യുപിയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലിസ് പിടികൂടി എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…

False കുറ്റകൃത്യം സാമൂഹികം

യുപിയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലിസ് പിടികൂടിയ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

പോലീസും കൂടെ നാട്ടുകാരുടെ ഒരു സംഘവും ചേര്‍ന്ന് ഒരാളെ ക്രൂരമായി മര്‍ദ്ദിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. യുപിയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലിസ് പിടികൂടിയ ദൃശ്യങ്ങളാണിത് എന്നാണ് വിവരണത്തില്‍ അവകാശപ്പെടുന്നത്. “ഏമാന്മാർ കണ്ടു പഠിക്കണം.” എന്നും അടിക്കുറിപ്പുണ്ട്. 

https://archive.org/details/screencast-www-facebook-com-2025-10-16-18-15-08

FB postarchived link

എന്നാല്‍ തെറ്റായ വിവരണമാണ് ഇതെന്നും മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഈ ദൃശ്യങ്ങളില്‍ കാണുന്നത് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലിസ് പിടികൂടിയതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 

ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിലെ വിവരണം ഇങ്ങനെ: ഗ്വാളിയോറില്‍ സെപ്റ്റംബർ 13 വെള്ളിയാഴ്ച പട്ടാപ്പകൽ യുവാവ് ഭാര്യയെ വെടിവച്ചു കൊന്നു. പ്രതിയായ അരവിന്ദ് പരിഹാർ 315 ബോർ പിസ്റ്റളില്‍ നിന്ന് തുടർച്ചയായി അഞ്ച് വെടിയുണ്ടകൾ വെടിവച്ചു.

നാല് വെടിയുണ്ടകൾ ഭാര്യ നന്ദിനി കേവത്തിന് കൊണ്ടു. നന്ദിനി  തെരുവിൽ വേദന കൊണ്ട് പുളഞ്ഞപ്പോള്‍ അരവിന്ദ് ‘അരവിന്ദ് താക്കൂർ’ എന്ന ഫെസ്ബുക്ക് ഐഡിയിൽ ലൈവ് ചെയ്തു എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ലൈവിൽ അരവിന്ദ് അവകാശപ്പെട്ടത്, സഹോദരന്മാരേ, അവളുടെ കാമുകന്‍റെ നിർദ്ദേശപ്രകാരം അവൾ എനിക്കെതിരെ വ്യാജ കേസ് ഫയൽ ചെയ്തു. ഈ സ്ത്രീ വഞ്ചകയാണ്. അവൾക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ട്.

സംഭവ സമയത്ത് നന്ദിനിക്കൊപ്പം അവളുടെ ആണ്‍ സുഹൃത്തുക്കളായ അങ്കുഷ് പഥക്, കല്ലു പഞ്ചൽ എന്നിവരും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിന് അരവിന്ദിനെതിരെ പരാതി നൽകി എസ്പി ഓഫീസിൽ നിന്ന് മടങ്ങുകയായിരുന്നു തങ്ങൾ എന്ന് അങ്കുഷ് പറഞ്ഞു.

വഴിയിൽ, രൂപ് സിംഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം അരവിന്ദിനെ അവർ കണ്ടുമുട്ടി. അയാൾ വഴി തടഞ്ഞു നിർത്തി നന്ദിനിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. അവൾ വിസമ്മതിച്ചപ്പോൾ അയാൾ അവൾക്ക് നേരെ തോക്ക് ചൂണ്ടി. രണ്ട് കാമുകന്മാരും ഓടി രക്ഷപ്പെട്ടു, അപ്പോഴാണ് അരവിന്ദ് നന്ദിനിയെ വെടിവച്ചതെന്ന് ആരോപിക്കപ്പെടുന്നു.

വെടിവയ്പ്പിനെത്തുടർന്ന്, അരവിന്ദ് തോക്കുമായി റോഡിൽ ഇരുന്നു, സിഎസ്പി മഹാരാജ്പുര നാഗേന്ദ്ര സിംഗ് ഒരു കാർബൈൻ ഉപയോഗിച്ച് സാഹചര്യം നിയന്ത്രിക്കാൻ ശ്രമിച്ചു, പക്ഷേ അത് പരാജയപ്പെട്ടു. തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു, ഏകദേശം 30 മിനിട്ടിന് ശേഷം സിഎസ്പി നാഗേന്ദ്ര സിംഗ്, പദവ് പോലീസ് സ്റ്റേഷൻ ഇൻ ചാർജ് അലോക് സിംഗ് പരിഹാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ അരവിന്ദിനെ ഉടൻ പിടികൂടി.”

സംഭവത്തെ കുറിച്ച് വീഡിയോ റിപ്പോര്‍ട്ടുകളുണ്ട്. ദൈര്‍ഘ്യമുള്ള വീഡിയോകളില്‍ അരവിന്ദ് നിറയൊഴിക്കുന്ന ദൃശ്യങ്ങള്‍ കാണാം.  പോലിസ് സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. മുകളില്‍ വിവരിച്ച സംഭവം തന്നെയാണ് നടന്നത് എന്ന് പോലിസ് വിശദീകരണത്തില്‍ വ്യക്തമാകുന്നു. 

കൂടാതെ ഗ്വാളിയോര്‍ എസ്പിയുടെ X ഹാന്‍റിലില്‍ സംഭവത്തെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകളുടെ ക്ലിപ്പുകളും “12.09.2025 ന്, അവിഹിത ബന്ധത്തിന്‍റെയും ബ്ലാക്ക് മെയിലിംഗിന്‍റെയും പേരിൽ കൊലപാതകം നടത്തിയ പ്രതിയെ പ്രദേശം വളഞ്ഞ ശേഷം അനധികൃത ആയുധങ്ങൾ സഹിതം സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു” എന്ന് ഹിന്ദി ഭാഷയില്‍ വിവരണവും നല്‍കിയിട്ടുണ്ട്.

വൈറല്‍ വീഡിയോയുടെ ഒപ്പമുള്ള പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസും പ്രദേശവാസികളും ചേര്‍ന്ന് സാഹസികമായി പിടികൂടിയ ദൃശ്യങ്ങളാണ് യുപിയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലിസ് കൈകാര്യം ചെയ്യുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. ഉത്തര്‍പ്രദേശുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:യുപിയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലിസ് പിടികൂടി എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…

Fact Check By: Vasuki S 

Result: False

Leave a Reply