സംസ്ഥാന സർക്കാരിന്റെ സൗജന്യ ഇന്റർനെറ്റ് പദ്ധതിയ്‌ക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയോ..?

രാഷ്ട്രീയം | Politics

വിവരണം 

കൊണ്ടോട്ടി പച്ചപട എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഒക്ടോബർ 18 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 400 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മിസ്റ്റർ Pinarayi Vijayan തുറന്ന കത്തുമായി Pk kunjali kutty സാഹിബ്….

പ്രിയപ്പെട്ട ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അറിവിലേക്ക്…

സൗജന്യ ഇന്‍റര്‍നെറ്റ് എന്ന പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് താങ്കൾ ഒന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു സൗജന്യ ഇന്‍റർനെറ്റ് കൊണ്ട് യുവതിയുവാക്കൾ വഴിതെറ്റുന്ന കാലം വിദൂരമല്ല ഇന്‍റര്‍നെറ്റ് ഇല്ലാത്ത കാലഘട്ടത്തിൽ തന്നെ ഞാൻ പല വിവാദങ്ങളിലും പെട്ട വിവരം കേരളത്തിലെ എല്ലാവർക്കും അറിയും.. ഇനിയൊരു ഇന്‍റര്‍നെറ്റ് കാലഘട്ടം വന്നാൽ കേരളം അമേരിക്കയെ പോലെ ആകാനുള്ള സാധ്യത വളരെയധികമാണ് ആയതിനാൽ താങ്കൾ എത്രയും പെട്ടെന്ന് ഈയൊരു നടപടിയിൽ നിന്നും പിന്നോട്ട് നിൽക്കണം എന്ന് അഭ്യർത്ഥിക്കുന്നു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ  നൽകിയിരിക്കുന്നത് മലപ്പുറത്ത് നിന്നുള്ള മുസ്‌ലിം ലീഗ് എംപി കുഞ്ഞാലിക്കുട്ടിയുടെ ചിത്രവും ഒപ്പം “പിണറായി സർക്കാരിന്റെ സൗജന്യ ഇന്‍റര്‍നെറ്റ് യുവതി യുവാക്കളെ വഴി തെറ്റിക്കാൻ – കുഞ്ഞാലിക്കുട്ടി. ഇന്‍റര്‍നെറ്റ് സൗജന്യമാക്കിയാൽ പോൺ വീഡിയോകൾ അമിതമായി കണ്ട് കേരളം അമേരിക്കയെ പോലെയാകും. അതുവഴി മുസ്‌ലിം ലീഗിനെ തകർക്കാം എന്നതാണ് പിണറായിയുടെ തന്ത്രം. ഈ ദീർഘ വീക്ഷണത്തിന് കൊടുക്കാം കുഞ്ഞാപ്പയ്ക്കൊരു ലൈക്ക്” എന്ന വാചകങ്ങളുമുണ്ട്.  

archived linkFB post

സംസ്ഥാന സർക്കാർ കെ ഫോൺ എന്ന പേരിൽ സൗജന്യ നിരക്കിൽ ഇന്‍റര്‍നെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നുവെന്ന്  വാർത്തകൾ വന്നിരുന്നു. ഇതിനെതിരെ പികെ കുഞ്ഞാലിക്കുട്ടി എംപി പദ്ധതി മൂലം യുവാക്കൾ വഴിതെറ്റും എന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നോ..? നമുക്ക് അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഈ വാർത്തയുടെ യാഥാർഥ്യമറിയാൻ ഞങ്ങൾ മലയാള മാധ്യമങ്ങളിൽ ഇതേ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത ഒരു മാധ്യമവും പ്രസിദ്ധീകരിച്ചിട്ടില്ല. പികെ കുഞ്ഞാലിക്കുട്ടിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും ഇത്തരത്തിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. 

ഈ പോസ്റ്റിലല്ലാതെ മറ്റൊരിടത്തും ഇങ്ങനെയൊരു വാർത്ത കാണാനില്ല. 

അതിനാൽ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങള്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പേഴ്സണൽ സെക്രട്ടറി ഉബൈദ് ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ മറുപടി ഇങ്ങനെയാണ്; “ഇത് വെറും വ്യാജപ്രചരണമാണ്. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇത്തരത്തിൽ വാർത്തകൾ പുറത്ത് വരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നുണ്ട്. രാഷ്ട്രീയപരമായി എതിർക്കാൻ മറ്റു മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ഈ രീതിയിൽ ശ്രമിക്കുകയാണ്  രാഷ്ട്രീയ എതിരാളികൾ. ഇങ്ങനെ കുഞ്ഞാലിക്കുട്ടി സാഹിബ് ഒരിടത്തും പറഞ്ഞിട്ടില്ല. പറയുകയുമില്ല.”

പോസ്റ്റിൽ നൽകിയിരിക്കുന്നത് കുഞ്ഞാലിക്കുട്ടി എംപിയ്‌ക്കെതിരെയുള്ള വ്യാജ പ്രചാരണമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ നല്കിയിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റാണ്. തെറ്റിധാരണ സൃഷ്ടിക്കാൻ മനഃപൂർവം പികെ കുഞ്ഞാലിക്കുട്ടിയുടെ പേരിൽ ഇത്തരത്തിൽ പ്രചരിപ്പിക്കുകയാണ്. അതിനാൽ ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്നു മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു 

Avatar

Title:സംസ്ഥാന സർക്കാരിന്റെ സൗജന്യ ഇന്റർനെറ്റ് പദ്ധതിയ്‌ക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയോ..?

Fact Check By: Vasuki S 

Result: False