാളിന്റെ വീട്ടിൽ ED റെയ്ഡിൽ കിട്ടിയ തുക കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ! നോട്ട് എണ്ണിത്തീർക്കാൻ എക്സ്ട്രാ കൗണ്ടിങ് മെഷീൻ കൊണ്ടുവരേണ്ടി വന്നു. 

FB postarchived link

വീഡിയോ ഗുജറാത്തിലെ ആം ആദ്മി പാർട്ടി നേതാവിന്‍റെ വീട്ടിൽ നടന്ന റെയ്ഡിന്‍റെതല്ല.  പശ്ചിമ ബംഗാളില്‍ നിന്നുള്ള പഴയ വീഡിയോ ആണിതെന്നും ഗുജറാത്തുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.   

വസ്തുത ഇതാണ് 

ഇതേ വീഡിയോ 2023 ഏപ്രില്‍ മാസം പ്രചരിച്ചിരുന്നു. ഗുജറാത്തിലെ ബി‌ജെ‌പി നേതാവിന്‍റെ വീട്ടില്‍ നിന്നും പിടികൂടിയ കറന്‍സി ശേഖരമാണിതെന്നായിരുന്നു അന്ന് പ്രചരണം. യഥാര്‍ത്ഥത്തില്‍ കൊൽക്കത്തയിലെ ഒരു വ്യവസായിയുടെ വീട്ടിൽ നടത്തിയ റെയ്ഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

വൈറൽ വീഡിയോ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നാണ്  എന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 2022 സെപ്തംബർ 10-ന് അമീര്‍ ഖാന്‍ എന്ന വ്യവസായിയുടെ സ്ഥാപനത്തില്‍ ED നടത്തിയ റെയ്ഡിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണിത്. ദൃശ്യങ്ങളുടെ  30 സെക്കൻഡ് ടൈം സ്റ്റാമ്പിൽ ബംഗ്ലാ എഴുത്തുള്ള ഒരു പ്ലാസ്റ്റിക് ബാഗ് കാണാം. ആളുകൾ ബംഗ്ലാ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഞങ്ങളുടെ ബംഗ്ലാ ടീം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇ‌ഡി കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയില്‍ ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി, അവിടെ കണ്ടെടുത്ത തുക കണക്കാക്കാൻ ED ക്യാഷ് കൗണ്ടിംഗ് മെഷീനുകൾ കൊണ്ടുവന്നതായി 2022 സെപ്റ്റംബർ 11 ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. 

ആമിർ ഖാൻ എന്ന ബിസിനസുകാരന്‍ ‘ഇ-നഗ്ഗറ്റ്‌സ്’ എന്ന മൊബൈൽ ഗെയിമിംഗ് ആപ്പുപയോഗിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടി എന്നാണ് കേസ്.

A screenshot of a video game

AI-generated content may be incorrect.

2022 സെപ്റ്റംബർ 11 ന് എന്‍‌ഡി‌ടി‌വി റിപ്പോർട്ട് അനുസരിച്ച്, കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയിൽ താമസിക്കുന്ന അമീർ ഖാന്‍റെ വീട്ടിൽ ED റെയ്ഡ് നടത്തി. ഇ-നഗറ്റ്‌സ് എന്ന വ്യാജ മൊബൈൽ ഗെയിം കമ്പനിയുമായി ആമിർ ഖാൻ ബന്ധപ്പെട്ടിരുന്നു. 2021 ലാണ് ഈ വ്യാജ കമ്പനിയെക്കുറിച്ച് ആദ്യമായി പോലീസിൽ റിപ്പോർട്ട് ചെയ്തത്. ഈ ആപ്പുമായി ബന്ധപ്പെട്ട മറ്റ് ആളുകളുടെ വീടുകളിലും റെയ്ഡ് നടത്തി 17 കോടി 32 ലക്ഷം രൂപ പിടിച്ചെടുത്തു. പിടിച്ചെടുത്ത പണത്തിൽ 2000, 500, 2000 രൂപാ നോട്ടുകൾ ഉണ്ടായിരുന്നു.

ബന്ധപ്പെട്ട കേസിൽ കൊൽക്കത്തയിൽ നടത്തിയ റെയ്ഡിനെക്കുറിച്ച് ED യുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് ട്വീറ്റ് നല്കിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന നിരോധിച്ച സമയത്ത് ഇതേ വീഡിയോ  പി‌എഫ്‌ഐ  ഓഫീസില്‍ നടന്ന റെയിഡ് എന്ന പേരില്‍ പ്രചരിച്ചിരുന്നു. ഈ വ്യാജ പ്രചരണത്തിന് മുകളിലും ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തിയിരുന്നു. 

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നടന്ന റെയിഡ്: ദൃശ്യങ്ങളുടെ സത്യമിതാണ്…

നിഗമനം 

പ്രചരിക്കുന്ന  അവകാശവാദം തെറ്റാണെന്ന്  ഞങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഗുജറാത്തിൽ നിന്നുള്ളതല്ല. 2022-ൽ കൊൽക്കത്തയിൽ വ്യവസായിയുടെ വീട്ടില്‍ നടന്ന റെയിഡിന്‍റെതാണ്.  ആം ആദ്മി പാര്‍ട്ടിയുമായോ ഗുജറാത്തുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)/

Avatar

Title:ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ വീട്ടില്‍ നിന്നും പിടികൂടിയ നോട്ടുകെട്ടുകള്‍- വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

Written By: Vasuki S  

Result: False