വീഡിയോയില്‍ പ്രചരിക്കുന്ന മത്സ്യവില്‍പ്പനശാല നിലവില്‍ പ്രവര്‍ത്തിക്കുന്നതാണോ?

സാമൂഹികം

പച്ച മീൻ വിൽക്കാൻ വെച്ചു അതിന്റെ പുറത്ത് ഹിറ്റ്‌ അടിക്കുന്ന ഈ ക്രൂര മനസ്സിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക. മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന ഇവനെപ്പോലുള്ളവരാണ് ഈ നാടിന്റെ ശാപം എന്ന തലക്കെട്ട് നല്‍കി ജനങ്ങള്‍ ന്യൂസ്  എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ജൂലൈ 9ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ഒരു മത്സ്യ വില്‍പ്പന സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന മത്സ്യത്തിന്‍റെ മുകളില്‍ കച്ചവടക്കാരന്‍ പാറ്റ വിഷമായ ഹിറ്റ് സ്പ്രേ ചെയ്യുന്നത് കാണാം. ഭക്ഷ്യവസ്‌തുവില്‍ വിഷം തളിക്കുന്ന വീഡിയോ ഷെയര്‍ ചെയ്‌ത് ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് വീഡിയോയുടെ തലക്കെട്ട്.

എന്നാല്‍ വീഡിയോയില്‍ പ്രചരിക്കുന്ന മത്സ്യകച്ചവടക്കാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ലേ. ഈ സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത് തന്നെയാണോ. വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

2017 ജൂണിലാണ് പോസ്റ്റിന് ആധാരമായ സംഭവം നടന്നതെന്ന് അന്വേഷണത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 20നാണ് വിഷയത്തെ കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും വീഡിയോ വൈറലായതോടെ കട അടച്ചു പൂട്ടി ഉടമയും ജീവനക്കാരും കടന്നു കളഞ്ഞു എന്നാണ് അന്നത്തെ വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്. മാത്രമല്ല ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയ ശേഷം നിലവില്‍ ഇന്നിതുവരെ കട വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരുന്നത് വരെ വീഡിയോ ഷെയര്‍ ചെയ്യുകയെന്ന് വീഡിയോയില്‍ പറയുന്നതിന് ഇനി പ്രസക്തിയില്ല.

മാതൃഭൂമി വാര്‍ത്തയുടെ ലിങ്കും സ്ക്രീന്‍ഷോട്ടും-

Archived Link

നിഗമനം

രണ്ടു വര്‍ഷം മുന്‍പ് വൈറലായതെ തുടര്‍ന്ന് അടച്ചു പൂട്ടിയ മത്സ്യവില്‍പ്പന സ്റ്റാളിനെ കുറിച്ചുള്ള വീഡിയോയാണ് വീണ്ടും പ്രചരിച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്ന സംഭവം സത്യമായത് കൊണ്ടും എന്നാല്‍ ഇത് നിലവില്‍ വീണ്ടും പങ്കുവയ്ക്കുന്നതിന് പ്രസക്തിയില്ലാത്തത് കൊണ്ടും വസ്തുത സമിശ്രമാണെന്ന് പറയാം.

Avatar

Title:വീഡിയോയില്‍ പ്രചരിക്കുന്ന മത്സ്യവില്‍പ്പനശാല നിലവില്‍ പ്രവര്‍ത്തിക്കുന്നതാണോ?

Fact Check By: Dewin Carlos 

Result: Mixture