ഹലാല്‍ മുദ്രയുള്ള പാക്കറ്റുകളില്‍ ലഭിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുതെന്ന് ചില ക്യാംപെയിനുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെക്കൂടെ കാണാറുണ്ട്. ആശീര്‍വാദ് ആട്ടയുടെ പാക്കറ്റില്‍ ഹലാല്‍ മുദ്രയുണ്ടെന്നും അത് വാങ്ങരുതെന്നും ഒരു പ്രചരണം ഇപ്പോള്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം

ആശീർവാദ് ആട്ടയുടെ ഒരു പാക്കേജിൽ ഹലാൽ സർട്ടിഫിക്കേഷന്‍റെ മുദ്ര കാണിക്കുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം ഹലാല്‍ മുദ്രയുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യക്കാരെ അടിച്ചേല്‍പ്പിക്കുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വീട്ടിൽ റൊട്ടി ഉണ്ടാക്കാൻ പലരും ആശിർവാദ് ആട്ട വാങ്ങി ഉപയോഗിക്കുന്നു. ഇതിന് ഹലാൽ ഫുഡ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ദയവായി വൃത്താകൃതിയിലുള്ള ഫോട്ടോ കാണുക ?ഈ ചിഹ്നം മുസ്ലീം സംഘടനകൾ നൽകുകയും ഭക്ഷ്യയോഗ്യമായ ഭക്ഷ്യ ഉൽപന്നത്തിൽ അച്ചടിക്കുകയും ചെയ്യുന്നു. ഈ പാക്കറ്റിൻ്റെ ഓരോ വിൽപ്പനയ്‌ക്കും വിൽപനക്കാരൻ, കട ഉടമ - ഹലാലിന് - മുസ്ലീം സംഘടനകൾ ഒരു ചെറിയ തുക നൽകുന്നു. നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം വകമാറ്റി ഹലാൽ ഓർഗനൈസേഷനിലേക്ക് പോകുന്നു. അവർ ആർക്കാണ് ധനസഹായം നൽകുന്നത്? തീർച്ചയായും അവർ വിഘടനവാദി അമ്പിളി ഇന്ത്യക്കാർക്ക് പണം നൽകുകയും ഫണ്ട് നൽകുകയും ചെയ്തേക്കാം? നിങ്ങളുടെ പണം എവിടെ പോകുന്നു എന്ന് ഒരിക്കൽ കൂടി ചിന്തിക്കുക. 🚫 ഹലാൽ ഭക്ഷ്യ ഉൽപന്നങ്ങളൊന്നും വാങ്ങരുത്. ഭാരത് മാതാ കി ജയ്.🇮🇳”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആശീര്‍വാദ് ഉൽപ്പന്നങ്ങളിൽ ഹലാൽ ലേബൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് വിവാദങ്ങൾ നിലനിൽക്കുകയും നിര്‍മ്മാതാക്കളായ ഐടിസി കമ്പനി ആരോപണം നിഷേധിച്ച് വിശദീകരണം നൽകുകയും ചെയ്തിരുന്നു എന്ന് കാണാന്‍ കഴിഞ്ഞു. അതനുസരിച്ച്, ഹലാൽ സ്റ്റാമ്പ് ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ആശിർവാദ് ഉൽപ്പന്നങ്ങളിൽ ഹലാൽ സ്റ്റാമ്പ് പതിക്കുമെന്ന് 2020 മെയ് 08 ന് ഐടിസി വിശദീകരണം നല്കിയിട്ടുണ്ട്.

“ഹലാൽ ലോഗോയുള്ള ആശീർവാദ് ആട്ട പായ്ക്ക് ഇന്ത്യയിൽ വിൽക്കുന്നു എന്ന ഈ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റുമാണ്. പാക്കിൽ ഹലാൽ ലോഗോയുടെ സാന്നിധ്യം നിർബന്ധമാക്കുന്ന നിയമങ്ങളുള്ള ഒരു രാജ്യത്ത് വിൽക്കാൻ ഉദ്ദേശിച്ചുള്ള കയറ്റുമതിക്കായുള്ളതാണ് ഈ പായ്ക്ക്. ദയവായി ഇത്തരം കിംവദന്തികളിൽ വീഴരുത്.” എന്നാണ് ട്വീറ്റിന്‍റെ പരിഭാഷ.

അതായത് മിഡില്‍ ഈസ്റ്റ് പോലുള്ള ചില രാജ്യങ്ങളില്‍ ഹലാല്‍ മുദ്രണം ചെയ്ത പാക്കറ്റുകളില്‍ ലഭിക്കുന്ന ഭക്ഷണം പദാര്‍ത്ഥങ്ങള്‍ മാത്രമാണ് ഉപയോഗിക്കുക. മിക്കവാറും ഇന്ത്യന്‍ കമ്പനികള്‍ അവരുടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇത്തരം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ ഹലാല്‍ മുദ്രണം ചെയ്യാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പാക്കറ്റുകളില്‍ മുദ്രണം ഉണ്ടാകില്ല.

ഐ‌ടി‌സി കമ്പനി വിശദീകരണം നല്‍കിയ ശേഷവും ആശീര്‍വാദ് ആട്ട ഹലാല്‍ മുദ്രണം ചെയ്ത് ഇന്ത്യയില്‍ വില്‍ക്കുന്നു എന്ന പ്രചരണം തുടര്‍ന്നപ്പോള്‍ ഒരു ട്വീറ്റിന് മറുപടിയായി അവര്‍ വീണ്ടും വിശദീകരണം നല്‍കിയിരുന്നു.

ഹലാൽ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച്, ഈ കമ്പനി അന്താരാഷ്ട്ര ഹലാൽ സർട്ടിഫിക്കേഷൻ ദാതാവാണ്. ഹിന്ദുസ്ഥാൻ ടൈംസിന്‍റെ റിപ്പോർട്ട് പ്രകാരം ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിലെ ഹലാൽ സാക്ഷ്യപ്പെടുത്തുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നാണ്.

നിഗമനം

ഇന്ത്യയിൽ ഹലാൽ ലേബൽ പതിപ്പിച്ചാണ് ആശിർവാദ് ആട്ട വിൽക്കുന്നത് എന്ന വാർത്ത തെറ്റാണ്. ഹലാൽ മുദ്ര ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ മാത്രമാണ് ഐടിസി ഈ മുദ്ര പതിപ്പിക്കുന്നത്. ആശീര്‍വാദ് ആട്ടയുടെ നിര്‍മ്മാതാക്കളായ ഐ‌ടി‌സി കമ്പനി ഇക്കാര്യം കാലാകാലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആശീര്‍വാദ് ആട്ട പാക്കറ്റില്‍ ഹലാല്‍ മുദ്ര... ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്...

Fact Check By: Vasuki S

Result: False