ബിലാസ്പൂരില്‍ പരീക്ഷാ കോപ്പിയടിക്കിടെ പിടിക്കപ്പെട്ട പെണ്‍കുട്ടി മുസ്ലിം ആണെന്ന പ്രചരണം വ്യാജം, സത്യമിതാണ്…

വര്‍ഗീയം

ഛത്തിസ്ഗഡിലെ ബിലാസ്പുരില്‍ പരീക്ഷയില്‍ കോപ്പിയടിച്ചതിന് മുസ്ലീം പെണ്‍കുട്ടിയെ പിടികൂടിയെന്ന രീതിയില്‍ ഒരു വീഡിയോ  പ്രചരിക്കുന്നുണ്ട്.

പ്രചരണം 

വാഹനത്തിനുള്ളില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ ഓരാള്‍ ചോദ്യം ചെയ്യുന്നതും പെണ്‍കുട്ടി വിഫലമായി അപേക്ഷിക്കുന്നതും എന്നാല്‍ അത്  കണക്കിലെടുക്കാതെ, ഒരാള്‍ ബുര്‍ഖ ധരിച്ച മുസ്ലീം പെണ്‍കുട്ടി നടത്തിയ കുറ്റകൃത്യം എന്ന രീതിയില്‍ വര്‍ഗീയ കോണില്‍ വിവരണം നടത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പെണ്‍കുട്ടിയുടെ സമീപം വോക്കി ടോക്കി, ടാബ്, മൊബൈല്‍ ഫോണ്‍ മുതലായവ കാണാം. ബുര്‍ഖ എന്ന മുസ്ലിം വസ്ത്രം മുസ്ലിം യുവതി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*വമ്പൻ കോപ്പിയടി*

ബുർഖ വേണമെന്ന് കോളേജ് വിദ്യാർഥിനികൾ വാശിപിടിക്കുന്നതിൽ ഇതുപോലുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്…ഇത്തരം കാപട്യ ങ്ങൾ അതിനു പിന്നിൽ മറഞ്ഞിരിക്കുന്നുഎന്ന് വെളിപ്പെടുന്നു..

ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നടന്ന പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ബുർഖയുടെ മറവിൽ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച്

കോപ്പിയടിച്ച *മുസ്ലിം പെൺകുട്ടി പിടിക്കപ്പെട്ടു*..

അതേസമയം ഓർക്കണം ഹിന്ദു ഉദ്യോഗാർത്ഥിനീ- വിദ്യാർത്ഥികളുടെ *കലാവയും ജനുവും മംഗല്യസൂത്രവും വരെ* അഴിച്ചുമാറ്റിയാണ് പരീക്ഷാഹാളിൽ അധികാരികൾ പ്രവേശിപ്പിക്കുന്നത്..”

FB postarchived link

എന്നാല്‍, ദൃശ്യങ്ങളില്‍ കാണുന്നത് മുസ്ലീം പെണ്‍കുട്ടിയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

പിഎസ്‌സി പരീക്ഷയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ കോപ്പിയടിച്ചതിന് പിടിക്കപ്പെട്ട അന്നു സൂര്യ എന്ന ഉദ്യോഗാര്‍ഥിയുടെ സഹോദരി അനുരാധയാണ് വീഡിയോയിലുള്ളത്. 

ഞങ്ങള്‍ സംഭവത്തിന്‍റെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ടൈംസ്‌ ഓഫ് ഇന്ത്യ വാര്‍ത്ത പ്രകാരം ഛത്തിസ്ഗഡിലെ ബിലാസ്പുരില്‍ 2025 ജൂലൈ 13ന് നടന്ന സംഭവമാണിത്. അടിവസ്ത്രത്തിൽ ഒരു സ്പൈ ക്യാമറയും കമ്മലിനുള്ളിൽ ഒരു മൈക്രോ ഇയർപീസും ഒളിപ്പിച്ചുവെച്ച് ഒരു യുവതി പരീക്ഷാ ഹാളില്‍ പ്രവേശിച്ചു. ഓട്ടോറിക്ഷയിൽ പുറത്ത് നിന്നിരുന്ന അവളുടെ സഹോദരി പക്കലുണ്ടായിരുന്ന ടാബ്‌ലെറ്റ്, വാക്കി-ടോക്കി, ബ്ലൂടൂത്ത് ഉപകരണങ്ങൾ വഴി  പരീക്ഷ നടക്കുമ്പോൾ തത്സമയം ഉത്തരങ്ങൾ സഹോദരിക്ക് നല്‍കിക്കൊണ്ടിരുന്നു. 

