വയോധികയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ ശേഷം കൈകള്‍ കഴുകി സുരേഷ് ഗോപി..? പ്രചരണം വ്യാജം…

Altered സാമൂഹികം

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ആരാധികയായ വയോധികയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയ ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  

പ്രചരണം  

വയോധികയായ ആരാധിക സുരേഷ് ഗോപിയുടെ അടുത്തുവന്ന്  കൈകളില്‍ പിടിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സംസാരിക്കുന്നതും തുടര്‍ന്ന് കുപ്പിയിലെ വെള്ളം ഉപയോഗിച്ച് കൈകള്‍ കഴുകുന്നതും ദൃശ്യങ്ങളില്‍ കാണാം. വയോധികയെ  തൊട്ടതിലുള്ള ബുദ്ധിമുട്ട് കാരണമാണ് സുരേഷ് ഗോപി കൈകള്‍ കഴുകിയതെന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “തമ്പുരാന് അയിത്തം..ഇവനാരാ… തെണ്ടി…അമ്മയേക്കാൾ പ്രായമുള്ള ഒരമ്മയെ

നിർത്തി അപമാനിക്കാൻ എങ്ങനെ മനസുവന്നു കഷ്ട്ടം

പെറ്റമ്മയ്ക്ക് പോലും കൈകൂലി കൊടുക്കുമ്മല്ലോ നിങ്ങൾ”

FB postarchived link

എന്നാല്‍ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ജെഎസ്‌കെ സിനിമയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി കേക്ക് മുറിക്കുന്നതിനാണ്  സുരേഷ് ഗോപി കൈകള്‍ കഴുകിയത്.

വസ്തുത ഇങ്ങനെ 

കേക്ക് മുറിക്കുന്നതിനാണ് സുരേഷ് ഗോപി കൈകള്‍ കഴുകുന്നതെന്ന് 20 സെക്കന്‍റ് ദൈര്‍ഘ്യം മാത്രമുള്ള വീഡിയോയുടെ താഴെ പലരും കമന്‍റായി സൂചിപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ പുതിയ ചിത്രം ജെഎസ്‌കെ സിനിമയുടെ വിജയാഘോഷ ചടങ്ങാണെന്നും വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പില്‍ അദ്ദേഹം കേക്ക് മുറിക്കുന്നത് കാണാം എന്നും കമന്റുകളിലുണ്ട്. 

സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ജെഎസ്‌കെ സിനിമയുടെ വിജയാഘോഷത്തെ കുറിച്ചുള്ള  ന്യൂസ് 18 റിപ്പോര്‍ട്ട് ലഭിച്ചു. മാധ്യമങ്ങളോട് സംവദിക്കുന്ന സുരേഷ് ഗോപിയുടെ സമീപം വീഡിയോയിലുള്ള വയോധികയെ കാണാം. എന്നാല്‍ ന്യൂസ് 18 റിപ്പോര്‍ട്ടില്‍ സുരേഷ് ഗോപി അവര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുന്നതും കേക്ക് മുറിക്കുന്നതും കാണാനില്ല.  
 

തൃശൂര്‍ രാഗം തിയറ്ററില്‍ ജൂലൈ 17ന് നടന്ന ജെഎസ്‌കെ സിനിമയുടെ ആഘോഷപരിപാടിക്കായി  സുരേഷ് ഗോപി വന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്ന് വിവരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. രാഗം തിയറ്റര്‍ ഗ്രൂപ്പിന്‍റെ ഫേസ്ബുക്ക് പേജിലെ വീഡിയോ: 

മുറിച്ചെടുത്ത കേക്ക് നടി ദിവ്യ പിള്ളയ്ക്ക് നല്‍കുമ്പോാള്‍ കൈകഴുകിയിട്ടാണ് കേക്ക് കട്ട് ചെയ്തതെന്ന് സുരേഷ് ഗോപി പറയുന്നതും കേള്‍ക്കാം. ഇത് കേട്ട് ചുറ്റുമുള്ളവര്‍ ചിരിക്കുന്നുണ്ട്. കൈകള്‍ കഴുകിയ ശേഷം അദ്ദേഹം കേക്ക് മുറിക്കുകയാണ് ചെയ്യുന്നത്. ഈ ഭാഗം ഉള്‍പ്പെടുത്താതെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ്‌ വീഡിയോ  പ്രചരിപ്പിക്കുന്നത്. 

