
വിവരണം
‘പതിന്നാല് കൊല്ലം ഒരു കുഞ്ഞിനായി കാത്തിരുന്നു. ഒടുവിൽ കുഞ്ഞിനെ കിട്ടിയപ്പോഴോ അമ്മയുടെ ജീവൻ കുത്തിന് കൊടുത്ത് അമ്മ ഈ ലോകത്തോട് വിട പറഞ്ഞു
ഡ്യൂട്ടിയിലുള്ള ഡോക്ടർ സങ്കടം സഹിക്കാനാവാതെ പൊട്ടി കരയുന്നു
പതിനാല് കൊല്ലം കുഞ്ഞിനെ കൊടുക്കാതിരുന്ന ദൈവത്തെ തോല്‍പിച്ചതാണോ ആ കുഞ്ഞിനോട് ദൈവം ചെയ്ത ക്രൂരതയാണോ എന്നറിയില്ല കണക്ക് കൂട്ടലുകള്‍ക്കപ്പുറം വിധി എന്നൊരു മൃഗം കണ്ണീര് മാത്രം തരാന്‍ കാത്തിരിപ്പുണ്ട്’ എന്ന തലക്കെട്ട് നല്‍കി ഒരു അമ്മയുടെ അരികില്‍ ജനിച്ച ഉടനെ കുഞ്ഞിനെ ചേര്‍ത്ത് വച്ചിരിക്കുന്നതും ഒരു കസേരയില്‍ ഒരു പുരുഷന്‍ ഇരുന്ന് മുഖം പൊത്തി കരയുകയും ചെയ്യുന്ന ചിത്രം കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഡ്യൂട്ടി ഡോക്ടര്‍ ആണെന്നും പ്രശാന്ത് മീഡിയ എന്ന പേജില്‍ ഇതെ പോസ്റ്റ് ഏപ്രില്‍ 22ന് പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 210ല്‍ അധികം ഷെയറുകളും 310ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പ്രസവത്തിനിടയില്‍ സ്ത്രീയുടെ ജീവന്‍ നഷ്ടമായ ദുഃഖത്തില്‍ കരയുന്ന ഡോക്ടറുടെ ചിത്രമാണോ ഇത്? യഥാര്‍ത്ഥത്തില്‍ ആ അമ്മ മരിച്ചോ? ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ഇമേജസില്‍ റിവേഴ്‌സ് സെര്‍ച്ച് ചെയ്‌തപ്പോള്‍ ചിത്രത്തിന്‍റെ യഥാര്‍ത്ഥ ഉറവിടം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. Ozge Metin എന്ന വിദേശ വനിത ഫോട്ടോഗ്രാഫറുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് കുഞ്ഞിന്‍റെ അച്ഛന്‍ കരയുന്ന ചിത്രം കണ്ടെത്തിയത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കഥകള്‍ കള്ളമാണെന്നാണ് ഓസ്ഗെയുടെ പോസ്റ്റ് പരിശോധിച്ചതില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു. ആരോഗ്യമുള്ള ഒരു കുഞ്ഞിന് തന്‍റെ ഭാര്യ ജനനം നല്‍കുന്നത് നേരില്‍ കണ്ട സന്തോഷത്തില്‍ കരയുന്ന ഭര്‍ത്താവിന്‍റെ മനോഹരമായ ചിത്രമാണിതെന്നും കുഞ്ഞും അമ്മയും പൂര്‍ണ ആരോഗ്യത്തോടെ തന്നെയുണ്ടെന്നും ഓസ്ഗെ ചിത്രത്തിന്‍റെ കമന്‍റില്‍ പലര്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. അതായത് ചിത്രത്തില്‍ കരയുന്ന വ്യക്തി ഡ്യൂട്ടി ഡോക്ടര്‍ അല്ല. മാതൃത്വം സംബന്ധമായ ചിത്രങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫറാണ് ഓസ്‌ഗെ എന്നത് അവരുടെ ഇന്‍സ്റ്റാഗ്രാം പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയും.
ഓസ്ഗെയുടെ ഇന്‍സ്റ്റാഗ്രാമില്‍ 2017 സെപ്റ്റംബറില്‍ 5ന് അപ്‌ലോഡ് ചെയ്‌തിരിക്കുന്ന ചിത്രം-


ഇതേ പോലെയുള്ള ഒരു പോസ്റ്റിന്‍റെ പരിശോധന Snopes.com എന്ന വസ്തുത അന്വേഷണ വെബ്സൈറ്റ് നടത്തിട്ടുണ്ട്. അവരും ഈ പോസ്റ്റ് വ്യാജമാണ് എന്ന് തെളിയിച്ചിട്ടുണ്ട്.
നിഗമനം
ഒരു മനോഹരമായ ചിത്രത്തിന് യാതൊരു അടിസ്ഥാനവുമില്ലാത്ത ക്യാപ്‌ഷന്‍ നല്‍കി പ്രചരിപ്പിക്കുകയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചെയ്യുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. പ്രചരണം വ്യാജമാണെന്ന് ഫോട്ടോഗ്രാഫര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങള്‍ ഇത്തരം വ്യാജ അടിക്കുറിപ്പ് നല്‍കി ലൈക്കിന് വേണ്ടി പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
