
വിവരണം
എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും കാലത്തിന് മുന്നേ സഞ്ചരിച്ച പ്രതികരണം. 😎
കഴിവ്കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് #VS” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോ ആണ്. വീഡിയോയിൽ മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ രൂക്ഷമായി മാധ്യമ പ്രവർത്തകരോട് സംസ്ഥാന മുഖ്യമന്ത്രിയെ വിമർശിക്കുന്ന വീഡിയോ ആണുള്ളത്. പരോക്ഷമായി വാളയാർ കേസുമായി ബന്ധപ്പെടുത്തിയാണ് പോസ്റ്റിന്‍റെ പ്രചരണം.
ഈ മുഖ്യമന്ത്രി ഭരിക്കുമ്പോൾ ഇതൊക്കെ സംഭവിക്കുമെന്നും മുഖ്യമന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയുടെ പോലീസും ഉത്തരവാദിത്ത ബോധമില്ലാത്തവരാണെന്നു വിഎസ് അച്യുതാനന്ദൻ തുറന്നടിക്കുന്നു.
archived link | FB post |
വാളയാറിൽ പീഡിപ്പിക്കപ്പെട്ട ശേഷം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു പെൺകുട്ടികളുടെ മരണത്തിനുത്തരവാദികളായി കേസിലകപ്പെട്ട പ്രതികൾക്ക് എതിരെ വേണ്ടത്ര തെളിവില്ല എന്ന് പറഞ്ഞു വെറുതെവിട്ടു എന്ന കോടതി വിധി കേട്ട് കേരളം മുഴുവൻ വികാരപരമായി പ്രതികരിച്ചു കൊണ്ടിരിക്കുന്നു.
വിഎസ് അച്യുതാനന്ദൻ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരേയാണ് രൂക്ഷമായ ഭാഷയിൽ വിമർശനങ്ങൾ ഉന്നയിക്കുന്നത് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. വിഎസ് അച്യുതാനന്ദൻ യഥാർത്ഥത്തിൽ പിണറായി വിജയനെ ഇങ്ങനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നോ…? നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ ഞങ്ങൾ invid ടൂളുപയോഗിച്ച് വീഡിയോ പരിശോധിച്ചപ്പോൾ മീഡിയ വൺ ടിവി പ്രസിദ്ധീകരിച്ച വാർത്തയുടെ ക്ലിപ്പ് ഞങ്ങൾക്ക് ലഭിച്ചു. “ജിഷയുടെ കൊലപാതകം യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള പ്രചാരണ വിഷയമാക്കി എല്‍ഡിഎഫ് മാറ്റുന്നു” എന്ന അടിക്കുറിപ്പിൽ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് 2016 മെയ് നാലിനാണ്.
Archived Link |
ഈ വീഡിയോ ഉള്‍പ്പെടുത്തി മീഡിയവണ്‍ അവരുടെ ഓണ്‍ലൈനില്‍ 2017 നവംബര്‍ 17 നു വാര്‍ത്ത അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
archived link | mediaonetv |
ഈ സമയത്ത് ഉമ്മന്ചാണ്ടിയായിരുന്നു സംസ്ഥാന മുഖ്യമന്ത്രി. ആ സമയത്തു നടന്ന ജിഷ പീഡന കൊലപാതകത്തെ പറ്റി പ്രതികരിക്കുന്ന വേളയിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ വിമർശനം ഇപ്പോൾ വീണ്ടും തെറ്റിധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുകയാണ്. അല്ലാതെ യഥാർത്ഥത്തിൽ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയതല്ല.
വിഎസ് അച്യുതാനന്ദൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപതിയിൽ ചികിത്സയിലാണ്. മാധ്യമങ്ങൾ ഇതേപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. “അച്ഛൻ അടുത്ത ദിവസങ്ങളിൽ മാധ്യമങ്ങളെ കാണുകയോ എന്തെങ്കിലും പരാമർശം നടത്തുകയോ ഉണ്ടായിട്ടില്ല. അച്ഛൻ ആശുപതിയിൽ തന്നെയാണുള്ളത്. ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലാണ്.” വിഎസ് അച്യുതാനന്ദന്‍റെ മകൻ അരുൺ ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. വിഎസ് അച്യുതാനന്ദൻ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെയോ സംസ്ഥാന സർക്കാരിനെയോ വിമർശിച്ചു സംസാരിച്ചിട്ടില്ല. ഉമ്മൻചാണ്ടി സർക്കാർ ഭരിച്ചിരുന്ന കാലത്ത് നടന്ന ജിഷ പീഡനക്കേസിനെ പറ്റി മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിൽ അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിനെ വിമർശിച്ചതിന്‍റെ വീഡിയോയാണ് ഇപ്പോൾ തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Title:വിഎസ് അച്യുതാനന്ദൻ പിണറായി വിജയനെ വിമർശിക്കുന്നു എന്ന പേരിലുള്ള വീഡിയോയുടെ യാഥാർഥ്യം
Fact Check By: Vasuki SResult: False
