
അമേരിക്കയിലെ ടെക്സസില്‍ അടുത്തിടെയുണ്ടായ മിന്നല്‍ പ്രളയം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും 130 ലധികം പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു. പ്രളയത്തിന്‍റെ ഭീകരത എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്.
പ്രചരണം
കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്‍റെ ശക്തിയില്‍ അനേകം കാറുകള്‍ കളിപ്പാട്ടം കണക്ക് ഒഴുകിപ്പോകുന്നതും പ്രളയ ജലം പലയിടത്തും ഇരച്ചെത്തി കെട്ടിടങ്ങളും ലോറിയും മറ്റും നിലതെറ്റി വെള്ളത്തിലേയ്ക്ക് മറിഞ്ഞു വീഴുന്നതും ദൃഷ്യങ്ങളില്‍ കാണാം. ഇത് ടെക്സാസില്‍ 2025 ജൂലൈ അഞ്ചിനുണ്ടായ മിന്നല്‍പ്രളയത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അമേരിക്ക ടാക്സസിലെ ബ്രിൻ ഹാം പ്രദേശത്ത് ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വെള്ളം കയറി ആ പ്രദേശം മുഴുവനും ഒലിച്ചു പോകുന്ന രംഗം”
എന്നാല്‍ അടിസ്ഥാനരഹിതമായ പ്രചരണമാണിതെന്നും ദൃശ്യങ്ങള്‍ ടെക്സസിലെ മിന്നല്‍പ്രളയത്തിന്‍റെതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരിക്കുന്ന വീഡിയോ നാലഞ്ച് വ്യത്യസ്ത ദൃശ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണ്. ദൃശ്യങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഓരോന്നും വ്യത്യസ്ത സംഭവങ്ങളുടേതാണെന്ന് കണ്ടെത്തി. കാറുകള്‍ വെള്ളത്തില്‍ ഒഴുകി പോകുന്ന ദൃശ്യങ്ങളുടെ റിവേഴ്സ് ഇമേജ് പരിശോധനയില്‍ 2023 ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്‍റെതാണെന്ന് വ്യക്തമായി. 2023 ഡിസംബര്‍ 24ന് CNBC TV18 യൂട്യൂബ് വീഡിയോയില്‍ കാണാം.
തുടര്‍ന്ന്, ചുവന്ന നിറത്തില്‍ മണ്ണ് കലര്‍ന്ന വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കാറുകളുടെ ദൃശ്യം നോക്കിയപ്പോള്‍ 2024 ഒക്ടോബറില്‍ സ്പെയിനിലെ വലന്‍സിയയിലുണ്ടായ പ്രളയത്തിന്‍റെതാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. അതായത് ഈ വീഡിയോ ടെക്സസില്‍ പ്രളയമുണ്ടാകുന്നതിന് വളരെ മുമ്പ് തന്നെ ലഭ്യമാണ്.
കുത്തിയൊലിച്ചുവരുന്ന മലവെള്ളപ്പാച്ചിലില്‍ ഒരു ട്രക്ക് മുങ്ങുന്ന വീഡിയോയെ കുറിച്ച് തിരഞ്ഞപ്പോള്‍ 2024 ജൂലൈ 31ന് ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍പ്രളയത്തിന്‍റെതാണ് ദൃശ്യമെന്ന് കണ്ടെത്തി.
തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ ഒലിച്ചുവരുന്ന ദൃശ്യങ്ങള്‍ തിരഞ്ഞപ്പോള്‍ ഇത് 2011 ല്‍ ജപ്പാനിലുണ്ടായ സുനാമിയുടേതെന്ന വിവരണത്തോടെ 2011 മെയ് 21 ന് ഒരു യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതായി കണ്ടെത്തി. ഇതോടെ ഈ വീഡിയോയും അടുത്തിടെ ടെക്സസിലുണ്ടായ മിന്നല്‍പ്രളയത്തിന്‍റെതല്ലെന്ന് സ്ഥിരീകരിച്ചു.
വീഡിയോയിലെ മറ്റ് ഭാഗങ്ങളില്‍ കാണുന്ന ചില ദൃശ്യങ്ങള്‍ ഗംഗാ നദിയില്‍ വേലിയേറ്റമുണ്ടായ സമയത്തേതാണ് എന്ന തരത്തില്‍ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ലഭിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍പ്രളയവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
അമേരിക്കയിലെ ടെക്സസില്‍ കഴിഞ്ഞ ദിവസമുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് മുമ്പ് മറ്റു പല രാജ്യങ്ങളിലുണ്ടായ പ്രളയത്തിന്‍റെയും സുനാമിയുടെയും വീഡിയോകളാണ്. അമേരിക്കയുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ടെക്സസിലുണ്ടായ മിന്നല്‍പ്രളയത്തിന്‍റെ വീഡിയോ എന്ന് പ്രചരിപ്പിക്കുന്നത് പഴയ, ബന്ധമില്ലാത്ത ദൃശ്യങ്ങള്‍
Fact Check By: Vasuki SResult: False
