സിപിഎം എറിയാട് ബ്രാഞ്ച് സെക്രട്ടറിയും നാല്‍പ്പത് പ്രവര്‍ത്തകരും മുസ്‌ലിം ലീഗില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചോ?

രാഷ്ട്രീയം | Politics

വിവരണം

എറിയാട് ബ്രാഞ്ച് സെക്രട്ടറി കാവുങ്ങൽ ഹക്കീമും നാൽപ്പതോളം പ്രവർത്തകരും സിപിഎമ്മിൽ നിന്ന് രാജിവെച്ചു നേരിന്‍റെ പാതയിലേക്ക്.. എന്ന തലക്കെട്ട് നല്‍കി ഒരു വ്യക്തിയുടെ ചിത്രം സഹിതം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നുണ്ട്. മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം എറിയാട് ബ്രാഞ്ച് സെക്രട്ടറി 40 ഓളം പ്രവര്‍ത്തകരും മുസ്‌ലിം ലീഗില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചു എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സലാം കൊണ്ടോട്ടി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,200ല്‍ അധികം ഷെയറുകളും 330ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. 

Facebook PostArchived Link

എന്നാല്‍ തൃശൂര്‍ ജില്ലയിലെ അഴികോട് എറിയാട് പ്രദേശത്ത് നിന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും 40 പ്രവര്‍ത്തകരും മുസ്‌ലിം ലീഗില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വിഷയത്തിന് പിന്നിലെ വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

തൃശൂര്‍ ജില്ലയിലെ എറിയാട് പഞ്ചായത്തില്‍ ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോ എന്ന് അറിയാന്‍ എറിയാട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സിപിഎം പ്രതിനിധിയുമായ വി.എ.സബായോട് ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയാണ്-

സിപിഎമ്മിന് എറിയാട് എന്ന പേരില്‍ ഒരു ബ്രാഞ്ച് കമ്മിറ്റിയില്ല. അഴിക്കോടും എറിയാടും രണ്ട് ലോക്കല്‍ കമ്മിറ്റികളാണ്. അവിടെ കാവുങ്ങല്‍ ഹക്കീമെന്ന പേരില്‍ ഒരു ബ്രാഞ്ച് സെക്രട്ടറിയോ മറ്റ് നേതാക്കളോ ഇല്ല. നാല്‍പ്പത് പേര്‍ മുസ്‌ലിം ലീഗില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്നതും വ്യാജ പ്രചരണം മാത്രമാണ്. പ്രദേശികമായി യാതൊരു തര്‍ക്കങ്ങളും രാഷ്ട്രീയപരമായി നിലനില്‍ക്കുന്ന പ്രദേശമല്ല എറിയാട് അഴികോട് പ്രദേശമെന്നും അദ്ദേഹം പറഞ്ഞും.

പോസ്റ്റില്‍ പ്രചരിക്കുന്ന വ്യക്തിയാരാണെന്ന് കണ്ടെത്താന്‍ ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചെങ്കിലും ഫലം ഒന്നും തന്നെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

നിഗമനം

എറിയാട് എന്ന ഒരു ബ്രാഞ്ച് കമ്മിറ്റിയോ കാവുങ്ങല്‍ ഹക്കീം എന്ന ഒരു പ്രാദേശിക നേതാവോ സിപിഎമ്മിനില്ലെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:സിപിഎം എറിയാട് ബ്രാഞ്ച് സെക്രട്ടറിയും നാല്‍പ്പത് പ്രവര്‍ത്തകരും മുസ്‌ലിം ലീഗില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചോ?

Fact Check By: Dewin Carlos 

Result: False