ഛത്തീസ്ഗഢ് പ്രൊഫഷണൽ പരീക്ഷാ ബോർഡ് സബ് എഞ്ചിനീയർ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ) തസ്തികകളിലേക്ക് നടത്തിയ റിക്രൂട്ട്‌മെന്‍റ് പരീക്ഷയ്ക്കിടെ ബിലാസ്പൂരിലെ സർക്കണ്ട മേഖലയിലെ ഗവൺമെന്‍റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ 1309-ാം നമ്പർ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. ജഷ്പുരില്‍ നിന്ന് അനുരാധയും അന്നു സൂര്യയും പരീക്ഷാ ഹാളിലെത്തിയ വാഹനത്തിന്‍റെ ഡ്രൈവറുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇരുവരും പിടിക്കപ്പെട്ടത്. കോപ്പിയടിക്കുന്നതായി സംശയം തോന്നിയ ഡ്രൈവര്‍ നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ (NSUI) പ്രതിനിധികളെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്നാണ് സ്ഥലത്ത് പൊലീസ് എത്തി ഇരുവരെയും അറസ്റ്റ് ചെയ്തതതെന്ന് ദൈനിക്‌ ഭാസ്കര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വോക്കി ടോക്കി, ഇയര്‍ഫോണ്‍ തുടങ്ങിയവ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തതാണ്. ഇന്റര്‍നെറ്റിലൂടെയാണ് കോപ്പിയടിക്കാനുള്ള തന്ത്രം ഇവര്‍ മനസിലാക്കിയത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 318 (2) , 112 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു. കോപ്പിയടിച്ചതിന് സഹോദരിമാര്‍ അറസ്റ്റിലാകുന്ന ദൃശ്യം ഉള്‍പ്പെടുത്തി എബിപി ലൈവ് നല്‍കിയ റിപ്പോര്‍ട്ട്: 

 

അറസ്റ്റിലായ അനുരാധയുടെയും അന്നു സൂര്യയയുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി 2025 ജൂലൈ 15ന് ബിലാസ്പുര്‍ പൊലീസ് സോഷ്യല്‍ മീഡിയ പേജില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഛത്തിസ്ഗഡിലെ ജഷ്പുര്‍ (Jashpur) ജില്ലയിലുള്ള കുപാര്‍ക്കപ്പ (Kuparkapa) ഗ്രാമത്തിലെ താമസക്കാരനായ കലേശ്വര്‍ റാമിന്‍റെ മക്കളാണ് അനുരാധയും അന്നുവും. 

കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സര്‍ക്കണ്ട (Sarkanda) പൊലീസ് സ്റ്റേഷനിലാണ്‌. കോപ്പിയടി കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടികള്‍ ഹിന്ദു മതത്തില്‍ പെട്ടവരാണെന്നും മുസ്ലിം വിഭാഗത്തില്‍ പെട്ടതാണെന്നുള്ള പ്രചരണം തെറ്റാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

കോപ്പിയടിച്ചതിന് പിടിക്കപ്പെട്ട ബുര്‍ഖ ധരിച്ച പെണ്‍കുട്ടി മുസ്ലീമല്ലെന്നും  ഹിന്ദു മതത്തിലുള്ള അനുരാധയാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

ഛത്തിസ്ഗഡിലെ ബിലാസ്പൂരില്‍ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ബുർഖയുടെ മറവിൽ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ചതിന് പിടിയിലായ പെൺകുട്ടി മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളതല്ല. ഹിന്ദുമത വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണിതെന്ന് പോലിസ് വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബിലാസ്പൂരില്‍ പരീക്ഷാ കോപ്പിയടിക്കിടെ പിടിക്കപ്പെട്ട പെണ്‍കുട്ടി മുസ്ലിം ആണെന്ന പ്രചരണം വ്യാജം, സത്യമിതാണ്…

Fact Check By: Vasuki S  

Result: False