
അമിത് ഷാ ഒരു സ്ത്രീയെ കൊണ്ട് തന്റെ ഷൂസ് തുടപ്പിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ടൈംസ് നെറ്റ്വർക്ക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് നവിക കുമാറും വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഷൂസ് നവിക കുമാര്‍ വൃത്തിയാക്കുന്നതായി കാണിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പിന്നിലെ സീറ്റില്‍ ഒരാള്‍ ഇരിക്കുന്നതും കാണാം. അമിത് ഷാ ഷൂ തുടപ്പിക്കുന്നു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതാണ് ബിജെപിയുടെ സംസ്കാരം….
ഒരു സ്ത്രീയെ കൊണ്ട് തന്റെ ഷൂ തുടപ്പിക്കുന്ന അമിത് ഷാ”
എന്നാല്‍ എഐ നിര്‍മ്മിതമാണ് ദൃശ്യങ്ങളെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾക്ക് വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ നവിക കുമാര്‍ X ഹാന്റിലില്‍ പങ്കുവച്ച യഥാർത്ഥ ചിത്രം ലഭിച്ചു.
വൈറൽ വീഡിയോയിൽ കാണുന്നത് പോലെ ഷൂ തുടക്കുന്ന രംഗങ്ങളൊന്നും അതിലില്ല.
“മിഥിലാഞ്ചലിലെ പ്രചാരണ പാതയിൽ. ജനക്കൂട്ടം… മന്ത്രണങ്ങൾ… ഉറപ്പ്… അടിത്തട്ടില്‍ നിന്നുള്ള ഊർജ്ജം കഥ പറയുന്നു. സ്ക്രിപ്റ്റ് ആവശ്യമില്ല — ജനങ്ങളുടെ സ്പന്ദനം മാത്രം” എന്നാണ് ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നവംബർ 2 ന്, മാധ്യമ പ്രവര്‍ത്തക നവിക കുമാർ അമിത് ഷായ്ക്കൊപ്പം ലികോപ്റ്ററിൽ ഉണ്ടായിരുന്നു. പ്രചാരണവുമായി ബന്ധപ്പെട്ട ഏതാനും ചിത്രങ്ങള്‍ നവിക സോഷ്യൽ മീഡിയയിൽ പങ്കിട്ടപ്പോള്‍ അതിലൊരു ചിത്രം എടുത്ത് ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ച് ദുഷ്പ്രചരണം നടത്തുകയാണ്.
കുറച്ചുകൂടി വ്യക്തതയുള്ള വീഡിയോകള്‍ X ല്‍ പലരും പങ്കുവച്ചിട്ടുണ്ട്. ഇതിലെ കീ ഫ്രെയിമുകള്‍ വിശകലനം ചെയ്യുമ്പോള്‍ വീഡിയോ ഡീപ് ഫേക്ക് നിര്‍മ്മിതി ആണെന്നുള്ള വ്യക്തമായ സൂചന ലഭിക്കും.
വീഡിയോ ഫ്രെയിം-ബൈ-ഫ്രെയിം വിശകലനം ചെയ്തപ്പോൾ ചില പൊരുത്തക്കേടുകള്‍ കാണാം. ആദ്യ ഷോട്ടില്‍ അമിത് ഷായുടെ മുഖത്ത് കണ്ണട കാണാനില്ല. എന്നാല്‍ രണ്ടാമത്തെ ഷോട്ടില്‍ അദ്ദേഹത്തിന്റെ മുഖത്ത് കണ്ണടയുണ്ട്. മറ്റ് ഫ്രെയിമുകളിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ മുഖഭാവം വിചിത്രമായും ചുരുങ്ങിയും കാണുന്നു.

എഐ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിക്കുമ്പോള്‍ ഇത്തരം വൈകല്യങ്ങള്‍ സാധാരണയാണ്. ഡീകോപ്പി എഐ എന്ന എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് വ്യക്തമായി.
അതുപോലെ വീഡിയോയില്‍ ANI ന്യൂസിന്റെ ലോഗോ കാണുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ തിരഞ്ഞപ്പോള്‍ ANI ന്യൂസ് ഇങ്ങനെയൊരു ചിത്രം അല്ലെങ്കില്‍ വീഡിയോ പ്രസിദ്ധീകരിച്ചതായി കാണാന്‍ സാധിച്ചില്ല.

ചിരാഗ് പട്ടേൽ എന്ന വെരിഫൈഡ് എക്സ് പേജില്‍ നിന്നാണ് ഈ ഫേക്ക് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത് എന്ന് അനുമാനിക്കുന്നു. ഈ വീഡിയോ ‘കൃത്രിമമായി നിർമ്മിച്ചത്’ ആണെന്ന് X ഉപയോക്താക്കളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
മാധ്യമപ്രവർത്തകൻ അമിഷ് ദേവ്ഗൺ ഷായുടെ പാദങ്ങൾ സ്പർശിക്കുന്ന AI-യിൽ കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങള്‍ മുമ്പ് പ്രചരിച്ചിരുന്നു.
നിഗമനം
മാധ്യമ പ്രവര്‍ത്തക നവിക കുമാര്‍ അമിത് ഷായുടെ ഷൂ തുടച്ചു കൊടുക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ എഐ നിര്‍മ്മിതമാണ്. നവിക X പേജില്‍ പങ്കുവച്ച ഒരു ചിത്രം എടുത്ത് ഡീപ് ഫേക്ക് നിര്‍മ്മിക്കുന്ന ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഫേക്ക് വീഡിയോ മാത്രമാണിത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:സ്ത്രീയെ കൊണ്ട് ഷൂ തുടപ്പിക്കുന്ന അമിത് ഷാ..? പ്രചരിക്കുന്നത് എഐ നിര്‍മ്മിത ഡീപ് ഫേക്ക് വീഡിയോ…
Fact Check By: Vasuki SResult: Altered


