
വിവരണം
മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് മുസ്ലിം തീവ്രവാദിയെ സ്വീകരിച്ച് ആദരിക്കുന്നു എന്ന പേരില്‍ ഒരു ചിത്രങ്ങളും വീഡിയോകളും ഫെയ്സ്ബുക്കില്‍ വൈറലാകുന്നുണ്ട്. ജമ്മു ആന്‍ഡ് കാശ്മീര്‍ ലിബറേഷന്‍ ഫ്രൊണ്ട് (ജെകെഎല്‍എഫ്) നേതാവ് യാസിന് മാലിക്കുമായുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോയാണ് പ്രചരിപ്പിക്കുന്നത്. ജയന്.ആര് എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് രണ്ടു വീഡിയോകളും ഒരു ചിത്രവും ഇത്തരത്തില്‍ അപ്ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നത്. 1,300ല്‍ അധികം ഷെയറുകളും 90ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ജെകെഎല്‍എഫ് നേതാവിനെ മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സ്വീകരിക്കുന്നതും ആദരിക്കുന്നതുമാണോ വീഡിയോയിലുള്ളത്? വസ്തുത എന്താണെന്നത് പരിശോധിക്കാം-
വസ്തുത വിശകലനം
യഥാര്‍ത്ഥത്തില്‍ 2006ല്‍ പാക്ക് അധിനിവേശ കാശ്മീരില്‍ ഇന്ന് തുടരുന്ന പോലെയുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ രൂക്ഷമായി നില്ക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര കാശ്മീര്‍ സമരനേതാവായ യാസിന് മാലിക്കിനെ മന്മോഹന് സിങ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചതിന്റെ വീഡിയോയാണ് പോസ്റ്റില്‍ സ്വീകരണമാണെന്നും ആദരിക്കല്‍ ചടങ്ങാണെന്ന പേരിലും പ്രചരിപ്പിക്കുന്നത്. കശ്മീര്‍ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനായി സമര നേതാക്കളെ വിളിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗം മാത്രമാണിത്. കശ്മീര്‍ പ്രശനം ചര്‍ച്ച ചെയ്യാന്‍ വട്ടമേശ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചതിന്റെ മുന്നോടിയായിട്ടായിരുന്നു യാസിന് മാലിക്-മന്മോഹന് സിങ് കൂടിക്കാഴ്ച്ച ദില്ലിയില്‍ 2006 ഫെബ്രുവരി 17നാണ് നടന്നത്. സ്വതന്ത്ര കാശ്മീര്‍ സമരാനൂകൂലികള്ക്ക് രാഷ്ട്രീയപരമായ പിന്തുണ നല്‍കുകയോ അവരുടെ ആവശ്യങ്ങള്‍ നിരുപാധികമായി അംഗീകരിക്കുകയോ മന്മോഹന് സിങ് സര്‍ക്കാര്‍ ചെയ്തതായി ഇതിനാല്‍ വ്യാഖ്യാനിക്കാന്‍ കഴിയുകയില്ല. അത്തരം പിന്തുണ സംബന്ധിച്ച് യാതൊരു നിലപാടും കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ചെയ്തതായിട്ടും റിപ്പോര്‍ട്ടുകളില്ല. അതുകൊണ്ട് തന്നെ പോസ്റ്റിലെ ക്യാപ്ഷനില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് മനസിലാക്കാന്‍ കഴിയും. 2006ലെ കൂടിക്കാഴ്ച്ച എന്തിനു വേണ്ടിയാണെന്നുള്ള വിവരങ്ങള്‍ അന്ന പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ന്യൂസ് ലിങ്കുകളും സ്ക്രീന്‍ഷോട്ടുകളും ചുവടെ ചേര്‍ക്കുന്നു. യാസിന് മാലിക് മന്മോഹന് സിങ് കൂടിക്കാഴ്ച്ചയുടെ ഉദ്ദേശലക്ഷ്യവും കൂടുതല്‍ ചിത്രങ്ങളും ഗെറ്റി ഇമേജിസിലും ലഭ്യമാണ്. എഎഫ്പി ഫോട്ടോഗ്രാഫര്‍ പ്രകാശ് സിങ് എടുത്ത ചിത്രങ്ങളും കാണാം.



നിഗമനം
ഫെയ്സ്ബുക്കില്‍ ഉന്നയിക്കുന്ന യാസിന് മാലിക്-മന്മോഹന് സിങ് കൂടിക്കാഴ്ച്ച സംബന്ധമായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. 2006ലെ കൂടിക്കാഴ്ച്ച സംബന്ധമായ സത്യാവസ്ഥ അന്നത്തെ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതതാണ്. അതുകൊണ്ട് തന്നെ അടിസ്ഥാന രഹിതമായ വ്യാഖ്യാനങ്ങള്‍ നല്കി ജനങ്ങളില്‍ തെറ്റ്ദ്ധാരണയുണ്ടാക്കുന്നതാണ് പോസ്റ്റെന്ന് തെളിഞ്ഞിരിക്കുകയാണ്.

Title:പാക്കിസ്ഥാന് തീവ്രവാദികളെ മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സ്വീകരണം നല്കി ആദരിച്ചോ?
Fact Check By: Harishankar PrasadResult: False
