പഴമയുടെ പ്രൌഡി അവകാശപ്പെടാനില്ലെങ്കിലും ഓണം ഇപ്പൊഴും മലയാളികള്‍ക്ക് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവമാണ്. വള്ളംകളി, അത്തപ്പൂക്കള മത്സരങ്ങൾ, ഘോഷയാത്രകള്‍ വിവിധ വിനോദപരിപാടികള്‍, ഓണസദ്യ എന്നിങ്ങനെ ആഘോഷം സംസ്ഥാനമൊട്ടാകെ പൊടിപൊടിക്കുന്നു. അത്തപ്പൂക്കളമില്ലാതെ ഓണമില്ല മലയാളിക്ക്. പൂക്കളാല്‍ അലംകൃതമാക്കി കേരളത്തില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഓണത്തെ വരവേൽക്കാൻ കേരളത്തിൽ പ്രത്യേകം അലങ്കരിച്ച റെയിൽവേ സ്റ്റേഷന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഓണാഘോഷത്തിനായി ട്രാക്കിൽ പ്രത്യേകം നട്ടുപിടിപ്പിച്ച പൂചെടികളുടെ ഇടയിലൂടെ പുഷ്പങ്ങളുടെ ചിത്രങ്ങള്‍ പെയിന്‍റ് ചെയ്ത തീവണ്ടി കടന്നുപോകുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഓണത്തിന് പ്രത്യേകം അലങ്കരിച്ച കേരളത്തിലെ ഒരു റെയിൽവേ സ്റ്റേഷന്‍റെ ചിത്രമാണിത് എന്ന ഇംഗ്ലിഷ് അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. “നമസ്കാരമുണ്ടെ🙏

എന്റെ പ്രിയ സഹോദരങ്ങളെ.... This is a picture of a railway station in Trivandrum, Kerala specially decorated for Onam. The flowers near the tracks are real and have been planted specially for the occasion. Onam will be celebrated from 20 Aug to 02 Sep 2023”

FB postarchived link

എന്നാല്‍ ഇത് എ‌ഐ ജനറേറ്റഡ് ചിത്രമാണെന്നും യഥാര്‍ഥമല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ വൈറലായ ചിത്രത്തിലെ ട്രെയിന് സമാനമായ ഒരു ചിത്രം pngtree എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിച്ചു. വർണ്ണാഭമായ തായ്‌വാൻ ലോക്കൽ ട്രെയിന്‍ എന്ന് അടിക്കുറിപ്പ് ചിത്രത്തോടൊപ്പമുണ്ട്.

ഈ സൂചന ഉപയോഗിച്ച് വൈറലായ ചിത്രം ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ജപ്പാനിലെ ക്യോട്ടോയിൽ നിന്നുള്ള ട്രെയിന്‍റെ ചിത്രം എഡിറ്റ് ചെയ്താണ് പ്രചരിക്കുന്ന ചിത്രം നിർമ്മിച്ചതെന്ന് വ്യക്തമായി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് കാസർകോട്-തിരുവനന്തപുരം എന്ന ബോർഡ് കണ്ടത്. കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ തിരുവനന്തപുരത്തെ റെയിൽവേ ഡിവിഷൻ ഓഫീസുമായി ബന്ധപ്പെട്ടു. ചിത്രം വ്യാജമാണെന്നും ഇത്തരമൊരു റെയിൽവേ സ്റ്റേഷനും ട്രെയിനും കേരളത്തിൽ നിന്നുള്ളതല്ലെന്നും ദക്ഷിണ റെയിൽവേ സീനിയർ പിആർഒ ഷെബി വ്യക്തമാക്കി. തിരുവനന്തപുരം ഡിവിഷൻ, ദക്ഷിണ റെയിൽവേ ട്വിറ്ററിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നുവെന്ന് അറിയിച്ച് അദ്ദേഹം ഞങ്ങള്‍ക്ക് ട്വീറ്റ് അയച്ചുതന്നു.

ട്വീറ്റ് പരിഭാഷ ഇങ്ങനെ: “വ്യാജ വാർത്താ മുന്നറിയിപ്പ്! വർണ്ണാഭമായ ട്രെയിന്‍റെ എഡിറ്റ് ചെയ്ത ചിത്രം കേരളത്തിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അവകാശവാദം തെറ്റാണ്. ചിത്രത്തിലെ ട്രെയിൻ ജപ്പാനിലെ ക്യോട്ടോയിൽ നിന്നാണ്. വ്യാജവാർത്തകളിൽ വീഴരുത്!”.

കൂടാതെ ചിത്രത്തിൽ ട്രെയിന്‍റെ ഒരു വശത്ത് നിൽക്കുന്നവരെ വിശദമായി നിരീക്ഷിച്ചപ്പോഴാണ് എഡിറ്റ് ചെയ്ത ചിത്രങ്ങളെന്ന് വ്യക്തമായത്. തുടർന്നുള്ള പരിശോധനയിൽ ചിത്രത്തിന്‍റെ ഒരു വശത്ത് COPPER&BLACK എന്ന വാട്ടർമാർക്ക് കണ്ടെത്തി.

ഈ സൂചനയോടെ, ഞങ്ങൾ കൂടുതൽ തിരഞ്ഞപ്പോള്‍, ഇത് യുഎഇയിലെ കോപ്പർ ആൻഡ് ബ്ലാക്ക് പരസ്യ ഏജൻസിയിലെ ജീവനക്കാരനായ അനീഷ് ചാക്കോട്ടിലിന്‍റെ സൃഷ്ടിയാണെന്ന് കണ്ടെത്തി. AI സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്ത ചിത്രമാണിത്. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന കോപ്പർ & ബ്ലാക്ക്, പരസ്യ കമ്പനിയാണ്.

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം:

An AI-Generated Image Goes Viral As A Railway Station In Kerala Is Specially Decorated To Welcome The Onam Festival.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. വൈറൽ ചിത്രം AI ജനറേറ്റഡാണ്. യഥാര്‍ഥമല്ല. ഓണാഘോഷത്തിനായി കേരളത്തില്‍ പ്രത്യേകം പൂക്കളാല്‍ അലങ്കരിച്ച റെയിൽവേ സ്റ്റേഷനും ട്രെയിനുമാണ് ചിത്രത്തില്‍ കാണുന്നതെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:“ഓണക്കാലത്തെ വരവേല്‍ക്കാന്‍ കേരളത്തില്‍ പുഷ്പാലംകൃത റെയിൽവേ സ്റ്റേഷനും ട്രെയിനും” - ചിത്രം AI- ജനറേറ്റഡാണ്

Written By: Vasuki S

Result: False