
വിവരണം
കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്ന് 2019 ഏപ്രിൽ 26 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് ഇതുവരെ 1500 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കണ്ണൂർ പിണറായിയിൽ സിപിഎം തുറന്നുകൊടുത്ത എകെജി മെമ്മോറിയൽ ഡയാലിസിസ് സെന്റർ ???” എന്ന തലക്കെട്ടിൽ ഒരു ആശുപത്രിയുടേത് എന്ന് തോന്നുന്ന 2 ചിത്രങ്ങളും “തെരെഞ്ഞെടുപ്പ് വരും പോകും. സിപിഎമ്മിന്‍റെ കാരുണ്യ പ്രവർത്തനം തുടർന്നുകൊണ്ടേ ഇരിക്കുന്നു. കണ്ണൂർ പിണറായിയിൽ സിപിഎം പുതുതായി തുറന്നു കൊടുത്ത എകെജി സ്മാരക ഡയാലിസിസ് സെന്റർ” എന്ന വാചകവും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നതുപോലെ സിപിഎം അടുത്ത കാലത്ത് പിണറായിൽ ഏകെജിയുടെ പേരിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചിരുന്നോ ..? സിപിഎം സ്വന്തമായി ആശുപത്രിയോ അനുബന്ധ സ്ഥാപനങ്ങളോ നടത്തുന്നതായി ഇതുവരെ നമ്മൾ കേട്ടിട്ടില്ല. ഇനി പുതുതായി സിപിഎം കേരളത്തിൽ ഇത്തരത്തിൽ ഒരു സംരംഭം സമാരംഭിച്ചോ ..? നമുക്ക് അന്വേഷിച്ചു നോക്കാം….
വസ്തുതാ പരിശോധന
എകെജി മെമ്മോറിയൽ ഡയാലിസിസ് സെന്റർ എന്ന് തിരഞ്ഞപ്പോൾ കണ്ണൂരിലുള്ള എകെജി മെമ്മോറിയൽ ആശുപത്രിയുടെ മാത്രമാണ് ലഭ്യമായത്. അതായത് പോസ്റ്റിൽ ഉന്നയിക്കുന്നതു പോലെ എകെജി മെമ്മോറിയൽ ഡയാലിസിസ് സെന്റർ എന്ന പേരിൽ ഒരു സ്ഥാപനം നിലവിലില്ല.
പ്രസ്തുത പോസ്റ്റിനു ലഭിച്ച കമന്റുകളിൽ ഇത് കണ്ണൂർ തളിപ്പറമ്പായിലുള്ള സിഎച്ച് സെന്റർ ആണെന്ന് പരാമർശിക്കുന്നുണ്ട്. അതിന്‍റെ വസ്തുത അറിയാൻ ഞങ്ങൾ ഗൂഗിളിൽ അന്വേഷിച്ചു. പരാമർശം സത്യമാണെന്നുള്ള ചില തെളിവുകൾ ഞങ്ങൾക്കു ലഭിച്ചു.CH Centre Kozhikode Medical College എന്ന പേരിലുള്ള അവരുടെ ഫേസ്‌ബുക്ക് പേജ് സജീവമാണ്. കൂടാതെ സിഎച്ച് സെന്ററിന്‍റെ വെബ്‌സൈറ്റിൽ അവരെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമാണ്. ഡയാലിസിസ് സെന്ററാണ് സ്ഥാനനത്തിന്റെ പ്രധാന സവിശേഷത.
മുകളിലെ ചിത്രങ്ങൾക്കൊപ്പം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കൂടി ശ്രദ്ധിച്ചാൽ വായനക്കാർക്ക് സിഎച്ച് സെന്ററിന്‍റെ നിർമിതി പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിലേതു തന്നെയാണ് എന്ന് വ്യക്തമാകും.
കണ്ണൂരിലെ എകെജി ആശുപത്രിയുടെ ചിത്രം താഴെ കൊടുക്കുന്നു.

പോസ്റ്റിൽ നൽകിയിരിക്കുന്ന ആശുപത്രി മുറിയുടെ ചിത്രം സിഎച്ച് സെന്റരിലേതാകാം. അതിനു സമാനമായ ചിത്രങ്ങൾ അവരുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ആശുപത്രി മുറികൾക്ക് പൊതുവെ സമാനതകൾ ഉള്ളതിനാൽ ഇതേ ചിത്രത്തിൻറെ വസ്തുത പരിശോധന കൃത്യമായി ചെയ്യുക ബുദ്ധിമുട്ടാണ്.
എങ്കിലും പോസ്റ്റിൽ ഉന്നയിക്കുന്നത് പോലെ ഇത് സിപിഎം പാർട്ടി കണ്ണൂർ പിണറായിൽ ആരംഭിച്ച ഡയാലിസിസ് സെന്ററിന്‍റെ ചിത്രമല്ല ഇത്.
നിഗമനം
പോസ്റ്റിലെ വാദഗതി തീർത്തും തെറ്റാണ്. കണ്ണൂർ പിണറായിയിൽ ഇങ്ങനെയൊരു ഡയാലിസിസ് സെന്റർ സിപിഎം തുടങ്ങിയിട്ടില്ല. മാത്രമല്ല സിപിഎം പാർട്ടിക്ക് ഇതുവരെ സ്വന്തം പേരിൽ ആശുപത്രികളില്ല. അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് പങ്കു വയ്ക്കാതിരിക്കാൻ പ്രീയ വായനക്കാർ പ്രതേകം ശ്രദ്ധിക്കുക .
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ, ഫേസ്‌ബുക്ക്
