പാവപ്പെട്ടവർക്ക് നേരെയുള്ള ആക്രമണങ്ങളുടെ വാർത്തകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് പ്രചാരം ലഭിക്കാറുണ്ട്. വടക്കേ ഇന്ത്യയിൽ നിന്നുമുള്ള ജാതീയവും രാഷ്ട്രീയവുമായ അതിക്രമങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും നാം സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. ഇവയില്‍ പലതും തെറ്റായ രീതിയാണ് പ്രചരിച്ചതെന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നിര്‍ദ്ധനര്‍ക്ക് നേരെ ധനികര്‍ നടത്തുന്ന ഒരു ആക്രമണത്തിന്‍റെ വീഡിയോ വളരെ പെട്ടെന്ന് വൈറലാകുന്നു.

പ്രചരണം

അമ്മയും മകളും എന്നു തോന്നിക്കുന്ന രണ്ടു സ്ത്രീകളെ അച്ഛനും മകനും ചേര്‍ന്ന് അതിക്രൂരമായി ആയി മർദ്ദിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. പണം തന്നു തീർത്തു എന്നും മകളെ ഉപദ്രവിക്കരുതെന്നും കാലുപിടിച്ച് സ്ത്രീ അപേക്ഷിക്കുന്നുണ്ട് .അമ്മയെയും മകളെയും ക്രൂരമായി ഉപദ്രവിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടു ചെറുപ്പക്കാർ കടന്നുവരികയും അച്ഛനും മകനും കണക്കിന് കൊടുക്കുകയും ചെയ്യുന്നു. അമ്മയെയും മകളെയും കൊണ്ട് അവർക്ക് കിട്ടിയ മർദ്ദനത്തിന് തിരിച്ചടി നൽകുന്നുമുണ്ട്.

ഈ വീഡിയോയ്ക്ക് ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “പണം കടം കൊടുത്തത് പലിശസഹിതം തിരിച്ചുകൊടുത്തിട്ടും ഭൂമി സ്വന്തമാക്കാൻ അമ്മയെയും മകളെയും ക്രൂരമായി ആക്രമിക്കുന്ന സംഘി ജന്മിയായ അച്ഛനെയും മകനെയും തിരിച്ചടിക്കുന്ന യൂവാക്കൾ.രാമരാജ്യത്ത് നിന്ന്,,,”

archived linkFB post

അതായത് കടം വാങ്ങിയ പണം പലിശ സഹിതം തിരിച്ചു കൊടുത്തിട്ടും അവരുടെ വീട് സ്വന്തമാക്കാനായി അച്ഛനും മകനും ഒരു പാവപ്പെട്ട അമ്മയെയും മകളെയും ക്രൂരമായി മര്‍ദ്ദിക്കുന്നു എന്നാണ് ഈ പോസ്റ്റിലൂടെ വാദിക്കുന്നത്. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു പൂർണ്ണമായും തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത് എന്ന് കണ്ടെത്തി

വസ്തുത ഇങ്ങനെ

വീഡിയോ ശ്രദ്ധിച്ചാൽ ആരോ അടുത്തുനിന്ന് ഷൂട്ട് ചെയ്യുന്നതാണ് എന്ന് നമുക്ക് വ്യക്തമായി മനസ്സിലാകും. അടിക്കുന്ന ശബ്ദം എഡിറ്റ് ചെയ്തു ചെയ്തു കൂട്ടിച്ചേർത്തതാണ് എന്ന് സ്വാഭാവികമായും സംശയം തോന്നുന്നുമുണ്ട്. വീഡിയോ കണ്ട് പലരും കമന്‍റ് ബോക്സിൽ, ഇത് ചിത്രീകരിച്ച വീഡിയോ ആണെന്ന് സംശയം പ്രകടിപ്പിച്ചിരിക്കുന്നത് കാണാം. അതിനാൽ ഞങ്ങൾ ഞങ്ങൾ വീഡിയോയെ കുറിച്ച് സമഗ്രമായി അന്വേഷിച്ചു. അപ്പോൾ ഈ വീഡിയോ യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തിന്‍റെതല്ലെന്നും മറിച്ച് ചിത്രീകരിച്ച് ഉണ്ടാക്കിയതാണെന്നും വ്യക്തമായി.

അങ്കൂർ ജാറ്റൂസ്കരൺ എന്ന യൂട്യൂബ് ചാനലിൽ ഈ വീഡിയോയുടെ മുഴുവന്‍ രംഗങ്ങളും നല്‍കിയിട്ടുണ്ട്. ഈ വീഡിയോ ചിത്രീകരിച്ചതാണ് എന്ന് വ്യക്തമാക്കി കൊണ്ട് തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദരിദ്രരെ ഉപദ്രവിക്കാൻ വന്നാൽ പ്രതികരിക്കേണ്ടത് എങ്ങനെ എന്ന് അറിവ് നൽകുന്ന വീഡിയോ എന്ന രീതിയിലാണ് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അങ്കൂർ യൂട്യൂബർ സുജിത് പാണ്ഡെ എന്ന മറ്റൊരു യൂട്യൂബറുമായി ചേര്‍ന്നാണ് ചിത്രീകരണം നടത്തിയിട്ടുള്ളത്. ഇരുവര്‍ക്കും സാമൂഹ്യ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. പ്രാങ്ക് വീഡിയോകള്‍ക്കാണ് ഇരുവരും പ്രാമുഖ്യം നല്‍കുന്നത്. ഇവരുടെ ചാനലുകള്‍ സന്ദര്‍ശിച്ചാല്‍ ഇതുപോലുള്ള നിരവധി വീഡിയോകള്‍ കാണാം.

യൂട്യൂബ് ചാനലിലെ വീഡിയോയിൽ നിന്നും എഡിറ്റ് ചെയ്തെടുത്ത ഒരു ഭാഗമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. വീഡിയോയോടൊപ്പം നൽകിയിരിക്കുന്ന വിവരണവുമായി പോസ്റ്റിന് യാതൊരു ബന്ധവുമില്ല

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഈ വീഡിയോ ഒരു യൂട്യൂബർ ചിത്രീകരിച്ചതാണ്. അല്ലാതെ യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തിന്‍റെതല്ല. പ്രാങ്ക് വീഡിയോകൾ ചെയ്യുന്ന രണ്ട് ചെറുപ്പക്കാർ ചേർന്ന് സൃഷ്ടിച്ചെടുത്ത ഒരു ഒരു വീഡിയോയാണിത്. യഥാർത്ഥ സംഭവം എന്നുള്ള മട്ടിൽ ആളുകൾ പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പ്രാങ്ക് വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു...

Fact Check By: Vasuki S

Result: False