തെറ്റായ പ്രചാരണമാണ് സുരേഷ് ഗോപിയെ കുറിച്ച് നടത്തുന്നത് എന്ന് വ്യക്തമാക്കി സിനിമയുമായി ബന്ധപ്പെട്ട വീഡിയോകള്‍ പങ്കുവയ്ക്കുന്ന ചില ഓണ്‍ലൈന്‍ ചാനലുകളില്‍ യാഥാര്‍ഥ്യം എന്താണെന്ന് വിശദീകരണം നല്‍കിയിട്ടുണ്ട്. 

പ്രചരിക്കുന്ന വീഡിയോ റീല്‍സ് രൂപത്തില്‍ ഇന്ത്യന്‍ സിനിമ ഗ്യാലറി എന്ന ഫേസ്ബുക്ക് പേജിലാണ് ആദ്യം പങ്കുവച്ചത്. ‘ പ്രായമായ ആരാധികക്ക്  ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തു സുരേഷ് ഗോപി ‘ എന്ന അടിക്കുറിപ്പിലാണ്‌  വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. സുരേഷ് ഗോപി രാഗം തിയറ്ററിലെത്തിയ വീഡിയോ പല ഭാഗങ്ങളായാണ്  നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്നുള്ള വീഡിയോ ആണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്. 

കൂടുതല്‍ വിശദീകരണത്തിനായി ജെഎസ്‌കെ സിനിമയുടെ ആഘോഷ പരിപാടി നടന്ന തൃശൂര്‍ രാഗം തിയറ്റര്‍ അധികൃതരുമായി ഞങ്ങള്‍ സംസാരിച്ചു. ” തെറ്റായ പ്രചരണമാണിത്. കേക്ക് മുറിക്കുന്നതിനായാണ് സുരേഷ് ഗോപി കൈകള്‍ കഴുകിയത്. വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ടില്‍ പങ്കെടുത്ത ശേഷമാണ് വരുന്നതെന്ന് പറഞ്ഞ അദ്ദേഹം കൈകഴുകാന്‍ വെള്ളം ആവശ്യപ്പെട്ടിരുന്നു. സ്വന്തം കൈകൊണ് അദ്ദേഹം കേക്ക് എല്ലാവരുടെയും വായില്‍ വച്ച് കൊടുത്തു. കേക്ക് മുറിക്കുന്നതിന് മുമ്പായി സ്‌നേഹത്തോടെ സമീപിച്ച അമ്മയെ അവഗണിക്കാതെ സംസാരിക്കുകയും ഷേക്ക് ഹാന്‍ഡ് നല്‍കുകയും ചെയ്തു. താന്‍ കൈകള്‍ കഴുകിയതാണെന്ന് കേക്ക് എല്ലാവരുടെയും വായില്‍ വച്ച് കൊടുക്കുന്നതിനിടെ അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അനാവശ്യ വിവാദമാണ് ഇപ്പോള്‍ നടക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതാണ്.” 

വീഡിയോയില്‍ സുരേഷ് ഗോപി കൈകള്‍ കഴുകുന്നത് കേക്ക് മുറിക്കുന്നതിന് വേണ്ടിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

വയോധികയ്ക്ക് ഹസ്തദാനം ചെയ്തശേഷം സുരേഷ് ഗോപി കൈകഴുകി എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജെഎസ്‌കെ സിനിമയുടെ ആഘോഷ പരിപാടിയുടെ ഭാഗമായി കേക്ക് മുറിക്കാനായാണ് സുരേഷ് ഗോപി കൈകള്‍ കഴുകിയത്. ഇത് മുഴുനീള വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വയോധികയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ ശേഷം കൈകള്‍ കഴുകി സുരേഷ് ഗോപി..? പ്രചരണം വ്യാജം…

Fact Check By: Vasuki S 

Result: Altered

Leave a Reply