
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബലൂചിസ്ഥാനിലെ ജനങ്ങൾ ഇന്ത്യൻ ദേശീയ പതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഇസ്ലാം മതാചാര പ്രകാരമുള്ള വേഷം ധരിച്ച ഒരു സംഘം ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി പിടിച്ചുകൊണ്ട്, ‘സാരെ ജഹാൻ സേ അച്ഛാ’ എന്ന ഗാനം വാദ്യോപകരണങ്ങളിൽ വായിക്കുന്ന ഒരു ബാൻഡിന്റെ അകമ്പടിയോടെ മുന്നോട്ടു നീങ്ങുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ബലൂചിസ്ഥാനിലെ വിമോചന സമരക്കാരെയാണ് ദൃശ്യങ്ങളില്‍ കാണുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*മോദിജിയുടെ കട്ട്ഔട്ട്, ബാനർ,ഇന്ത്യൻ പതാക ഇതെല്ലാം ഇന്ത്യയിൽ ആണെന്ന് കരുതി യോ….അല്ല പാക്കിസ്ഥാനിൽ… ബലൂജിൽ….വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ, അതാണ് തന്ത്രം…ശത്രു വിനെ നെടുകെ പിളർത്തുക,ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു*”
എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംഘടിപ്പിച്ച തിരംഗ യാത്രയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ ബലൂചിസ്ഥാനിൽ നിന്നുള്ളതല്ല.
വസ്തുത ഇങ്ങനെ
പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ബലൂചിസ്ഥാനെക്കുറിച്ച്, പല മാധ്യമ റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. എന്നാല്‍ ഇന്ത്യയെ പിന്തുണച്ച് ഇന്ത്യന്‍ പതാകയുമായി അവര്‍ റാലി നടത്തിയതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല. അതിനാല്‍ ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സൈഫീ സ്കൗട്ട്സ് സൂറത്ത് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കിട്ട ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി. ഈ വീഡിയോയിലും, ബാൻഡ് അംഗങ്ങൾ പച്ച ചിഹ്നമുള്ള അതേ യൂണിഫോം ധരിച്ചിരിക്കുന്നതായി കാണാം. മെയ് 15 ന് അപ്ലോഡ് ചെയ്ത വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്, “തിരംഗ യാത്ര സൂറത്ത് 2025. @saifeescoutsurat ന്റെ ബാൻഡ് പ്രകടനം.”
https://www.instagram.com/reel/DJqgeQspa2a/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
വൈറലായ വീഡിയോയിൽ പലയിടത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ബാനര്‍ കാണാം. ഇംഗ്ലീഷിൽ ‘ഓപ്പറേഷൻ സിന്ദൂർ’ എന്നും ഗുജറാത്തിയിൽ ‘തിരംഗ യാത്ര’ എന്നും എഴുതിയിട്ടുണ്ട്.
‘തിരംഗ യാത്ര: ഗാന്ധിനഗർ, സൂറത്ത്, രാജ്കോട്ട് എന്നിവിടങ്ങളിൽ വൻ ജനക്കൂട്ടത്തോടൊപ്പം ആഘോഷിച്ച തിരംഗ യാത്ര’ എന്ന തലക്കെട്ടോടെ മെയ് 14 ന് ഗുജറാത്ത് ഫസ്റ്റ് ന്യൂസ് ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു, “ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിനുശേഷം, ബിജെപി രാജ്യമെമ്പാടും തിരംഗ യാത്ര സംഘടിപ്പിച്ചു. മെയ് 14 ന് സൂറത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റും കേന്ദ്ര ജലശക്തി മന്ത്രിയുമായ സി.ആർ. പാട്ടീലിന്റെ നാട്ടില്‍ നിന്നാണ് തിരംഗ യാത്ര ആരംഭിച്ചത്. യാത്ര ചൗക്ക് ബസാർ ജംഗ്ഷനിൽ അവസാനിച്ചു.”
‘തിരംഗ യാത്ര നടക്കുമ്പോൾ സൂറത്തിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിക്കുന്ന മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു’ എന്ന തലക്കെട്ടിൽ മെയ് 15 ന് ഇന്ത്യൻ എക്സ്പ്രസ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. “ദാവൂദി ബോറ സമുദായത്തിൽപ്പെട്ട സൈഫി സ്കൗട്ട് സൂറത്തിന്റെ മ്യുസിക് ബാൻഡുകൾ ഭാഗൽ ക്രോസ്റോഡുകളിൽ നിന്ന് റാലി നയിക്കുന്നതായി കാണപ്പെട്ടു” എന്ന് റിപ്പോർട്ട് പറയുന്നു.
ഈ ലീഡ് ഉപയോഗിച്ച്, വൈറൽ വീഡിയോ ചിത്രീകരിച്ച കൃത്യമായ സ്ഥലം കണ്ടെത്താൻ ഞങ്ങൾ ഗൂഗിൾ മാപ്പിൽ തിരഞ്ഞപ്പോള്‍ സൂറത്തിലെ ചൗക്ക് ബസാർ റോഡിലുള്ള മിനാരത്ത് മജീദ് ജംഗ്ഷനാണ് വൈറൽ വീഡിയോയിൽ കാണിക്കുന്നതെന്ന് ഞങ്ങൾ കണ്ടെത്തി.
വീഡിയോയുടെ ഉറവിടം സ്ഥിരീകരിക്കാനായി ഞങ്ങൾ ഗുജറാത്ത് ടീമുമായി ബന്ധപ്പെട്ടു. “ഓപ്പറേഷൻ സിന്ദൂറിൽ ധീരമായി പോരാടിയ നമ്മുടെ സൈനികരെ ആദരിക്കുന്നതിനായാണ് തിരംഗ യാത്ര സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രി സി.ആർ. പാട്ടീലും യാത്രയിൽ പങ്കെടുത്തതായി ഗുജറാത്ത് ടീം അറിയിച്ചു.
ഇന്ത്യൻ ദേശീയഗാനം രബീന്ദ്രനാഥ ടാഗോർ ബംഗ്ലാ ഭാഷയിൽ രചിച്ച ‘ജനഗണമന’ ആണ്. അതേസമയം, ഇന്ത്യൻ ദേശഭക്തി ഗാനമാണ് ‘വന്ദേമാതരം,’ഇത് സംസ്കൃതത്തിൽ ബങ്കിംചന്ദ്ര ചാറ്റർജി രചിച്ചു. ‘സാരെ ജഹാൻ സേ അച്ച’ ദേശീയഗാനമല്ല.
നിഗമനം
ഇന്ത്യന്‍ പതാകയുമേന്തി ഇന്ത്യന്‍ ദേശഭക്തി ഗാനം ആലപിച്ച് മുസ്ലിം വേഷധാരികള്‍ നടത്തുന്ന റാലി ബലുചിസ്ഥാനില്‍ നിന്നുള്ളതല്ല. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ളതാണ്. ദൃശ്യങ്ങള്‍ക്ക് ബലുചിസ്ഥാനുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബലൂചിസ്ഥാനില്‍ ഇന്ത്യന്‍ ദേശീയപതാകയും ടെശീയഗാനവും..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…
Fact Check By: Vasuki SResult: False
