
വിവരണം
സാമൂഹ്യ മാധ്യമങ്ങളിൽ ഒരു മത പരിവർത്തന വാർത്ത പ്രചരിക്കുന്നുണ്ട്. പ്രശസ്ത കന്നഡ സീരിയൽ നടി മൂകാംബിക ഇസ്‌ലാം മതം സ്വീകരിച്ചു എന്നതാണ് വാർത്ത. ഇസ്‌ലാം മതത്തിലെ സ്ത്രീ സ്വാതന്ത്ര്യമാണ് തന്നെ ഇസ്‌ലാം മതത്തിലേക്ക് ആകർഷിച്ചത് എന്ന് നടി പറഞ്ഞു എന്നും പോസ്റ്റിൽ നൽകിയിട്ടുണ്ട്. മതം സ്വീകരിക്കുന്നതിന് മുമ്പും ശേഷവും എന്ന മട്ടിൽ നടിയുടേതായി രണ്ടു ചിത്രങ്ങൾ നൽകിയിട്ടുണ്ട്.

അല്ലാഹു ഈ സഹോദരിക്ക് മുൻകാല പാപങ്ങൾ എല്ലാം പൊറുത്തു കൊടുത്തു ദീനുൽ ഇസ്ലാമിനുവേണ്ടി പ്രവർത്തിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲
(ഷെയർ മാക്സിമം-ദീനുൽ ഇസ്ലാമിലേക്ക് കടന്നുവരാൻ മറ്റുള്ളവർക്കും പ്രചോദനമാകട്ടെ)
” എന്ന വിവരണം പോസ്റ്റിനൊപ്പമുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 24 മണിക്കൂറിനുള്ളിൽ 2000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ വാർത്ത സത്യമല്ല. വാർത്തയുടെ വാസ്തവം ഇങ്ങനെ:
വസ്തുതാ വിശകലനം
ഈ പോസ്റ്റിലെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധയായ ജസ്ല മാടശ്ശേരി എന്ന യുവതിയാണ്. ഏഷ്യാനെറ്റിന്‍റെ ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ജസ്‌ല പൊതുവേദികളിൽ ചർച്ചകളിൽ പങ്കെടുക്കാറുണ്ട്. ഐഎഫ്എഫ്‌കെ വേദിയില്‍ ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച ഒരു ഫ്‌ളാഷ് മോബിന് നേതൃത്വം നല്‍കിയതിലൂടെയാണ് ജസ്‌ല സഹൂഹ്യ മാധ്യമ ചർച്ചകളിൽ വിഷയമായത്. അവരുടെ നിരവധി ചിത്രങ്ങൾ ലഭ്യമാണ്. പോസ്റ്റിലുള്ള ചിത്രം ജസ്ലയുടേത് തന്നെയാണെന്ന് അനായാസം മനസ്സിലാകും.

മതം വിട്ട പെണ്ണ് എന്ന വിശേഷണത്തിലൂടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ജസ്‌ല ചർച്ചയാകുന്നത്. ഇസ്‌ലാം മത വിശ്വാസിയായിരുന്ന ജസ്‌ല പിന്നീട് മതം ഉപേക്ഷിക്കുകയായിരുന്നു. പൊതുവേദികളിൽ ജസ്‌ല ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. തന്‍റെ ഫേസ്‌ബുക്ക് പേജിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
മൂകാംബിക എന്ന പേരിൽ കന്നഡ സീരിയൽ നടി ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചില്ല.
പോസ്റ്റിലെ വാർത്തയുടെ വസ്തുത അറിയാൻ ഞങ്ങൾ ജസ്ലയുമായി നേരിട്ട് സംസാരിച്ചു.

“ഈ പോസ്റ്റ് ഞാൻ കണ്ടിരുന്നു. എന്‍റെ പേരിൽ നിരവധി വ്യാജ പ്രചാരങ്ങൾ ഇതിനു മുമ്പും വന്നിട്ടുണ്ട്. പലതും അവഗണിക്കുകയാണ് പതിവ്. ഒരിക്കൽ ഞാൻ മരിച്ചു എന്ന് പറഞ്ഞായിരുന്നു പ്രചാരണം. യഥാർത്ഥത്തിൽ എന്‍റെ വീട്ടുകാരും ബന്ധുക്കളും ഭയന്ന് പോയിരുന്നു. ഇങ്ങനെ കള്ള പ്രചാരണം നടത്തുന്നതിന്‍റെ ഉദ്ദേശം അറിയില്ല. ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഇതൊക്കെ വെറും വ്യാജ പ്രചാരണങ്ങൾ മാത്രമാണ്”
ഇങ്ങനെയാണ് ജസ്‌ല ഞങ്ങളുടെ പ്രതിനിധിയോടു പ്രതികരിച്ചത്.
പോസ്റ്റിലെ വാർത്ത വെറും വ്യാജ പ്രചാരണമാണ്. ജസ്ല മാടശ്ശേരി എന്ന യുവതിയുടെ ചിത്രം ദുരുപയോഗം ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ജസ്ല മാടശ്ശേരി എന്ന യുവതിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്. ജസ്‌ല മാടശ്ശേരി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്

Title:ചിത്രത്തിലേത് കന്നഡ സീരിയൽ നടിയല്ല, ബിഗ് ബോസ് ഫെയിം ജസ്ല മാടശ്ശേരിയാണ്…
Fact Check By: Vasuki SResult: False
