
വിവരണം
Newskerala എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 17 മുതൽ പ്രചരിച്ചു വരുന്ന ഒരു വീഡിയോ രൂപത്തിൽ അവതരിപ്പിച്ചിട്ടുള്ള വാർത്തയ്ക്ക് ഇതുവരെ 1000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട് 800 റോളം പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ ഒരു വിദ്യാർത്ഥിയെ അതെ സംഘടനയിലുള്ളവർ തന്നെ കത്തി ഉപയോഗിച്ച് കുത്തിയ വാർത്തയും അതിന്‍റെ പിന്നാലെയുള്ള വിവാദങ്ങളും തന്നെയാണ് വാർത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറയുന്നത്.
ഇതും അതെ വിഭാഗത്തിൽ പെട്ട വാർത്തയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കാമ്പസ്സിൽ എബിവിപി സ്വന്തമായി ഒരു യൂണിറ്റ് തൂങ്ങാൻ പോകുന്നു എന്നതാണ് വാർത്ത. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ആർഎസ്എസ് ബൈട്ടക് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് വാർത്തയിലൂടെ അറിയിക്കുന്നു. ഇത്രയും നാൾ യൂണിവേഴ്സിറ്റി കോളേജിന്‍റെ ആധിപത്യം എസ്എഫ്ഐയുടെ കൈയ്യിലായിരുന്നു. അവരുടെ ആധിപത്യം തകർക്കുന്ന രീതിയിൽ ഇടപെടേണ്ട എന്നാണ് ഇതിനു മുമ്പ് ആർഎസ്എസ് നേതൃത്വം എബിവിപിക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ നേതൃത്വം തീരുമാനം മാറ്റുന്നു. കോളേജിൽ ഈയിടെ അരങ്ങേറിയ സംഭവ വികാസങ്ങളുടെ ചുവടു പിടിച്ചാണ് നേതൃത്വം തീരുമാനം മാറ്റുന്നത്. ഇനി യൂണിവേഴ്സിറ്റിയുടെ ചരിത്രം തന്നെ മാറുകയാണ്. ഇതിനായി നേതാക്കളെ തെരെഞ്ഞെടുത്തു കഴിഞ്ഞു… എല്ലാ സംഘപരിവാർ സംഘളോടും ആർഎസ്എസ് ഇക്കാര്യം ചർച്ച ചെയ്തു കഴിഞ്ഞു…എന്നിങ്ങനെയാണ് വാർത്തയുടെ വിവരണം.
archived link | FB post |
വാർത്തയിൽ പറയുന്ന കാര്യങ്ങളുടെ വസ്തുത നമുക്കറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ വസ്തുത പരിശോധിക്കാൻ വിവിധ വാർത്താ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകൾ തിരഞ്ഞു. എന്നാൽ ഇത്തരത്തിലൊരു വാർത്ത കണ്ടെത്താനായില്ല. ജനം ടിവി, ജന്മഭൂമി തുടങ്ങിയ മാധ്യമങ്ങൾ ബിജെപി ആർഎസ്എസ് എബിവിപി എന്നീ പ്രസ്ഥാനങ്ങളുടെ പ്രധാനവും അപ്രധാനവുമായ വാർത്തകൾ മുടക്കമില്ലാതെ നൽകാറുണ്ട്. എന്നാൽ അവരും ഇത്തരത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ ഞങ്ങൾ കേരളത്തിലെ മുതിര്‍ന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകനും ആർഎസ്എസ് പ്രാന്ത് കാര്യവാഹുമായ (കേരളത്തിലെ മേധാവി) പി ഗോപാലൻകുട്ടി മാസ്റ്ററുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല എന്നാണ്
വാര്‍ത്തയില്‍ നല്കിയിരിക്കുന്ന വാദഗതി പോലെ ഇതര സംഘപരിവാര്‍ സംഘടനയോട് ആര്‍എസ്‌എസ് നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നോ എന്ന സംശയം ദൂരീകരിക്കാനായി ഞങ്ങള്‍ ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചറുമായി ബന്ധപ്പെട്ടിരുന്നു. ടീച്ചര്‍ പറഞ്ഞത് അവരുടെ സംഘടനയുമായി ആര്‍എസ്‌എസ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. യൂണിവേര്‍സിറ്റി കോളേജില്‍ എബീവിപി യൂണിറ്റ് തുടങ്ങുന്ന കാര്യം ഇതുവരെ ആരും എവിടേയും പറഞ്ഞതായി അറിവില്ല എന്നാണ് ടീച്ചര്‍ കൂടുതലായി അറിയിച്ചത്.
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഈ പോസ്റ്റിലെ വീഡിയോയിൽ നൽകിയിട്ടുള്ള വിവരങ്ങൾ വ്യാജമാണ് എന്നാണ്. യൂണിവേഴ്സിറ്റി കോളേജിൽ എബിവിപി യൂണിറ്റ് തുടങ്ങുന്നതിനെ പറ്റി ആർഎസ്എസ് നേതൃത്വം തീരുമാനം എടുത്തതായി വാർത്തകളില്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും വ്യാജമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആർഎസ്എസ് യൂണിറ്റ് തുടങ്ങുന്നതിനെ പറ്റി കേരളത്തിലെ ആർഎസ്എസ് നേതൃത്വമോ എബിവിപിയോ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇത് വ്യാജ വാർത്തയാണെന്ന് ആർഎസ്എസ് പ്രാന്ത് കാര്യവാഹ് പി ഗോപാലൻകുട്ടി മാസ്റ്റർ ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെറ്റിധാരണ പരത്തുന്ന ഈ പോസ്റ്റിനോട് പ്രതികരിക്കാതിരിക്കാൻ മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Title:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എബിവിപിയുടെ യൂണിറ്റ് തുടങ്ങാൻ ആർഎസ്എസ് നേതൃത്വം തീരുമാനിച്ചോ..?
Fact Check By: Vasuki SResult: False
